ആദ്യ ഡോസ് കൊവിഷീല്‍ഡ്, രണ്ടാം ഡോസ് കൊവാക്‌സിന്‍, യുപിയില്‍ തലതിരിഞ്ഞ വാക്‌സിനേഷന്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഞെട്ടിക്കുന്ന രീതിയില്‍ വാക്‌സിനേഷന്‍. സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ 20 ഗ്രാമീണര്‍ക്ക് വ്യത്യസ്ത ഡോസ് വാക്‌സിനുകളാണ് നല്‍കിയിരിക്കുന്നത്. ആദ്യ ഡോസ് കൊവിഷീല്‍ഡും രണ്ടാം ഡോസ് കൊവാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. കടുത്ത മെഡിക്കല്‍ അനാസ്ഥയാണ് ഇത്. സംഭവത്തില്‍ ജില്ലയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കടുത്ത നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ബദ്‌നി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഈ അനാസ്ഥ ഉണഅടായിരിക്കുന്നത്. ഔദാഹി കാലനില്‍ നിന്നുള്ള 20 പേര്‍ക്കാണ് വ്യത്യസ്ത രീതിയില്‍ വാക്‌സിനേഷന്‍ ചെയ്യപ്പെട്ടത്. ഇവര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ കൊവിഷീല്‍ഡായിരുന്നു ലഭിച്ചത്. മെയ് 14ന് ഇവര്‍ക്ക് ലഭിച്ച രണ്ടാം ഡോസ് വാക്‌സിന്‍ കൊവാക്‌സിനാണ്. അതേസമയം രണ്ട് വ്യത്യസ്ത വാക്‌സിനാണ് ലഭിച്ചതെങ്കിലും ഇവര്‍ക്ക് തല്‍ക്കാലം ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നിര്‍ദേശിച്ചിട്ടില്ല. ഇത് മെഡിക്കല്‍ അനാസ്ഥയാണെന്ന് സിദ്ധാര്‍ത്ഥ് നഗര്‍ സിഎംഒ സന്ദീപ് ചൗധരി പറഞ്ഞു.
ആദ്യ ഡോസ് കിട്ടുന്ന ഏതൊരു വ്യക്തിക്കും രണ്ടാമത്തെ ഡോസ് അതേ വാക്‌സിന്‍ തന്നെയാണ് നല്‍കേണ്ടത്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി നിയമിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. റിപ്പോര്‍ട്ടിലുള്ള ആളുകളില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സന്ദീപ് ചൗധരി വ്യക്തമാക്കി. അതേസമയം ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇവരുടെ ആരോഗ്യ നില നിരീക്ഷിക്കുന്നുണ്ട്.
ഏപ്രില്‍ ഒന്നിനാണ് തനിക്ക് ആദ്യ ഡോസ് കൊവിഷീല്‍ഡ് ലഭിച്ചതെന്ന് ഔദാഹി കലന്‍ ഗ്രാമവാസി പറഞ്ഞു. മെയ് 14ന് കൊവാക്‌സിനാണ് നല്‍കിയത്. രണ്ടാം ഡോസിനായി ചെന്നപ്പോള്‍ ആദ്യ ഡോസ് ഏതാണ് എടുത്തതെന്ന് ചോദിച്ചറിയാന്‍ പോലും ആരും താല്‍പര്യപ്പെട്ടില്ലെന്ന് ഇയാള്‍ പറയുന്നു. അവിടെയുള്ളവര്‍ മറ്റെന്തൊക്കെയോ ചെയ്യുകയായിരുന്നു. കൊവിഷീല്‍ഡിന് പകരം കൊവാക്‌സിനാണ് അവര്‍ തനിക്ക് നല്‍കിയത്. ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിലും, തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയമുണ്ട്. ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇതുവരെ ആരും വന്നിട്ടില്ലെന്നും ഇയാള്‍ വ്യക്തമാക്കി.












Click it and Unblock the Notifications