'സിപിഎമ്മിനും കോണ്‍ഗ്രസിനും ഒപ്പമില്ല, പ്രതിപക്ഷത്തിരിക്കും'; പ്രദ്യോത്
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ചപ്രടനം കാഴ്ചവെച്ചതിന് പിന്നാലെ, നിലപാട് വ്യക്തമാക്കി ടിപ്ര മോത പാർട്ടി നേതാവ്

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ചപ്രടനം കാഴ്ചവെച്ചതിന് പിന്നാലെ, നിലപാട് വ്യക്തമാക്കി ടിപ്ര മോത പാർട്ടി നേതാവ് പ്രദ്യോത് മാണിക്യ ദേബ് ബർമ. പ്രതിപക്ഷത്തിരിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ' ഞങ്ങളാണ് രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി. അതിനാൽ പ്രതിപക്ഷത്ത് ഇരിക്കാൻ തീരുമാനിച്ചു. പക്ഷേ, സിപിഎമ്മിനും കോൺഗ്രസിനും ഒപ്പമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ രണ്ടാമത്തെ വലിയ കക്ഷിയാണ്, അതിനാൽ ഞങ്ങൾ ക്രിയാത്മക പ്രതിപക്ഷത്ത് ഇരിക്കും, എന്നാൽ സിപിഎമ്മിനോടോ കോൺഗ്രസിനോടോ ഒപ്പം ഇരിക്കില്ല. ഞങ്ങൾക്ക് സ്വതന്ത്രമായി ഇരിക്കാം. അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങൾ സർക്കാരിനെ സഹായിക്കും," ദേബ്ബർമ പറഞ്ഞു
'കോൺഗ്രസ് എന്റെ മാതൃസംഘടനയാണ്. ഇപ്പോൾ ഞങ്ങൾ വിജയിച്ചു. കോൺഗ്രസിന് വെറും മൂന്ന് സീറ്റാണ് ലഭിച്ചത്. എന്നെപ്പോലുള്ളവർ കോൺഗ്രസ് വിടുന്നത് എന്തുകൊണ്ടാണ് എന്ന് എഐസിസി പരിശോധിക്കണം. എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അന്ന് കോൺഗ്രസ് കരുതിക്കാണണം. അവർക്ക് പിഴച്ചു'- അദ്ദേഹം കൂട്ടിച്ചേർത്തു.
2019-ൽ ത്രിപുര കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഷ്ട്രീയേതര തിപ്രഹ ഇൻഡിജിനസ് പ്രോഗ്രസീവ് റീജിയണൽ അലയൻസ് (ടിപ്ര) രൂപീകരിച്ചു .2021 ഫെബ്രുവരിയിൽ, ടിപ്ര ഒരു രാഷ്ട്രീയ സംഘടനയായി രൂപാന്തരപ്പെട്ടു - ടിപ്ര മോത പാർട്ടി.
തിരഞ്ഞെടുപ്പിൽ നിർണായക പ്രകടനം കാഴ്ചവച്ച തിപ്ര മോത്തയ്ക്ക് 13 സീറ്റുകൾ ലഭിച്ചു. സിപിഎം-കോൺഗ്രസ് സഖ്യത്തിന് 14 സീറ്റാണ് ലഭിച്ചത്. അതേസമയം, ബിജെപി സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചു. മുഖ്യമന്ത്രി മണിക് സാഹ തന്നെയായിരിക്കും വീണ്ടും സർക്കാരിനെ നയിക്കുക എന്നാണ് സൂചന. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 39 ശതമാനം വോട്ട് ഷെയറോടെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) 32 സീറ്റുകൾ നേടി. 13 സീറ്റുകൾ നേടി ടിപ്ര മോത പാർട്ടി രണ്ടാമതെത്തി.












Click it and Unblock the Notifications