
ലഖിംപൂര്‍ ഖേരി സംഭവത്തിനിടെ കേന്ദ്രമന്ത്രിയുടെ മകന്‍ സ്ഥലത്തുണ്ടായിരുന്നു, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ലക്‌നൗ: കഴിഞ്ഞ ഒക്ടോബറില്‍ കര്‍ഷക വിരുദ്ധ സമരത്തിനിടെ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരി സംഭവം അന്വേഷിക്കുന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം 5,000 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. സംഭവം നടക്കുമ്പോള്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര സ്ഥലത്തുണ്ടായിരുന്നെന്ന് കുറ്റുപത്രത്തില്‍ പറയുന്നു. കര്‍ഷക സമരത്തിന് കാര്‍ ദേഹത്ത് കയറിയാണ് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടത്.
എന്നാല്‍ സംഭവം നടക്കുന്ന സമയത്ചത് വാഹനത്തിലോ പരിസര പ്രദേശങ്ങളിലോ ഉണ്ടായിരുന്നില്ലെന്നാണ് ആശിഷ് മിശ്രയുടെയും കേന്ദ്ര മന്ത്രിയുടെയും വാദം. ഈ വാദം പൊളിക്കുന്ന കുറ്റപത്രമാണ് ഇപ്പോള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സംഭവസമയത്ത് അദ്ദേഹം (ആശിഷ് മിശ്ര) സ്ഥലത്തുണ്ടായിരുന്നുവെന്നും ഇത് സിഡിയുടെ (കേസ് ഡയറി) ഭാഗമാണെന്നും ദൃക്സാക്ഷികള്‍ പറഞ്ഞിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനും സീനിയര്‍ പ്രോസിക്യൂഷന്‍ ഓഫീസറുമായ എസ്പി യാദവ് ലഖിംപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുറ്റപത്രത്തിന്റെ ആയിരക്കണക്കിന് പേജുകള്‍ ലഖിംപൂര്‍ ടൗണിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ കോടതിയില്‍ പോലീസ് ഇന്ന് രാവിലെ വലിയ സുരക്ഷ ഒരുക്കിയാണ് എത്തിച്ചത.് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ജയിലില്‍ കഴിയുന്ന മകന്‍ ആശിഷ് മിശ്ര. എട്ടോളം പേര്‍ സംഭവത്തിനിടെ കൊല്ലപ്പെട്ടന്നാണ് കണക്ക്.
കോടതി കുറ്റപത്രം അംഗീകരിച്ചാല്‍, കോടതി പറയുന്ന തീയതിയില്‍ കേസില്‍ വിചാരണ ആരംഭിക്കും. ആശിഷ് മിശ്ര ഓടിച്ച എസ്യുവി ഇടിച്ച് നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് ആക്രമം പൊട്ടിപ്പുറപ്പെട്ടു , രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. വാഹനം കര്‍ഷകരുടെ ദേഹത്ത് ഒടിച്ചുകയറ്റുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയര്‍ന്നത് . ആശിഷ് മിശ്രയെയും മറ്റ് 12 പേരെയും കൊലക്കേസ് പ്രതികളാക്കി യുപി പോലീസ് അടുത്ത ദിവസം എഫ്ഐആര്‍ ഫയല്‍ ചെയ്തു. എന്നാല്‍ പൊലീസിന് കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാന്‍ ഒരാഴ്ചയും സുപ്രീം കോടതിയുടെ ഇടപെടലും വേണ്ടി വന്നു .