ബജറ്റിലെ 5 സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളും
ന്യൂഡല്‍ഹി: 2022ലെ പൊതു ബജറ്റ് പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ നടത്തി. ഒന്നര മണിക്കൂര്‍ മാത്രമായിരുന്നു അവതരണം. നിര്‍മല സീതാരാമന്റെ ഏറ്റവും സമയം കുറഞ്ഞ ബജറ്റ് അവതരണമാണിത്. സുപ്രധാന പ്രഖ്യാപനങ്ങള്‍ അടങ്ങിയതാണ് ഇത്തവണത്തെ ബജറ്റ്. ആദായ നികുതി ഘടനയില്‍ കാര്യമായ മാറ്റം നിര്‍ദേശിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. എന്നാല്‍ തെറ്റുകള്‍ തിരുത്തി നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് രണ്ട് വര്‍ഷത്തെ സമയം അനുവദിക്കും. അധിക നികുതി നല്‍കി മാറ്റങ്ങളോടെ റിട്ടേണ്‍ ഫയല്‍ ചെയ്യാം.
Recommended Video
കോര്‍പറേറ്റ് നികുതിയില്‍ കുറവ് വരുത്തി എന്നതാണ് ഇത്തവണത്തെ ബജറ്റിലെ സുപ്രധാനമായ ഒരു പ്രഖ്യാപനം. സഹകരണ സര്‍ച്ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറച്ചു. പാസ്‌പോര്‍ട്ട് ഡിജിറ്റലാക്കും. ഇ-പാസ്‌പോര്‍ട്ട് ഈ സാമ്പത്തിക വര്‍ഷം വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ചിപ്പ് ഘടിപ്പിച്ച് പുത്തന്‍ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചുള്ളതാകും ഇ-പാസ്‌പോര്‍ട്ട്. അതിന് പുറമെ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ കൂടി രാജ്യത്ത് ആരംഭിക്കും.

ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചു എന്നതാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. സ്വന്തമായി രാജ്യത്തിന് ഡിജിറ്റല്‍ കറന്‍സി വരികയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി വിതരണം ആരംഭിക്കും. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും ഡിജിറ്റല്‍ കറന്‍സി ഇറക്കുക. ഹാക്കിങ് തടയാനാണ് ബ്ലോക്ക് ചെയിന്‍ സംവിധാനം ഉപയോഗിക്കുന്നത്. ആഗോള തലത്തില്‍ സജീവമായ ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്തും ഒട്ടേറെ പേര്‍ ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത ഇത്തരം ഉപയോഗങ്ങള്‍ സാമ്പത്തിക ക്രമം തെറ്റാനിടയാക്കുമെന്ന് കണ്ടാണ് ഡിജിറ്റല്‍ കറന്‍സി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ആദായ നികുതി നിരക്കില്‍ മാറ്റമില്ലെങ്കിലും ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്താനാണ് തീരുമാനം. വിര്‍ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ഏര്‍പ്പെടുത്തി.
സര്‍ക്കാരിന്റെ മൂലധന ചെലവ് വര്‍ധിപ്പിച്ചതും ബജറ്റിലെ സുപ്രധാന പ്രഖ്യാപനമാണ്. 34 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 7.5 ലക്ഷം കോടി രൂപയായിട്ടാണ് ഉയര്‍ത്തിയത്. അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാകും ഈ പണം കൂടുതല്‍ ഉപയോഗിക്കുക. അതാകട്ടെ തൊഴില്‍ അവസരങ്ങള്‍ കൂട്ടുന്നതിന് സഹായിക്കും. കൊവിഡ് കാല പ്രതിസന്ധിയില്‍ തൊഴില്‍ ലഭ്യമാക്കുക എന്നത് വളരെ പ്രധാനമാണ്.
രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ ചെറുകിട സംരംഭങ്ങള്‍ക്കുള്ള ആശ്വാസവും ബജറ്റിലുണ്ട്. ഈ മേഖലയില്‍ നല്‍കുന്ന അടിയന്തര വായ്പാ പദ്ധതിയുടെ കാലാവധി നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് നീട്ടിയത്. കൊവിഡ് കാലത്ത് ഇത് ചെറുകിട സംരംഭകര്‍ക്ക് ആശ്വാസകരമാണ്. ഭൂമി രജിസ്‌ട്രേഷന് വേണ്ടി ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കും വ്യവസായികള്‍ക്കും ഒരുപോലെ പദ്ധതി ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 2022ലെ ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടി രൂപയാണ്. ജിഎസ്ടി നടപ്പാക്കിയ ശേഷം ഇത്രയും ഉയര്‍ന്ന വരുമാനം ആദ്യമാണ്.
കാര്‍ഷിക മേഖലയ്ക്കുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലെ മറ്റൊരു പ്രത്യേകത. 2.37 ലക്ഷം കോടി രൂപയുടെ വിളകള്‍ സമാഹരിക്കാന്‍ തീരുമാനിച്ചു. രാസവള രഹിത കൃഷി പ്രോല്‍സാഹിപ്പിക്കും. ചോളം കൃഷിക്കും പ്രോല്‍സാഹനമുണ്ട്. ജല ജീവന്‍ പദ്ധതിക്ക് 60000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കര്‍ഷകരെ സഹായിക്കാന്‍ കിസാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും. വിളകളുടെ പരിചരണത്തിനും വളപ്രയോഗത്തിനുമായി ഡ്രോണുകള്‍ ഉപയോഗിക്കുമെന്നും ബജറ്റ് അവതരിപ്പിക്കവെ നിര്‍മല സീതാരാമന്‍ പറഞ്ഞു. ഉത്തര്‍ പ്രദേശിലെയും പഞ്ചാബിലെയും നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്‍കൂട്ടികണ്ടാണ് കര്‍ഷകര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ എന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications