ശമ്പളം 15000 രൂപ, ട്രാവൽ അലവൻസും സൗജന്യ ഭക്ഷണവും; 'ജോലി' മോഷണം, ഞെട്ടിയില്ലേ..! വിശദമായി അറിയാം
ഗോരഖ്പൂർ: മൊബൈൽ ