ബജറ്റ് 2024: 'ബജറ്റ് സമ്മേളനവും നാരി ശക്തിയുടെ ഉത്സവം..'; പ്രതിപക്ഷത്തെ വിമര്‍ശിച്ച് മോദി
ന്യൂദല്‍ഹി: ബജറ്റ് സമ്മേളനത്തിന് മുന്‍പ് പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹളം സൃഷ്ടിക്കുകയും ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും ഇന്ന് ആത്മപരിശോധന നടത്തണം എന്ന് പ്രതിപക്ഷത്തിന്റെ അനിയന്ത്രിതമായ പെരുമാറ്റത്തെ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമായിരിക്കും എന്നും മോദി പറഞ്ഞു.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു എന്നും രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരി ശക്തിയുടെ ഉദാഹരണങ്ങളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഈ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ആദ്യ സമ്മേളനത്തിനൊടുവില്‍ പാര്‍ലമെന്റ് മനോഹരമായ ഒരു തീരുമാനമെടുത്തു - നാരി ശക്തി വന്ദന്‍ അധീനിയം.

അതിന് ശേഷം, ജനുവരി 26-ന് രാജ്യം നാരീശക്തിയുടെ കഴിവും വീര്യവും ദൃഢനിശ്ചയത്തിന്റെ ശക്തിയും അനുഭവിച്ചതെങ്ങനെയെന്ന് നാം കണ്ടു, ''പ്രധാനമന്ത്രി പറഞ്ഞു. തന്റെ പ്രസംഗത്തില്‍, പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയതിന് സസ്‌പെന്‍ഷന്‍ നേരിട്ട എംപിമാര്‍ക്കെതിരെയും പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തി. എതിര്‍ക്കുന്നതിന് വേണ്ടി എതിര്‍ക്കുന്നവരെ ആരും ഓര്‍ക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു.
ഈ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് സഹ പാര്‍ലമെന്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. നാളെ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റാണ് എന്നും തിരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കു എന്നും മോദി വ്യക്തമാക്കി. രാജ്യത്ത് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗം കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് ഇരുസഭകളുടെയും നടപടികള്‍ ആരംഭിക്കുന്നത്. രാജ്യസഭയുടെയും ലോക്സഭയുടെയും സെക്രട്ടറി ജനറല്‍മാര്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ ഒരു പകര്‍പ്പ് അതത് സഭകളുടെ മേശപ്പുറത്ത് വയ്ക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഡിസംബര്‍ 17 നും 19 നും ഇടയില്‍ നടന്ന കഴിഞ്ഞ സമ്മേളനത്തില്‍ 146 പ്രതിപക്ഷ എം പിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സമ്മേളനത്തിന് ഒരു ദിവസം മുമ്പ് 14 എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസിലെ കെ ജയകുമാര്‍, അബ്ദുള്‍ ഖാലിഖ്, ജെ ഡി യുവിന്റെ വിജയ് കുമാര്‍ എന്നിവരെ ആണ് ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. രാജ്യസഭയില്‍ നിന്ന് കോണ്‍ഗ്രസിന്റെ ജെബി മാത്തര്‍, എല്‍ ഹനുമന്തയ്യ, നീരജ് ഡാംഗി, രാജ്മണി പട്ടേല്‍, കുമാര്‍ കേത്കര്‍, ജിസി ചന്ദ്രശേഖര്‍, സി പി ഐയുടെ ബിനോയ് വിശ്വം, സന്തോഷ് കുമാര്‍, ഡി എം കെയുടെ മുഹമ്മദ് അബ്ദുള്ള, സി പി എമ്മിന്റെ എ എ റഹീം, ജോണ്‍ ബ്രിട്ടാസ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.












Click it and Unblock the Notifications