ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വൻ കുതിപ്പുണ്ടാകും; മുന്നറിയിപ്പ്
ദില്ലി; ഇന്ത്യയിൽ ഒമൈക്രോൺ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് കേസുകളിൽ വൻ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്. കാംബ്രിഡ്ജ് യൂനിവേഴ്സിറ്റി വിദഗ്ദരുടേതാണ് മുന്നറിയിപ്പ്. അതേസമയം കേസുകൾ തീവ്രമാവുമെങ്കിലും ഈ ഘട്ടം താരതമ്യേന ചെറുതായിരിക്കുമെന്നും വിദഗ്ദർ പറയുന്നു.
ദൈനംദിന കേസുകളിൽ സ്ഫോടനാത്മകമായ വളർച്ച ഉണ്ടാകും. എന്നാൽ തീവ്രമായ വളർച്ചാ ഘട്ടം താരതമ്യേന ചെറുതായിരിക്കാനും സാധ്യതയുണ്ട്,കോവിഡ്-19 ഇന്ത്യ ട്രാക്കർ വികസിപ്പിച്ച കേംബ്രിഡ്ജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ് സ്കൂളിലെ പ്രൊഫസറായ പോൾ കാട്ടുമൺ പറഞ്ഞു.ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ ഉയരും. എന്നാൽ ദൈനംദിന കേസുകൾ എത്രത്തോളം ഉയരുമെന്ന് പ്രവചിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
ട്രാക്കർ പ്രകാരം ആറ് സംസ്ഥാനങ്ങളിലാകും ആശങ്കയ്ക്ക് വക നൽകുന്ന സാഹചര്യം ഉണ്ടായേക്കുക. പുതിയ കേസുകളിൽ അഞ്ച് ശതമാനത്തിലധികം വളർച്ച കാണിച്ച സംസ്ഥാനങ്ങളാണ് ഇവ. ഡിസംബർ 26 ആയപ്പോഴേക്കും 6 എന്നത് 11 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായും ട്രാക്കർ പറയു്നനു.
ബുധനാഴ്ച രാജ്യത്ത് 9195 പുതിയ കൊവിഡ് കേസുതളാണ് സ്ഥിരീകരിച്ചത്. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ കേസുകൾ 34.8 ദശലക്ഷമായി. ഇതുവരെ മരിച്ചവരുടെ എണ്ണം 480,592 ആണ്. പുതിയ ഒമൈക്രോൺ വകഭേദം 781 ആണ്. എങ്കിലും മൂന്നാം തരംഗം തടയാനുള്ള തീവ്രമായ ശ്രമത്തിലാണ് രാജ്യം.
ഇതിന്റെ ഭാഗമായി ബൂസ്റ്റർ ഡോസുകൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ വിതരണവും ഉടൻ ആരംഭിക്കും. ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ സ്ഥിരീകരിച്ച ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇവിടെ സ്കൂളുകളും ജിമ്മുകളും അടച്ചിട്ടുണ്ട് . ഒത്തുചേരലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മുതൽ അഞ്ച് വരെ നൈറ്റ് കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഒമൈക്രോൺ കേസുകൾ-ദില്ലി-238, മഹാരാഷ്ട്ര-167,ഗുജറാത്ത്- 73, കേരളം -65, തെലങ്കാന- 62, രാജസ്ഥാൻ -46, കർണാടക- 34, തമിഴ്നാട്- 34, ഹരിയാന-12, പശ്ചിമ ബംഗാൾ- 11, മധ്യപ്രദേശ് 9, ഒഡീഷ് -8, ആന്ധ്രാ പ്രദേശ്- 6, ഉത്തരാഖണ്ഡ്- 4, ചണ്ഡീഗഡ്- 3, ജമ്മു കാശ്മീർ -3, ഉത്തർപ്രദേശ്- 2, ഗോവ, ഹിമാചൽ പ്രദേശ്, ലഡാക്ക്, മണിപ്പൂർ എന്നിവിടങ്ങളിൽ ഒന്ന് വീതം കേസുകളുമാണ് സ്ഥിരീകരിച്ചത്.