250ൽ തൊട്ട് തക്കാളി വില; നട്ടംതിരിഞ്ഞ് മക്ഡൊണാൾഡ്സും; ഒടുവിൽ കടുത്ത തീരുമാനം!
ന്യൂഡൽഹി: ഈ കുഞ്ഞൻ തക്കാളി ഒറ്റ ദിവസം കൊണ്ട് വിഐപി ആകുമെന്ന് ആരെങ്കിലും കരുതിയിരുന്നോ! ഒറ്റയടിക്കല്ലേ 100ലേക്ക് കുതിച്ചത്. പിന്നീട് ഈ നേരം വരെ ആ കുതിപ്പ് നിന്നിട്ടില്ല. ചില സംസ്ഥാനങ്ങളിൽ പെട്രോളിനെക്കാളും വില ഇപ്പോൾ തക്കാളിക്കാണ്.
ഇന്നലെ വരെ പല നഗരങ്ങളിലും 160 രൂപ വരെയൊക്കെയായിരുന്നു ഒരു കിലോ തക്കാളിയുടെ വില. എന്നാൽ ഇപ്പോൾ ഈ സംസ്ഥാനത്ത് തക്കാളി വില 250 ൽ എത്തിനിൽക്കുകയാണ്. ഉത്തരാഖണ്ഡിലാണ് തക്കാളിയുടെ വില 250 ൽ എത്തിയത്. ഉത്തരാഖണ്ഡിലെ ഗംഗോത്രിധാമിൽ കിലോയ്ക്ക് 250 രൂപയാണ് തക്കാളിക്ക് വില വരുന്നത്.

ഉത്തർകാശിയിൽ 180 ൽ നിന്ന് 200ലേക്ക് എത്തി. ഉത്തരാകാശിയിലെ തക്കാളിയുടെ വിലക്കയറ്റത്തിന്റെ ഭാരം ഉപഭോക്താക്കൾ വഹിക്കേണ്ടി വരുന്നെന്നും ആളുകൾ അവ വാങ്ങാൻ പോലും തയ്യാറല്ലെന്നും ആണ് കച്ചവടക്കാർ പറയുന്നത്. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിൽ തക്കാളി കിലോയ്ക്ക് 200 മുതൽ 250 രൂപ വരെയാണെന്നും ഇവർ പറയുന്നു.
ചെന്നൈയിൽ ഇപ്പോൾ തക്കാളി കിലോയ്ക്ക് 100-130 രൂപയ്ക്കാണ് വിൽക്കുന്നത്. വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അൽപം ആശ്വാസം നൽകുന്നതിനായി തമിഴ്‌നാട് സർക്കാർ ചെന്നൈയിലെ റേഷൻ കടകളിൽ കിലോയ്ക്ക് 60 രൂപ സബ്‌സിഡി നിരക്കിൽ തക്കാളി വിൽക്കാൻ തുടങ്ങി. ഒരു കിലോയാണ് ഒരാൾക്ക് ലഭിക്കുക.
പല സംസ്ഥാനങ്ങളെയും പോലെ കർണാടകയിലും തക്കാളി വില കുതിച്ച് ഉയരുകയാണ്. ബെംഗളൂരുവിൽ തക്കാളി വില കിലോഗ്രാമിന് 101 രൂപ മുതൽ 121 രൂപ വരെയാണ്. കഠിനമായ ചൂടും ശക്തമായ മഴയുമൊക്കെ തക്കാളിയുടെ ഉൽപ്പാദനം കുറയാൻ കാരണമായി.
പെട്ടെന്നുള്ള വിലക്കയറ്റത്തിനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത് ഇതാണ്. തക്കാളിക്ക് വില കൂടിയതിന് പിന്നാലെ സാധരാണക്കാരുടെ അടുക്കളിയിൽ തക്കാളി അന്യമായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം തക്കളി വില മൂലം സാധാരണക്കാർ മാത്രമല്ല പൊറുതി മുട്ടിയത് മക്‌ഡൊണാൾഡ് പോലും തക്കാളി ഇല്ലാത്ത വിഭവങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. തക്കാളി വില കുതിച്ചുയർന്നതോടെ, തങ്ങളുടെ ഉൽപ്പന്നങ്ങൾക്കൊപ്പം തക്കാളി വിളമ്പാൻ കഴിയില്ലെന്ന് കാണിച്ച് ഡൽഹിയിലെ മക്‌ഡൊണാൾഡ്‌സ് നോട്ടീസ് ഇറക്കി.
തക്കാളി ആവശ്യത്തിന് കിട്ടാത്തത് കൊണ്ടാണ് തങ്ങളുടെ വിഭങ്ങളിൽ നിന്ന് തക്കാളി ഒഴിവാക്കുന്നത് എന്നാണ് മക് ഡൊണാൽസ് പറയുന്നത്. ആവശ്യത്തിന് തക്കാളി ലഭ്യമാക്കാൻ ശ്രമം തുടരുന്നുണ്ടെന്നും കമ്പനി പറഞ്ഞു.
തക്കാളി വില കുതിച്ചുയരുന്നതോടെ കള്ളന്മാർ ഇപ്പോൾ കണ്ണ് വെച്ചിരിക്കുന്നത് തക്കാളിയിലാണ്. കർണാടകയിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ തക്കാളിയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. 60 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 50 കിലോ ഗ്രാം തക്കാളി ആണ് മോഷ്ടാക്കൾ കടത്തിയത്












Click it and Unblock the Notifications