ത്രിപുരയിൽ അടിതെറ്റി ഐപിഎഫ്ടി; ഗോത്ര വോട്ടിൽ കണ്ണുനട്ട ബിജെപിക്കും പണികൊടുത്ത് തിപ്ര മോത്ത
ഗോത്ര വർഗ പാർട്ടിയായ ഐ പി എഫ് ടി ആറ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്

ദില്ലി: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ രണ്ടാം തവണയും ത്രിപുരയിൽ അധികാരം നിലനിർത്തിയിരിക്കുകയാണ് ബി ജെ പി സഖ്യം. കേവല ഭൂരിപക്ഷം ഉറപ്പിച്ച് 33 ഓളം സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. കോൺഗസ്-ഇടത് സഖ്യം ഒരു ഘട്ടത്തിൽ മത്സരം കടുപ്പിച്ചെങ്കിലും പിന്നീട് പുറകിലേക്ക് പോയി.
എന്നാൽ ത്രിപുരയിൽ ഇത്തവണ ബി ജെ പിയെ വിറപ്പിച്ചത് പ്രദ്യോത് ദേബ് ബർമ്മന്റെ നേതൃത്വത്തിലുള്ള തിപ്ര മോത്തയാണെന്ന് പറയേണ്ടി വരും. ആദിവാസി മേഖലയിൽ നിർണായക ശക്തിയായി മാറിയ തിപ്ര ബി ജെ പിയുടെ സഖ്യകക്ഷിയായ ഐ പി എഫ് ടിയുടെ വോട്ടുകൾ കൂടെയാണ് കീശയിലാക്കിയത്.

ഐ പി എഫ് ടിയുടെ പങ്ക് നിർണായകമായിരുന്നു
2018 ൽ ഇടത് കോട്ടയിൽ സി പി എമ്മിനെ തൂത്തെറിഞ്ഞ് ബി ജെ പി ഭരണം പിടിച്ചതിന് പിന്നിൽ ഐ പി എഫ് ടി എന്ന ഗോത്ര വർഗ പാർട്ടിയുടെ പങ്ക് നിർണായകമായിരുന്നു. അന്ന് ആദിവാസി മേഖലയ്ക്കായി സംവരണം ചെയ്ത സീറ്റുകളിൽ പത്തെണ്ണമായിരുന്നു ബി ജെ പി പിടിച്ചെടുത്തത്. ഐ പി എഫ് ടി എട്ടിടത്തും വിജയിച്ചു. മേഖലയിൽ വൻ സ്വാധീനമുണ്ടായിരുന്ന സി പി എം അന്ന് രണ്ട് സീറ്റിലേക്ക് ചുരുങ്ങി.

ഐ പി എഫ് ടിയുമായി ബി ജെ പി സഖ്യമുണ്ടാക്കിയേക്കില്ലെന്നായിരുന്നു
അതേസമയം ഇത്തവണ ഐ പി എഫ് ടിയുമായി ബി ജെ പി സഖ്യമുണ്ടാക്കിയേക്കില്ലെന്നായിരുന്നു തുടക്കത്തിൽ വിലയിരുത്തപ്പെട്ടത്. തനിച്ച് മത്സരിക്കുമെന്ന സൂചനയും ബി ജെ പി നൽകിയിരുന്നു. ഇതോടെ പ്രദ്യോദ് ദേബ് ബർമ്മന്റെ തിപ്ര മോത്തയുമായി ഐ പി എഫ് ടി ലയന ചർച്ചകൾ ആരംഭിച്ചിരുന്നു. അപകടം മണത്ത ബി ജെ പി അവസാന നിമിഷം ഇടപെടുകയും ഐ പി എഫ് ടിയുമായി സഖ്യം ഉറപ്പാക്കുകയും ചെയ്തു. എന്നാൽ ഐ പി എഫ് ടിയിലൂടെ ഇത്തവണ നേട്ടമുണ്ടാക്കാൻ ബി ജെ പിക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല കനത്ത ക്ഷീണമാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്.6 സീറ്റുകളിൽ മാത്രമാണ് ഐ പി എഫ് ടി ലീഡ് ചെയ്യുന്നത്. ഐ പി എഫ് ടി പകരം ഗോത്രവോട്ടുകൾ ഭൂരിഭാഗവും തിപ്രയിലേക്ക് ഒഴുകുന്നതായിരുന്നു കാഴ്ച.

ഐ പി എഫ് ടി വോട്ട് നേടിയത്
ആദിവാസി വിഭാഗത്തിന് പ്രത്യേക സംസ്ഥനമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ തിപ്ര മോത്രയ്ക്കൊപ്പമാണ് ആദിവാസി ജനത ഇത്തവണ ഉറച്ച് നിന്നത്. 2018 ൽ ഇതേ ആവശ്യം ഉയർത്തി കൊണ്ടായിരുന്നു ഐ പി എഫ് ടി വോട്ട് നേടിയത്. എന്നാൽ ഈ വാഗ്ദാനം നിറവേറ്റുന്നതിൽ ഐ പി എഫ് ടി പരാജയപ്പെട്ടതാണ് തിപ്ര മോത്തയെ പിന്തുണയ്ക്കാൻ ആദിവാസി വിഭാഗത്തെ പ്രേരിപ്പിച്ചത്. 42 സീറ്റിൽ മത്സരിച്ച തിപ്ര മോത്ത നിലവിൽ 12 സീറ്റുകളിലാണ് മുന്നിൽ എത്തിയത്.

രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കുന്നത്
കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച പ്രദ്യോദ് ദേബ്ബർമ്മയുടെ നേതൃത്വത്തിൽ 2021 ലായിരുന്നു തിപ്ര മോത്ത രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കുന്നത്. ഇൻഡിജീനസ് നാഷ്ണലിസ്റ്റ് പാർട്ട് ഓഫ് ടിപ്ര, ടിപ്ര ലാന്റ് സ്റ്റേറ്റ് പാർട്ടി, ഐ പി എഫ് ടി (ടിപ്ര) എന്നീ പാർട്ടികളും തിപ്ര മോത്തയിൽ ലയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 28 ട്രൈബൽ കൗൺസിൽ സീറ്റുകളിൽ 20 ഉം നേടിയായിരുന്നു തിപ്ര ആദ്യം തങ്ങളുടെ വരവ് അറിയിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ സംസ്ഥാനത്ത് നിർണായക ശക്തിയാകുമെന്ന കാര്യത്തിൽ സംശയമില്ല.












Click it and Unblock the Notifications