തെലങ്കാനയില്‍ കാർ തടാകത്തിലേക്ക് മറിഞ്ഞ് 5 യുവാക്കള്‍ മരിച്ചു: വീട്ടില്‍ നിന്നും ഇറങ്ങിയത് മദ്യപിക്കാനായി
ഹൈദരാബാദ്: തെലങ്കാനയില്‍ കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് മരണം. യാദാദ്രി ഭോങ്കിർ ജില്ലയിലെ ഭൂദാൻ പോച്ചംപള്ളിക്ക് സമീപം ജലാൽപൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കുക്കളായ ആറുപേർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈദരാബാദിലെ എൽ ബി നഗർ പ്രദേശത്ത് നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാത്രി വൈകി വീട്ടില്‍ നിന്നും ഇറങ്ങിയ ഇവർ രാവിലെ എടുക്കുന്ന കള്ള് കുടിക്കാനാണ് ജലാൽപൂരിലേക്ക് എത്തിയത്. വംശി (23), ദിഗ്നേഷ് (21), ഹർഷ (21), ബാലു (19), വിനയ് (21) എന്നിവരാണ് മരണപ്പെട്ടത്. മണികാന്ത് (21) പരിക്കുകളോടെ രക്ഷപ്പെട്ടു.

'മരിച്ചവരുടെ മൃതദേഹങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം അവരുടെ കുടുംബങ്ങൾക്ക് വിട്ടുകൊടുക്കും. അപകടത്തിൻ്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്' എന്ന് തെലങ്കാന പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ തടാകത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
വിവരം അറിഞ്ഞ് എത്തിയ തെലങ്കാന പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ആളുകളെ പുറത്തെടുത്തത്. പൊലീസും നാട്ടുകാരും ചേർന്ന് തടാകത്തില്‍ നിന്നും കാർ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications