മോദി തരംഗം കര്‍ണാടകയിലേക്ക്, യെദ്യൂരപ്പയുടെ പ്രചാരണം വേണ്ടെന്ന് ബിജെപി, ഇനി കളി മാറും!!
നരേന്ദ്ര മോദി കര്‍ണാടകയില്‍ പ്രചാരണം നടത്തും
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരവേ ഏറ്റവുമധികം സമ്മര്‍ദത്തിലായിരിക്കുന്നത് ബിജെപിയാണ്. എന്തുകൊണ്ടോ തങ്ങളുടെ പ്രചാരണങ്ങളൊന്നും അങ്ങോട്ട് ഏല്‍ക്കുന്നില്ലെന്ന് സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും വരെ പറയുന്നു. യഥാര്‍ത്ഥ കാര്യം കോണ്‍ഗ്രസിനെ മുന്നോട്ടുനയിക്കുന്ന സിദ്ധരാമയ്യ ഗംഭീര പ്രചാരണങ്ങളാണ് അവിടെ നടത്തികൊണ്ടിരിക്കുന്നത് എന്നാണ്. ഇതിനെ പൊളിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ നേരിട്ടെത്തിയിട്ടും കാര്യങ്ങള്‍ ഒട്ടും നല്ല രീതിയിലല്ല മുന്നോട്ടുപോകുന്നത്.
അതുകൊണ്ട് നിലവിലുള്ള തന്ത്രങ്ങള്‍ ബിജെപി പൊളിച്ചെഴുതാന്‍ പോവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാനം ഇളക്കി മറിച്ചുള്ള പ്രചാരണമാണ് ഇനി ബിജെപി നടത്തുക. സംസ്ഥാന നേതാക്കളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെങ്കിലും മോദി അവിടെ ജനപ്രിയനായ നേതാവാണ്. മോദിയുടെ പ്രചാരണത്തോടെ ബിജെപി അവിടെ കോണ്‍ഗ്രസിനെ വെല്ലുന്ന പ്രകടനം പുറത്തെടുക്കുമെന്ന് നേതൃത്വം കരുതുന്നു.

യെദ്യൂരപ്പയുടെ പ്രകടനം മോശം
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയുടെ പ്രകടനം ദയനീയമാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. അദ്ദേഹത്തെ മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ ഫലം കാണുന്നില്ലെന്നും പരാതിയുണ്ട്. പ്രധാന കാരണം എന്തെന്ന് വച്ചാല്‍ യെദ്യൂരപ്പയ്ക്ക് കര്‍ണാടകയില്‍ വന്‍ അഴിമതിക്കാരനാണ് എന്ന ഇമേജാണുള്ളത്. ഇത് അമിത് ഷാ നേരിട്ട് എത്തിയിട്ടും മാറ്റാനിയിട്ടില്ലെന്നാണ് സൂചന. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് കര്‍ണാടകയിലെ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവര്‍ സംസാരിച്ചെന്നാണ് കരുതുന്നത്. കൂടിക്കാഴ്ച്ചയില്‍ ബിജെപി ജയിക്കാനുള്ള സാധ്യത വിരളമാണെന്ന് ആര്‍എസ്എസ് നേതൃത്വം പറഞ്ഞിരുന്നു. സംസ്ഥാന സന്ദര്‍ശനത്തില്‍ നേതാക്കളെയൊന്നും കാണാനും രാം മാധവ് തയ്യറായില്ല. ആര്‍എസ്എസ് നേതൃത്വം നല്‍കിയ നിര്‍ദേശപ്രകാരം മോദി നേരിട്ട് എത്തിയാലേ ഫലം ഉണ്ടാവൂവെന്ന് രാം മാധവ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരമാണ് മോദി എത്തുന്നത്.

