ദേശീയ വിദ്യാഭാസനയം 2019: ത്രിഭാഷ ഫോര്‍മുലയില്‍ ഇളവ് വരുത്തി കേന്ദ്രം; ഹിന്ദി ഇനി ഐച്ഛീകവിഷയം മാത്രം!
ദില്ലി: ഹിന്ദി-ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തുടനീളം വലിയ തിരിച്ചടി നേരിട്ട കേന്ദ്രം 2019ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പരിഷ്‌കരിച്ചു. ത്രിഭാഷ ഫോര്‍മുലയില്‍ ഹിന്ദി ഇനി ഐച്ഛീക വിഷയമാക്കി തീരുമാനിച്ചു. ഹിന്ദി നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വാദവുമായി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്കൊപ്പം ഒരു പ്രാദേശിക ഭാഷ കൂടി പഠിപ്പിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ.
2019 മേയ് 31 വെള്ളിയാഴ്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖ പരിഗണനയ്ക്കായി കേന്ദ്ര മന്ത്രിസഭക്ക് മുന്‍പില്‍ അവതരിപ്പിച്ചു. വായിക്കാനും വിശകലനം ചെയ്യാനുമുള്ള എല്ലാ പങ്കാളികള്‍ക്കും മാനവ വിഭവശേഷി മന്ത്രാലയം, എംഎച്ച്ആര്‍ഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും കരട് അപ്ലോഡ് ചെയ്തു. എന്നാല്‍ കരട് പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ കാലങ്ങള്‍ പഴക്കമുള്ള ഹിന്ദി വിരുദ്ധ ചര്‍ച്ചകള്‍ വീണ്ടും ചൂടു പിടിച്ചു. ത്രിഭാഷ ഫോര്‍മുലയെ കുറിച്ചുള്ള വിവാദങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടു.
തമിഴ്‌നാട്ടില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തു. ഹിന്ദി ഭാഷ ഉറപ്പു വരുത്തുക വഴി പ്രാദേശിക ഭാഷകളെ ദുര്‍ബലപ്പെടുത്താനുള്ള പദ്ധതിയാണെന്ന രീതിയില്‍ വരെ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനങ്ങളോട് കരടില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇന്ന് എംഎച്ച്ആര്‍ഡി തീരുമാനം മാറ്റിയതായി അറിയിച്ചു കൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഒരു ഭാഷയും ആരുടെ മേലും അടിച്ചേല്‍പ്പിക്കില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഐഎസ്ആര്‍ഒ മുന്‍ തലവന്‍ കസ്തുരി രംഗന്‍ അധ്യക്ഷനായ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഇതുപ്രകാരം ഹിന്ദി ഇതര പ്രദേശങ്ങളിലുള്ളവര്‍ക്ക് ഹിന്ദി നിര്‍ബന്ധമായി പഠിക്കേണ്ടി വരും. ആറാം ക്ലാസിന് ശേഷം മറ്റ് ഭാഷ തെരഞ്ഞെടുക്കണമെങ്കില്‍ തന്നെ ഹിന്ദിയിലുള്ള മികവ് തെളിയിക്കണം. ഇതിനെതിരെയാണ് തമിഴ്നാട്ടില്‍ അടക്കം വ്യാപകമായ പ്രതിഷേധമുയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ സ്റ്റോപ്പ് ഹിന്ദി ഇംപോസിഷന്‍ ട്രെന്‍ഡിംഗായി മാറുകയും ചെയ്തു.