'ബിജെപിക്ക് വോട്ട് ചെയ്യുന്നവർ രാക്ഷസൻമാർ'; സുർജേവാലയുടെ പരാമർശം വിവാദത്തിൽ
ഡൽഹി: ബി ജെ പിക്ക് വോട്ട് ചെയ്യുന്നവർ പിശാചുക്കളാണെന്ന കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലയുടെ പരാമർശം വിവാദത്തിൽ. ഹരിയാനയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു സുര്‍ജേവാലയുടെ വിവാദ പരാമര്‍ശം. പരാമർശത്തിൽ സുർജേവാലയ്ക്കെതിരെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.
'ബി ജെ പിയും ജെ ജെ പിയും പിശാചുക്കളുടെ പാർട്ടിയാണ്. ബി ജെ പിക്ക് വോട്ടു ചെയ്യുന്നവരും അവരെ പിന്തുണക്കുന്നവരും ദുഷ്ടൻമാരാണ്', എന്നായിരുന്നു സുർജേവാല പ്രസംഗത്തിൽ പറഞ്ഞത്. യുവാക്കൾക്ക് അവസരം ലഭിക്കുന്നില്ല, ഈ സർക്കാർ അവരുടെ ഭാവിയുമായി കളിക്കുകയാണ്. അതുകൊണ്ടാണ് ഈ യുവാക്കൾക്ക് നീതി തേടി ഞങ്ങൾ 17 കിലോമീറ്റർ കാൽനടയായി പോയത്. പരീക്ഷയെഴുതാനുള്ള അവരുടെ അവസരം പോലും നിങ്ങൾ തട്ടിയെടുക്കുകയാണ്. ഈ മഹാഭാരത മണ്ണിൽ വെച്ച് ഞാൻ ബി ജെ പിക്കാരെ ശപിക്കുകയാണ്', സുർജേവാല പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ ബി ജെ പി രംഗത്തെത്തി.

ഇത്തരത്തിലുള്ള നിരുത്തരവാദിത്തപരമായ പ്രസ്താവനകൾ കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുത്തുകയാണ് എന്നായിരുന്നു കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയുടെ പ്രതീകരണം. 'കോൺഗ്രസിന് അവരുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനിയും പ്രതിപക്ഷത്ത് തന്നെ തുടരാമെന്നാണ് അവർ തീരുമാനിച്ചിരിക്കുന്നതെന്ന് ഇപ്പോൾ മനസിലാകുന്നു', പുരി പറഞ്ഞു. ബി ജെ പി ദേശീയ വക്താവ് സംബിത് പത്രയും സുർജേവാലയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി. തങ്ങൾക്ക് വോട്ട് ചെയ്ത ജനങ്ങളെയാണ് ഇപ്പോൾ കോൺഗ്രസ് പരിഹസിക്കുന്നത് എന്നായിരുന്നു സാംബിത് പാത്ര പറഞ്ഞത്.
രാജകുമാരനെ വീണ്ടും വീണ്ടും അവതരിപ്പിച്ച് പരാജയപ്പെട്ട കോൺഗ്രസ് ഇപ്പോൾ പൊതുജനങ്ങളെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുകയാണ്. ബി ജെ പിയേയും പ്രധാനമന്ത്രിയേയും കണ്ണടച്ച് വിമർശിക്കുന്ന സുർജേവല പറയുന്നത് ബി ജെ പിക്ക് വോട്ട് ചെയ്യുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നവർ പിശാചുക്കൾ ആണെന്നാണ്', സാംബിത് പാത്ര പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സുർജേവാലയെ വിമർശിച്ചു. പൊതുജനങ്ങൾ രാക്ഷസൻമാരാണെന്ന് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വിശ്വസിക്കുന്നുണ്ടോയെന്നായുരുന്നു ചൗഹാന്റെ ചോദ്യം. മധ്യപ്രദേശ് എനിക്ക് ക്ഷേത്രം എന്റെ പിന്തുണച്ച ജനങ്ങൾ ദൈവങ്ങളും ആ ദൈവങ്ങളെയാണ് ഞങ്ങൾ ആരാധിക്കുന്നത്', ചൗഹാൻ പറഞ്ഞു.












Click it and Unblock the Notifications