ഹാത്രസ് കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി കുറ്റക്കാരൻ, മറ്റ് മൂന്ന് പ്രതികളെ വെറുതെ വിട്ട് കോടതി
ഹാത്രസ് സംഭവം രാജ്യത്താകെ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

ദില്ലി: രാജ്യത്തെ നടുക്കിയ ഹാത്രസ് കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി കുറ്റക്കാരനെന്ന് കോടതി. കേസിലെ മറ്റ് മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശിലെ കോടതി വെറുതെ വിട്ടു. 20കാരനായ സന്ദീപിനെയാണ് എസ് സി/ എസ് ടി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മറ്റ് പ്രതികളായ ലവ് കുശ് (23), രവി (35), രാം കുമാർ എന്നിവരെ കോടതി വെറുതെ വിട്ടു.
2020 സെപ്റ്റംബറിലാണ് ഉത്തര്‍പ്രദേശിലെ ഹാത്രസ് ജില്ലയിലെ ബൂല്‍ഗര്‍ഹിയില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദില്ലിയിലെ ആശുപത്രിയില്‍ പതിനഞ്ച് ദിവസത്തോളം മരണത്തോട് പോരാടിയാണ് പെണ്‍കുട്ടി വിടവാങ്ങിയത്. രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിൽ യുപിയിലെ ഉന്നത ജാതിക്കാരെന്ന് പറയുന്ന താക്കൂര്‍ വിഭാഗത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മനപ്പൂര്‍വ്വമായ നരഹത്യ അടക്കമുളള വകുപ്പുകളിലാണ് പ്രധാന പ്രതിയായ സന്ദീപ് താക്കൂറിനെ കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതര വകുപ്പുകളില്‍ സന്ദീപിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടില്ല. സന്ദീപിന്റെ അമ്മാവന്‍ രവി, സുഹൃത്തുക്കളായ ലവ് കുശ്, രാം കുമാര്‍ എന്നിവരെ ഒരു വകുപ്പിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടില്ല. കോടതി വിധിയില്‍ തൃപ്തരല്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കുടുംബം വ്യക്തമാക്കി.
താന്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് വെട്ടാന്‍ പോയിരുന്ന പാടത്ത് നിന്നും പ്രതികള്‍ ഷാളില്‍ കെട്ടി വലിച്ചാണ് തന്നെ കൊണ്ട് പോയി ഉപദ്രവിച്ചത് എന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 15 ദിവസം ആശുപത്രിയില്‍ കിടന്ന ശേഷം മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ജില്ലാ ഭരണകൂടം പാതിരാത്രി സംസ്‌ക്കരിക്കുകയായിരുന്നു. സംസ്‌ക്കാര ചടങ്ങുകള്‍ നടത്താനുളള അവസരം പോലും പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയില്ല. ഹാത്രസ് സംഭവം യോഗി സര്‍ക്കാരിന് എതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി വ്യാപക ആരോപണം ഉയര്‍ന്നു.












Click it and Unblock the Notifications