ഭഗവദ് ഗീത സ്‌കൂളില്‍ പഠിപ്പിക്കണം; എല്ലാ സംസ്ഥാനങ്ങളും പരിഗണിക്കണമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ഗുജറാത്ത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുതിയ തീരുമാനം എടുത്ത പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഗുജറാത്തിന്റെ മാതൃക എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണം. സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. ധാര്‍മകതയും നീതിയുമാണ് ഗീത പഠിപ്പിക്കുന്നത്. സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ സഹായിക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രചോദനകരമാകുന്ന ഒട്ടേറെ കഥകള്‍ ഗീതയിലുണ്ട്. എല്ലാ സര്‍ക്കാരുകളും ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.

കര്‍ണാടകയിലും ഭഗവദ് ഗീത സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചയിലാണ്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സ്‌കൂളില്‍ ഗീത പഠിപ്പിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയിലും മതനിരപേക്ഷതയിലുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഗീതയോ ഖുര്‍ആനോ ബൈബിളോ പഠിപ്പിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ധാര്‍മിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇവ ഉള്‍പ്പെടുത്തിയാല്‍ എതിര്‍ക്കില്ല. ധാര്‍മിക വിദ്യാഭ്യാസം ആവശ്യമാണ്. എന്നാല്‍ ഇവ ഭരണഘടനയുടെ അന്തസത്തയ്ക്ക് എതിരാകരുത്. ഏത് ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നതിനും ഞാന്‍ എതിരല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഭഗവദ് ഗീത സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളിലാണ് ഒരു വിഷയമായി ഗീത പഠിപ്പിക്കുക. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. അഭിമാനം ഉയര്‍ത്തിപ്പിടിക്കാനും പാരമ്പര്യത്തെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനുമാണിതെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ആറാം ക്ലാസില്‍ ആണ് ആദ്യമായി ഗീത പാഠ്യ വിഷയമാകുക. ശ്ലോകങ്ങള്‍, ചര്‍ച്ചകള്‍, കളികള്‍, ചോദ്യോത്തരങ്ങള്‍ തുടങ്ങി വിവിധ രൂപത്തില്‍ കുട്ടികളെ ഗീത പഠിപ്പിക്കും. ഒമ്പതാം ക്ലാസ് മുതല്‍ ഗീതയെ കുറിച്ച് ആഴത്തിലുള്ള പഠനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസും എഎപിയും രംഗത്തുവന്നു. തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ഹേമങ് രാവല്‍ പറഞ്ഞു. കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല, ഗുജറാത്ത് സര്‍ക്കാരും ഗീത പഠിക്കുന്നത് നന്നാകുമെന്ന് അദ്ദേഹം പരിഹസിച്ചു. സര്‍ക്കാര്‍ തീരുമാനം കുട്ടികള്‍ക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എഎപി വക്താവ് യോഗേഷ് ജദ്വാനി പറഞ്ഞു. ഗുജറാത്തിലെ വിദ്യാഭ്യാസ രംഗം മോശമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. 330000 സ്‌കൂളുകളില്‍ 14 സ്‌കൂള്‍ മാത്രമാണ് എപ്ലസ് ഗ്രേഡുള്ളത്. 18000 അധ്യാപകരുടെ ഒഴിവുണ്ട്. 6000 സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതില്‍ ഗുജറാത്തിനാണ് ഒന്നാം സ്ഥാനമെന്നും കോണ്‍ഗ്രസ് വക്താവ് ഹേമങ് രാവല്‍ പറഞ്ഞു.












Click it and Unblock the Notifications