കശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടി കേന്ദ്രസര്‍ക്കാര്‍; തീരുമാനം ഗവര്‍ണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച്
ദില്ലി: ജമ്മു-കശ്മീരിലെ രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആറ് മാസത്തേക്ക് കൂടിയാണ് നീട്ടിയത്. ജൂലൈ മൂന്നിനാണ് നേരത്തെയുള്ള കാലാവധി അവസാനിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ഭരണം അവസാനിപ്പിക്കാന്‍ പര്യാപ്തമാണോ എന്ന് കേന്ദ്രം പരിശോധിച്ചു.

കശ്മീര്‍ ഗവര്‍ണറോട് വിശദീകരണം തേടുകയും ചെയ്തു. എന്നാല്‍ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കരുത് എന്നാണ് ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ആറ് മാസത്തേക്ക് കൂടി കാലാവധി നീട്ടാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. രാഷ്ട്രപതി ഭരണം നീട്ടിയുള്ള പുതിയ പ്രമേയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
2018 ജൂണിലാണ് കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. നേരത്തെ ബിജെപി-പിഡിപി സഖ്യമാണ് കശ്മീര്‍ ഭരിച്ചിരുന്നത്. കശ്മീരിലെ വിഷയങ്ങളില്‍ പിഡിപി സ്വീകരിച്ച നിലപാടിനെതിരെ ബിജെപി രംഗത്തുവന്നതോടെ സഖ്യത്തില്‍ ഭിന്നത രൂക്ഷമായി. തുടര്‍ന്നാണ് സഖ്യം പിരിഞ്ഞതും സര്‍ക്കാര്‍ വീണതും.
ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് നിര്‍ദേശിക്കുകയായിരുന്നു. ആറ് മാസത്തേക്കാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക. കാലാവധി കഴിയുമ്പോള്‍ സാഹചര്യം മെച്ചപ്പെട്ടോ എന്ന് പരിശോധിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. എന്നാല്‍ കശ്മീരില്‍ സാമൂഹിക അന്തരീക്ഷം മെച്ചപ്പെട്ടില്ല എന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.












Click it and Unblock the Notifications