വിജയ് കരുത്തനാകും; ഒപിഎസിന് പിന്നാലെ ടിടിവി ദിനകരനും എന്‍ഡിഎ വിട്ടു, മറ്റൊരു പ്രഖ്യാപനം നാളെ
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയം മാറി മറിയുകയാണ്. ഒ പനീര്‍ശെല്‍വത്തിന് പിന്നാലെ ടിടിവി ദിനകരനും എന്‍ഡിഎ വിട്ടു. മതിയായ പരിഗണന ലഭിക്കാത്തതാണ് ദിനകരനെ ചൊടിപ്പിച്ചത്. ഇതോടെ ചെറുകക്ഷികള്‍ നടനും ടിവികെ നേതാവുമായ വിജയുമായി കൂടുതല്‍ അടുക്കാനുള്ള സാധ്യതയേറി. ഇരുനേതാക്കളും അടുത്തിടെ വിജയിയെ പുകഴ്ത്തി സംസാരിച്ചിരുന്നു.
അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) അധ്യക്ഷനാണ് ടിടിവി ദിനകരന്‍. ജയലളിതയുടെ വിയോഗ ശേഷം അണ്ണാഡിഎംകെയില്‍ ഭിന്നതയുണ്ടായതാണ് എഎംഎംകെയുടെ പിറവിയിലേക്ക് നയിച്ചത്. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും വിമത സ്വരം ഉയര്‍ത്തിയതോടെ അണ്ണാഡിഎംകെ പൂര്‍ണമായും എടപ്പാടി പളനിസ്വാമിയുടെ കീഴിലായി. പളനിസ്വാമിയും ബിജെപിയും തമ്മിലുള്ള ധാരണ പ്രകാരമാണ് പുതിയ മാറ്റങ്ങളത്രെ.

ജയലളിതയുടെ മരണത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ ദയനീയമായി പരാജയപ്പെട്ടിരുന്നു. പാര്‍ട്ടി പല കഷ്ണങ്ങളായി പിരിയുകയും ചെയ്തു. ഇവയുടെ ഏകോപനം വേണം എന്ന നിലപാടുകാരനായിരുന്നു ദിനകരന്‍. എന്നാല്‍ തേവര്‍ സമുദായക്കാരായ ദിനകരനും പനീര്‍ശെല്‍വവും ഇപ്പോള്‍ എന്‍ഡിഎ വിട്ടിരിക്കുകയാണ്.
രണ്ടുപേരെയും എന്‍ഡിഎയില്‍ നിന്ന് ഒഴിവാക്കണം, കെ അണ്ണാമലൈയെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണം തുടങ്ങിയ ഉപാധികളാണ് എടപ്പാടി പളനിസ്വാമി എന്‍ഡിഎയില്‍ ചേരുന്നതിന് ബിജെപിയുടെ മുന്നില്‍ വച്ചതത്രെ. ഇതിന്റെ ഭാഗമാണ് രണ്ടുപേരെയും ബിജെപി അവഗണിക്കാന്‍ കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സുപ്രധാന പ്രഖ്യാപനം നാളെ
ദിനകരന്‍ എന്‍ഡിഎ വിട്ടേക്കുമെന്ന് ഏറെ നാളായി അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ നടന്ന എന്‍ഡിഎ യോഗത്തിലേക്ക് ദിനകരനെ ബിജെപി ക്ഷണിച്ചിരുന്നില്ല. മാത്രമല്ല, മൂപ്പനാരുടെ അനുസ്മരണ പരിപാടിയിലേക്ക് അണ്ണാഡിഎംകെയും ക്ഷണിച്ചില്ല. ഇനിയും വൈകേണ്ടതില്ലെന്നും മുന്നണി വിടുന്ന കാര്യം പരസ്യമായി പ്രഖ്യാപിക്കാമെന്നും ദിനകരന്‍ തീരുമാനിച്ചത് ഈ സംഭവങ്ങളോടെയാണ്.
വരുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമോ അതോ ഏതെങ്കിലും കക്ഷിയുമായി സഖ്യം ചേരുമോ എന്ന് ദിനകരന്‍ പറഞ്ഞിട്ടില്ല. ഭാവി രാഷ്ട്രീയ നീക്കങ്ങള്‍ വരുന്ന ഡിസംബറില്‍ പ്രഖ്യാപിക്കുമെന്ന് ദിനകരന്‍ പറഞ്ഞു. അടുത്തിടെ അദ്ദേഹം വിജയിയെയും ടിവികെ പാര്‍ട്ടിയെയും പുകഴ്ത്തി സംസാരിച്ചിരുന്നു. വിജയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ആരുമായും സഖ്യം പ്രതീക്ഷിക്കാമെന്ന് ഒ പനീര്‍ശെല്‍വവും പറഞ്ഞു.
ഇതോടെ വിജയ് നേതൃത്വം നല്‍കുന്ന സഖ്യത്തിലേക്ക് കൂടുതല്‍ നേതാക്കള്‍ എത്തിയേക്കുമെന്നാണ് അഭ്യൂഹം. ശക്തരായ നേതാക്കളില്ലാത്തത് വിജയുടെ പാര്‍ട്ടി നേരിടുന്ന വെല്ലുവിളിയാണ്. അണ്ണാഡിഎംകെയിലെ മുതിര്‍ന്ന നേതാവായ കെഎ സെങ്കോട്ടയ്യന്‍ നാളെ സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിരവധി പേരുടെ പിന്തുണയുള്ള വ്യക്തി കൂടിയായ ഇദ്ദേഹത്തിന്റെ തീരുമാനം അണ്ണാഡിഎംകെയുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നതാകും.












Click it and Unblock the Notifications