ബംഗാളല്ല ത്രിപുര... മമതയ്ക്ക് എളുപ്പമാകില്ല, കെജ്രിവാള്‍ തന്നെയോ നേതാവ്? എക്‌സിറ്റ് പോള്‍ നല്‍കുന്ന സൂചനയെന്ത്
ബംഗാളില്‍ ഇടത് തുടര്‍ഭരണം അവസാനിപ്പിച്ചാണ് തൃണമൂല്‍ അധികാരം പിടിക്കുന്നത്. സമാന തന്ത്രമാണ് ത്രിപുരയിലും മമത പയറ്റാന്‍ നോക്കുന്നത്

അഗര്‍ത്തല: ത്രിപുരയില്‍ ബി ജെ പി അധികാരം നിലനിര്‍ത്തും എന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. സി പി എം - കോണ്‍ഗ്രസ് സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല എന്നും എന്നാല്‍ പ്രദ്യോത് ബിക്രം മാണിക്യ ദെബ്ബര്‍മയുടെ നേതൃത്വത്തിലുള്ള ടിപ്ര മോത പാര്‍ട്ടി സംസ്ഥാനത്ത് വരവ് അറിയിക്കും എന്നുമാണ് എക്‌സിറ്റ് പോളുകള്‍ എല്ലാം പറയുന്നത്.
ബി ജെ പിക്ക് 36 മുതല്‍ 45 സീറ്റ് വരെ ത്രിപുരയില്‍ ലഭിക്കും എന്നാണ് ഇന്ത്യാ ടുഡേ ആക്‌സിസ് പോള്‍ ഫലം പറയുന്നത്. സി പി എം - കോണ്‍ഗ്രസ് സഖ്യത്തിന് ആറ് മുതല്‍ 11 വരെ സീറ്റും ടിപ്ര മോതക്ക് ഒമ്പത് മുതല്‍ 16 വരെ സീറ്റും ആണ് ഇന്ത്യാ ടുഡേ - ആക്‌സിസ് പോള്‍ സര്‍വെ പ്രവചിക്കുന്നത്. എന്നാല്‍ ത്രിപുരയിലെ എക്‌സിറ്റ് പോളുകളൊന്നും തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സാധ്യതയും പ്രവചിക്കുന്നില്ല.

മത്സരിച്ചത് 28 സീറ്റില്‍
2008 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് തങ്ങളുടെ കാല്‍പ്പാട് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിനായി മമത ബാനര്‍ജി സംസ്ഥാനത്ത് അഹോരാത്രം ശ്രമിക്കുന്നുമുണ്ട്. ഇത്തവണ 28 സീറ്റുകളില്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ എക്‌സിറ്റ് പോളുകളൊന്നും തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനാകും എന്ന് പ്രവചിക്കുന്നില്ല.

ബംഗാളിനെ പോലെയല്ല ത്രിപുര
35 വര്‍ഷം നീണ്ട കമ്യൂണിസ്റ്റ് ഭരണം പശ്ചിമ ബംഗാളില്‍ അവസാനിപ്പിച്ചത് പോലെ ത്രിപുരയിലും ഇടത് ഭരണം അവസാനിപ്പിക്കുക എന്നതായിരുന്നു മമതയുടെ ലക്ഷ്യം. ഇതിനായി ബി ജെ പിക്കും പതിറ്റാണ്ട് മുന്‍പ് മമത പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 2011 ല്‍ പശ്ചിമ ബംഗാളില്‍ ലഭിച്ച വിജയം ഊര്‍ജമാക്കി ത്രിപുരയിലും മമത നന്നായി വിയര്‍പ്പൊഴുക്കി. എന്നാല്‍ 2008 മുതല്‍ ഇതുവരെ സംസ്ഥാനത്ത് നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ച വോട്ട് വിഹിതം രണ്ട് ശതമാനത്തില്‍ താഴെയാണ്.

ത്രിപുരയില്‍ കണ്ണെറിഞ്ഞതിന് പിന്നില്‍
ദേശീയ തലത്തില്‍ വിപുലീകരിക്കാന്‍ മോഹിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ത്രിപുരയെ ഒരു സാധ്യതയുള്ള സംസ്ഥാനമായി കണ്ടതിന് നിരവധി കാരണങ്ങളുണ്ട്. പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഭൂരിഭാഗം ആളുകളും ബംഗ്ലാ ആണ് സംസാരിക്കുന്നത്. വിഭജനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ നിന്നും വേര്‍പെട്ട ബംഗാളി ഹിന്ദു അഭയാര്‍ത്ഥികള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും താമസിക്കുന്നുണ്ട്.

സാധ്യതകള്‍ ഇങ്ങനെ
ത്രിപുരയിലെ 30 ശതമാനം ജനങ്ങളും ഗോത്രവര്‍ഗക്കാരും ബാക്കിയുള്ളവര്‍ ബംഗാളികളുമാണ്. ഇവരില്‍ തന്നെ ഭൂരിഭാഗവും കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരുമാണ്. ഇതെല്ലാം മുന്നില്‍ കണ്ടാണ് ത്രിപുര, തങ്ങളുടെ പ്രവര്‍ത്തന മണ്ഡലമാക്കി വളര്‍ത്താന്‍ മമത ബാനര്‍ജി തയ്യാറെടുത്തത്. എന്നാല്‍ ത്രിപുര തൃണമൂലിന് പെട്ടെന്ന് ഉഴുതുമറിക്കാന്‍ പറ്റിയ മണ്ണല്ല എന്നാണ് ഈ തെരഞ്ഞെടുപ്പും വിധിയെഴുതുക എന്നാണ് കണക്കുകൂട്ടല്‍.

ലക്ഷ്യം മോദി vs ദീദി ഇമേജ്
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ വെല്ലുവിളിക്കുന്ന നേതാവ് എന്ന നിലയില്‍ ഉയരാനാണ് മമത ബാനര്‍ജി ശ്രമിക്കുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യാപനം ഏറെക്കുറെ പശ്ചിമ ബംഗാളില്‍ മാത്രമായി പരിമിതപ്പെട്ട നിലയിലാണ്. ഏറെ കൊട്ടിഘോഷിച്ചിട്ടും കഴിഞ്ഞ വര്‍ഷം നടന്ന ഗോവ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് മികച്ച പ്രകടനം കാഴ്ച വെക്കാനായിരുന്നില്ല.

കരുത്തരാകുന്ന ആം ആദ്മി
എന്നാല്‍ ആം ആദ്മി കഴിഞ്ഞ കുറെ നാളുകളായി ബി ജെ പിയെ വിശിഷ്യ മോദിയെ മുഖാമുഖം നേരിടുന്ന പാര്‍ട്ടിയാണ് തങ്ങള്‍ എന്ന പ്രതീതി ഉണ്ടാക്കുന്നുമുണ്ട്. ഇതിന് ഊര്‍ജം നല്‍കുന്ന തരത്തില്‍ രണ്ട് സംസ്ഥാനത്ത് ഭരണവും ആം ആദ്മിക്കുണ്ട്. ബി ജെ പിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ രണ്ട് സംസ്ഥാനത്ത് മുഖ്യമന്ത്രിമാരുള്ള രാജ്യത്തെ ഏക പാര്‍ട്ടി ആം ആദ്മിയാണ് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.












Click it and Unblock the Notifications