മോദി തരംഗം
2014 മുതല്‍ മോദിക്ക് അനുകൂലമായ രാഷ്ട്രീ കാലാവസ്ഥയാണ് ഇന്ത്യയിലുള്ളതെന്ന് ബിജെപി വിശ്വസിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെന്നിക്കൊടി പാറിച്ചതുപോലെ കര്‍ണാടകയിലും അധികാരത്തില്‍ വരാന്‍ സാധിക്കുമെന്ന് രാം മാധവ് കരുതുന്നുണ്ട്. മോദിയുടെ വമ്പന്‍ റാലികളും പ്രചാരണങ്ങളുമാണ് അണിയറയില്‍ ഒരുങ്ങുന്നത്. അദ്ദേഹത്തെ മുന്‍നിര്‍ത്തിയായിരിക്കും സ്ഥാനാര്‍ത്ഥികള്‍ വോട്ടുചോദിക്കാനിറങ്ങുക. കോണ്‍ഗ്രസിനെതിരെ മോദി എവിടെയൊക്കെ പ്രചാരണത്തിനിറങ്ങിയിട്ടുണ്ടോ അവിടെയൊക്കെ ജയം ബിജെപിക്കാണെന്ന ചരിത്രവും അദ്ദേഹത്തിന് ഗുണം ചെയ്യും. അതേസമയം സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് ഗംഭീര പിന്തുണയാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിച്ചുവരുന്നതും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത് മോദി വന്നാല്‍ തകരുമെന്നാണ് കണക്കുകൂട്ടുന്നത്.

പ്രാദേശിക വിഷയങ്ങള്‍
കര്‍ണാടകയില്‍ ദേശീയ വിഷയങ്ങള്‍ക്കല്ല പ്രാധാന്യമെന്നത് ബിജെപിയെ കുരുക്കിലാക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് ഇവിടെയുള്ള ജാതി-മത വിഷയങ്ങള്‍ പ്രത്യേകം പഠിപ്പിച്ച് കൊടുക്കാന്‍ കുറച്ചു നേതാക്കളെ സംസ്ഥാന ബിജെപി നേതൃത്വം ഏര്‍പ്പാടാക്കിയിട്ടുണ്ട്. എന്നാല്‍ സിദ്ധരാമയ്യ ഈ വിഷയം സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നതിനാല്‍ മോദി പുതിയ രീതി കണ്ടെത്തേണ്ടി വരും. കോണ്‍ഗ്രസ് അഴിമതിക്കാരാണ് എന്ന സ്ഥിരം പല്ലവി അവിടെ ചെലവാകില്ല. ലിംഗായത്ത് പ്രശ്‌നമായിരിക്കും മോദി പ്രചാരണ വിഷയമാക്കുക. രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ 30 ജില്ലകളില്‍ 28 എണ്ണത്തിലും പ്രചാരണം നടത്തി കഴിഞ്ഞു. അതുകൊണ്ട് പുതിയ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം കൊണ്ടുവരേണ്ടി വരും. ഇതിന് പുറമേ സിദ്ധരാമയ്യ മോദിക്കെതിരെയും അമിത് ഷായ്‌ക്കെതിരെയും നിരന്തരം നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയും നല്‍കേണ്ടി വരും.

12 ജില്ലകളില്‍ പ്രചാരണം
സംസ്ഥാനത്തെ 12 ജില്ലകളില്‍ മോദി പ്രചാരണം നടത്തുമെന്നാണ് സൂചന. 10 പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ നാലു മാസത്തിനിടെ വെറും നാല് പൊതുയോഗങ്ങളാണ് അദ്ദേഹം നടത്തിയത്. ഈ പോരായ്മ അദ്ദേഹം മറികടക്കുമെന്നാണ് കരുതുന്നത്. അതേസമയം സംസ്ഥാനത്ത് കൂടുതല്‍ സമയം പ്രചാരണങ്ങള്‍ക്കായി ചെലവിടാമെന്ന് അദ്ദേഹം ദേശീയ നേതൃത്വത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഗുജറാത്തില്‍ തോല്‍വി ഉറപ്പായിരുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി ബിജെപിയെ ജയത്തിലേക്ക് നയിച്ചത് പോലെ കര്‍ണാടകയിലും നടക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ കരുതുന്നത്. മഹാദയി നദീജല വിഷയം, കോണ്‍ഗ്രസിന്റെ മോശം ഭരണം എന്നിവ പ്രധാനമന്ത്രി പ്രചാരണ വിഷയമാക്കുമെന്നാണ് സൂചന. അതേസമയം നരേന്ദ്ര മോദി വന്നാലൊന്നും ബിജെപി ജയിക്കാന്‍ പോകുന്നില്ലെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നു. കര്‍ണാടകത്തിലെ ജനങ്ങള്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications