'ശ്രദ്ധ തിരിക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രം'; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെതിരെ ഉദ്ധവ് താക്കറെ
ഡല്‍ഹി: കേന്ദ്ര സർക്കാർ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ച 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ലിനെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന യുബിടി തലവനുമായ ഉദ്ധവ് താക്കറെ. നിലവില്‍ ഇത്തരമൊരു ബില്ല് കൊണ്ടുവരുന്നത് ജനകീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച അദ്ദേഹം രാജ്യത്ത് വോട്ടിങ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷ്ണറെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതിയുണ്ടാകണം. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ പൊരുത്തക്കേടുകള്‍ നടന്നു. ഷിൻഡെ വിഭാഗത്തിൻ്റെ ശിവസേന, ബി ജെ പി, എൻ സി പി എന്നിവരുടെ സഖ്യമായ മഹായുതി സർക്കാർ ഒരു ഇ വി എം സർക്കാരാണെന്നും ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.

'ഈ സർക്കാർ ഒരു ഇ വി എം സർക്കാരാണ്. ഇ വി എം സർക്കാരിന് ആശംസകൾ. ഇത് അവരുടെ ആദ്യ സെഷനാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയില്‍ മന്ത്രിസഭ വികസിപ്പിച്ചെങ്കിലും അതൃപ്തികള്‍ ശക്തമാണ്. ഇത് വലിയ ചർച്ചാ വിഷയമായി ഉയർന്ന് വരുന്നു. മന്ത്രിമാരെ മുഖ്യമന്ത്രി സഭയിൽ പരിചയപ്പെടുത്തുന്നത് പതിവാണ്. നിരവധി ഇഡി കേസുകളുള്ള മന്ത്രിമാരെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തേണ്ടി വന്നു' താക്കറെ പറഞ്ഞു.
അതേസമയം, നിയമവകുപ്പ് മന്ത്രി ലോക്സഭയില്‍ ഇന്ന് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ല് അവതരിപ്പിച്ചപ്പോള്‍ 269 അംഗങ്ങൾ അവതരണത്തെ അനുകൂലിക്കുകയും 198 പേർ എതിർക്കുകയും ചെയ്തു. പിന്നാലെ രണ്ട് ബില്ലുകളും വിശദമായ പരിഗണനയ്ക്കായി പാർലമെൻ്റിൻ്റെ സംയുക്ത സമിതിക്ക് വിടാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാർലമെൻ്ററി കാര്യ മന്ത്രി അർജുൻ റാം മേഘ്‌വാളും സഭയെ അറിയിച്ചു.
ബില്ലുകൾ അവതരിപ്പിക്കുന്നതിനെതിരെ നിരവധി പ്രതിപക്ഷ എംപിമാർ നോട്ടീസ് നൽകിയിരുന്നു. ബില്ലുകളുടെ അവതരണ ഘട്ടത്തിലെ വോട്ടെടുപ്പിലൂടെ ബി ജെ പിക്ക് ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന് തെളിഞ്ഞതായി കോൺഗ്രസ് എംപി ശശി തരൂർ അഭിപ്രായപ്പെട്ടു.
'ഞങ്ങൾ കോൺഗ്രസ് മാത്രമല്ല ഈ ബില്ലിനെ എതിർത്തത്. പ്രതിപക്ഷ പാർട്ടികളിൽ ബഹുഭൂരിപക്ഷവും ഈ ബില്ലിനെ എതിർത്തിട്ടുണ്ട്. ഇതിന് നിരവധി കാരണങ്ങളുണ്ട്. ബില്ല് ഭരണഘടനയുടെ ഫെഡറൽ ഘടനയുടെ ലംഘനമാണ്. കേന്ദ്ര സർക്കാർ വീണാൽ ഒരു സംസ്ഥാന സർക്കാർ എന്തിന് വീഴണം?' പാർലമെൻ്റ് വളപ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശശി തരൂർ ചോദിച്ചു.












Click it and Unblock the Notifications