'ഇത് നിർത്തിയാൽ ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല'; ബുൾഡോസർ രാജിനെതിരെ സുപ്രീംകോടതി, നിർത്തിവയ്ക്കാൻ ഉത്തരവ്
ന്യൂഡൽഹി: രാജ്യത്ത് വിവിധ മേഖലകളിൽ നടന്ന് കൊണ്ടിരിക്കുന്ന ബുൾഡോസർ രാജിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ഒക്ടോബർ ഒന്ന് വരെ ഇത്തരം പൊളിച്ചു നീക്കലുകൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കൊണ്ടാണ് കോടതി ഇതിനെ രൂക്ഷമായി വിമർശിച്ചത്. ഇത്തരം പൊളിച്ചു നീക്കലുകൾ നിർത്തിയാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴാൻ പോവുന്നില്ലെന്നായിരുന്നു സുപ്രീം കോടതി ഇന്ന് ചൂണ്ടിക്കാണിച്ചത്.
ഇക്കാര്യത്തിൽ സർക്കാരിന്റെ ആശങ്കകൾ കോടതി പൂർണമായി തള്ളിക്കളഞ്ഞു എന്നത് ശ്രദ്ധേയമാണ്. പ്രസ്‌തുത ഉത്തരവ് നിയമപരമായി അനുവദിക്കപ്പെട്ട പൊളിച്ചു നീക്കലിനെ ബാധിക്കും എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉന്നയിച്ച ആശങ്ക. ജസ്‌റ്റിസ് ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ആശങ്കകൾ പൂർണമായും തള്ളിക്കളഞ്ഞത്.

ഇത്തരം നടപടികൾ മഹത്വവൽക്കരിക്കുന്നതിനെതിരെ ഉൾപ്പെടെ നേരത്തെയും സുപ്രീം കോടതി രംഗത്ത് വന്നിരുന്നു. ഇതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകുമെന്ന മുന്നറിയിപ്പും പരമോന്നത കോടതി ഇന്ന് നൽകി. പത്ത് വർഷത്തിന് ശേഷം പോളിങ് ബൂത്തിലേക്ക് പോവുന്ന ജമ്മു കാശ്‌മീരും, ബിജെപി കടുത്ത മത്സരം നേരിടുന്ന ഹരിയാനയും ഉൾപ്പെടെ നാലോളം നിർണായക സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതിയുടെ ഈ പരാമർശം.
നിയമവിരുദ്ധമായി പൊളിച്ചു നീക്കപ്പെടുന്ന ഒരു സംഭവം ഉണ്ടായാൽ പോലും അത് ഭരണഘടനയുടെ ധാർമികതയ്ക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് നിലവിലെ ഉത്തരവ് ബാധകമല്ലെന്ന് സുപ്രീം കോടതി പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള ഹർജിയിലായിരുന്നു പരമോന്നത കോടതിയുടെ ശക്തമായ ഇടപെടൽ. ജഹാംഗീർ പുരിയിലെ പൊളിക്കലിനെതിരെ പ്രമുഖ സിപിഎം നേതാവ് വൃന്ദാ കാരാട്ട് നൽകിയ ഹർജി ഉൾപ്പെടെ സുപ്രീം കോടതി പരിഗണിച്ചിരുന്നു.
എന്താണ് ബുൾഡോസർ രാജ്?
ക്രിമിനൽ കേസുകളിൽ പ്രതികളായ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാർപ്പിടമോ വാണിജ്യമോ ആയ കെട്ടിടങ്ങൾ ഉൾപ്പെടെ പൊളിച്ചു നീക്കുന്ന ചില സംസ്ഥാന സർക്കാരുകളുടെ രീതിയാണ് ബുൾഡോസർ രാജ് എന്നറിയപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇത് നിർബാധം തുടർന്ന് പോരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇതിനെ പ്രകീർത്തിക്കുമ്പോഴും ഇക്കാര്യത്തിൽ മനുഷ്യാവകാശ സംഘടനകൾ ശക്തമായ എതിർപ്പാണ് ഉന്നയിക്കുന്നത്.












Click it and Unblock the Notifications