'ഇന്ത്യ' ഏകോപന സമിതിയിലേക്ക് സിപിഎം ഇല്ല: തീരുമാനത്തിന് പിന്നില്‍ കേരളം
ഡല്‍ഹി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കൂട്ടായി നേരിടുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇന്ത്യ സഖ്യത്തിന് ഏകോപന സമിതി രൂപീകരണത്തില്‍ എതിർപ്പുമായി സിപിഎം. എകോപന സമിതിയിലേക്ക് അംഗത്തെ അയക്കേണ്ടതില്ലെന്നും സി പി എം വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധി വേണ്ടെന്ന തീരുമാനം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമായതിനാല്‍ അതത് സംസ്ഥാനങ്ങളില്‍ ധാരണ മതിയെന്നാണ് സി പി എം നിർദേശം. ഈ സാഹചര്യത്തില്‍ കൃത്യമായ ഒരു മുന്നണിയുടെ ഘടനയിലേക്ക് സഖ്യം പോവേണ്ടതില്ല. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഏകോപന സമിതി അടക്കം ഉണ്ടാക്കി ഒരു മുന്നണി സംവിധാനം ആവശ്യമില്ലെന്നും സി പി എം വിലയിരുത്തുന്നു.

ഭോപ്പാലില്‍ റാലി സംഘടിപ്പിക്കാനുള്ള ഏകോപന സമിതിയുടെ തീരുമാനത്തെ, കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥ് എതിർത്തതും സി പി എം ചൂണ്ടിക്കാട്ടുന്നു. ഡി എം കെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന പരാമർശം മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക കാരണമാണ് കമല്‍ നാഥ് ഇന്ത്യ സഖ്യത്തിന്റെ റാലിയെ എതിർക്കുന്നത്.
ഈ മാസം ആദ്യം മുംബൈയില്‍ നടന്ന യോഗത്തില്‍ കോൺഗ്രസും സിപിഎമ്മും മുഖ്യ എതിരാളികളായ കേരളത്തിൽ ഒരു സഖ്യവും ഉണ്ടാകില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, ഇരു പാർട്ടികൾക്കും പശ്ചിമ ബംഗാളിൽ സീറ്റ് പങ്കിടൽ ധാരണയുണ്ടാകും. ഇരുവരു സംയുക്തമായി സഖ്യത്തിലെ മറ്റൊരു പ്രമുഖ കക്ഷിയായ ടിഎംസിയെ നേരിടും. ബിജെപിക്ക് മുൻതൂക്കമുള്ള ചില സീറ്റുകളിൽ കോൺഗ്രസും സിപിഎമ്മും ചേർന്ന് ഭരണകക്ഷിയായ ടിഎംസിയെ സഹായിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
നിലവില്‍ ഇന്ത്യാ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ 13 അംഗങ്ങളാണുള്ളത്. കെ സി വേണുഗോപാൽ (കോൺഗ്രസ്), ടി ആർ ബാലു (ഡി എം കെ), ഹേമന്ത് സോറൻ (ജെ എം എം), സഞ്ജയ് റാവത്ത് (ശിവസേന-യു ബി ടി), തേജസ്വി യാദവ് (ആർ ജെ ഡി), രാഘവ് ഛദ്ദ (എ എ പി), ജാവേദ് അലി ഖാൻ (എസ് പി), ലാലൻ സിങ് (ജെ ഡി യു) ), ഡി രാജ (സി പി ഐ), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പി ഡി പി), അഭിഷേക് ബാനർജി (ടി എം സി) എന്നിവരാണ് ഏകോപന സമിതിയിലെ അംഗങ്ങള്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ഫോർമുലയെക്കുറിച്ചുള്ള ചർച്ചകൾക്കായുള്ള ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം സെപ്റ്റംബർ 13-ന് എൻസിപി നേതാവ് ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിൽ ചേർന്നിരുന്നു.












Click it and Unblock the Notifications