വോട്ടെടുപ്പ് നടക്കുന്ന 38 സീറ്റിൽ 30ലും ബിജെപി ജയിക്കും; മണിപ്പൂർ മുഖ്യമന്ത്രി
ഇംഫാൽ: മണിപ്പൂരിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 38 സീറ്റിൽ 30ലും ബിജെപി ജയിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. വോട്ട് ചെയ്യാനെത്തിയതിന് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 60 അംഗ അസംബ്ലിയിലെ 38 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതൽ തന്നെ പോളിംഗ് ആരംഭിച്ചിരുന്നു.
തന്റെ മണ്ഡലത്തിലെ 75 ശമാനം വോട്ടും തനിക്ക് തന്നെ ലഭിക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാവിലെ 7.20ന് ഹെയ്‌ൻഗാങ്ങിലെ ശ്രീവാൻ ഹൈസ്‌കൂളിലാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. " ഇംഫാൽ താഴ്‌വരയിലും കുക്കി ഹൃദയഭൂമിയിലും ബിജെപിക്ക് ശക്തമായ വേരോട്ടം ആണ് ഉള്ളത്. ഇത്തവണയും ഞങ്ങൾ ഇവിടെ വിജയിക്കും" അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ അഫ്‌സ്പ പ്രശ്‌നമല്ലെന്നും ചില മലയോര അതിർത്തി പ്രദേശങ്ങൾ ഒഴികെ മിക്കയിടങ്ങളിലും സമാധാനം നിലനിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം തവണയും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ എൻ ബിരേൻ സിംഗ്, നിയമസഭാ സ്പീക്കർ വൈ ഖേംചന്ദ് സിംഗ്, ഉപമുഖ്യമന്ത്രിയും എൻപിപി സ്ഥാനാർത്ഥിയുമായ യുമ്നം ജോയ്കുമാർ, മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ എൻ ലോകേഷ് സിംഗ് എന്നിവരുൾപ്പെടെ 173 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 12,09,439 വോട്ടർമാരാണ് ഇവിടെയുള്ളത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 38 സീറ്റുകളിൽ 10 മണ്ഡലങ്ങൾ ഇംഫാൽ ഈസ്റ്റിലും 13 എണ്ണം ഇംഫാൽ വെസ്റ്റിലും ആറ് വീതം ബിഷ്ണുപുരിലും ചുരാചന്ദ്പൂരിലും മൂന്ന് കാങ്‌പോക്പി ജില്ലയിലുമാണ്.
ആകെയുള്ള 173 സ്ഥാനാർത്ഥികളിൽ 39 പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് മണിപ്പൂർ ചീഫ് ഇലക്ടറൽ ഓഫീസർ രാജേഷ് അഗർവാൾ പറഞ്ഞിരുന്നു. 6,884 പോളിംഗ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. നാഷണൽ പീപ്പിൾസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട്, ലോക് ജനശക്തി പാർട്ടി എന്നിവയുടെ പിന്തുണയോടെയാണ് 2017ൽ മണിപ്പൂരിൽ ബിജെപി സർക്കാർ രൂപീകരിച്ചത്. എന്നാൽ, ഇത്തവണ എല്ലാ സീറ്റുകളിലും ഒറ്റയ്ക്കാണ് ബിജെപി മത്സരിക്കുന്നത്.
സിപിഐ, സിപിഐ(എം), ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി, ജനതാദൾ (സെക്കുലർ) എന്നിവരുമായാണ് കോൺഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. 2017ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ 60ൽ 28 സീറ്റും നേടി ഗ്രാൻഡ് ഓൾഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നിരുന്നു. ബാക്കിയുള്ള 22 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിൽ മാർച്ച് 5 ന് നടക്കും, വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.












Click it and Unblock the Notifications