കൊറോണയകറ്റാന്‍ മനുഷ്യബലി നടത്തിയ പൂജാരി അറസ്റ്റില്‍;ദൈവം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞതെന്ന്
കട്ടക്ക്: കൊറോണ വൈറസിന്‍റെ വ്യാപനം അവസാനിപ്പിക്കുന്നതിനും ദേവന്‍മാരെ പ്രീതിപ്പെടുത്തുന്നതിനുമായി മനുഷ്യ ബലി നടത്തിയ പുരോഹിതന്‍ അറസ്റ്റില്‍. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. നരസിംഗ്പൂർ പോലീസ് സ്റ്റേഷന് സമീപത്തുള്ള ബന്ദഹൂഡ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് ഗ്രാമീണന്‍റെ തലയറുത്ത് പുരോഹിതന്‍ ബലിയര്‍പ്പിച്ചത്. സംഭവത്തില്‍ ബന്ദ മാ ബുദ്ധ ബ്രാഹ്മണി ദേ ക്ഷേത്രത്തിലെ പുരോഹിതനായ സൻസാരി ഓജ (72) യെ പോലീസ് അറസ്റ്റ് ചെയ്തു.
ബലി നടത്തിയ ഉടന്‍ ഇയാൾ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സരോജ് കുമാർ പ്രധാൻ (52)എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. 'ബലി' സംബന്ധിച്ച് ക്ഷേത്രത്തിൽ വച്ച് പ്രധാനും താനും തമ്മിൽ തർക്കമുണ്ടായതായി പ്രതി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. തര്‍ക്കം
വാദം രൂക്ഷമായപ്പോൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രധാനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്ന.

സ്വപ്നത്തിലൂടെ 'ദൈവത്തിൽ നിന്നുള്ള ഉത്തരവുകൾ' സ്വീകരിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നും ഓജ പറയുന്നു, മനുഷ്യബലി കൊറോണ വൈറസിനെ അകറ്റുമെന്ന് ദൈവത്തിന്‍റെ ഉത്തരവില്‍ പറഞ്ഞിരുന്നു. അതിനാലാണ് ക്ഷേത്രത്തില്‍ വെച്ച് ബലി നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. കൊലപാതകത്തിനായി ഉപയോഗിച്ച കോടാലി പോലീസ് കണ്ടെടത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.
അതേസമയം, ഗ്രാമത്തിന്റെ ചുറ്റുവട്ടത്തുള്ള ഒരു മാമ്പഴത്തോട്ടവുമായി ബന്ധപ്പെട്ട് പുരോഹിതനും മരണപ്പെട്ടയാളുമായി ദീർഘകാലമായി തർക്കമുണ്ടായിരുന്നുവെന്നാണ് ബന്ദഹൂഡ ഗ്രാമവാസികൾ പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. 'സംഭവസമയത്ത് പ്രതി അമിതമായി മദ്യപിച്ചിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പിറ്റേന്ന് രാവിലെ ബോധം വന്നപ്പോൾ അദ്ദേഹം പോലീസില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു' - സെൻട്രൽ റേഞ്ച് പോലീസ് ഡിഐജി ആശിഷ് കുമാർ സിംഗ് പറഞ്ഞു. പുരോഹിതന് മാനസികപ്രശ്നങ്ങള്‍ ഉള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications