രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തൃണമൂല്‍ എംപിമാര്‍ കാണും, സുവേന്ദുവിനെതിരെ വന്‍ നീക്കം
ദില്ലി: സുവേന്ദു അധികാരിക്കെതിരെ കടുത്ത നീക്കവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ സുവേന്ദു കണ്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇതിലുള്ള പ്രതിഷേധം രാഷ്ട്രപതി രാംനാഥിനെ കോവിന്ദിനെ അറിയിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ അദ്ദേഹത്തെ കാണുന്നത്. തിങ്കളാഴ്ച്ചയാണ് രാഷ്ട്രപതിയെ കാണുകയെന്ന് ടിഎംസിയുടെ രാജ്യസഭാ എംപി സുഖേന്ദു ശേകര്‍ റോയ് പറഞ്ഞു. സുഖേന്ദുവും ലോക്‌സഭാ എംപി മഹുവ മൊയിത്രയും ചേര്‍ന്നാണ് രാഷ്ട്രപതിയെ കാണുക.

ക്രിമിനില്‍ കേസുകളില്‍ ഉള്‍പ്പെട്ട എല്ലാവരെയും വീട്ടില്‍ ഇരുത്തി ചായ കൊടുക്കാറുണ്ടോയെന്ന് സുഖേന്ദു ചോദിച്ചു. യാതൊരു അടുപ്പവുമില്ലാതെ ഒരു ആരോപണ വിധേയന്‍ സോളിസിറ്റര്‍ ജനറലിന്റെ വീട്ടില്‍ പോകുമോയെന്നും സുഖേന്ദു ചോദിച്ചു. നേരത്തെ ടിഎംസി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. സോളിസിറ്റര്‍ ജനറലിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു ആവശ്യം. അതേസമയം തങ്ങള്‍ തമ്മില്‍ നേരിട്ട് കണ്ടിട്ടില്ലെന്നായിരുന്നു സുവേന്ദുവും തുഷാര്‍ മേത്തയും വിശദീകരിച്ചത്.
അതേസമയം സോളിസിറ്റര്‍ ജനറലിന്റെ വീട് സുവേന്ദു സന്ദര്‍ശിച്ചിരുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ ഇരുവരും കണ്ടോയെന്ന് മാത്രം ഉറപ്പില്ല. സിബിഐക്ക് വേണ്ടി നാരദകേസില്‍ ഹാജരാവുന്നത് തുഷാര്‍ മേത്തയാണ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അദ്ദേഹം തന്നെയാണ് ഹാജരാവുന്നത്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ ഉപദേഷ്ടാവും അദ്ദേഹമാണ്. കേസില്‍ സോളിസിറ്റര്‍ ജനറലിനെ സ്വാധീനിക്കുകയാണ് ലക്ഷ്യമെന്ന് തൃണമൂല്‍ ആരോപിക്കുന്നു.
Recommended Video
ഇതിനിടെ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചും തൃണമൂല്‍ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് യാതൊരു തടസ്സവും തൃണമൂല്‍ ഉന്നയിക്കില്ലെന്ന് സുഖേന്ദു ശേഖര്‍ റോയ് പറഞ്ഞു. നവംബറിന് മുന്നേ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കേണ്ടതുണ്ട് മമതാ ബാനര്‍ജിക്ക്. നന്ദിഗ്രാമില്‍ നിന്ന് അവര്‍ തോറ്റെങ്കിലും തൃണമൂല്‍ വന്‍ ജയം ബംഗാളില്‍ നേടിയിരുന്നു. തിരാത് സിംഗ് റാവത്ത് രാജിവെച്ച സാഹചര്യത്തിലാണ് മമതയുടെ കാര്യം ചര്‍ച്ചയാവുന്നത്. ഇപ്പോള്‍ രണ്ട് ശതമാനം മാത്രമാണ് കൊവിഡ് ബംഗാളില്‍ ഉള്ളതെന്ന് സുഖേന്ദു പറഞ്ഞു.












Click it and Unblock the Notifications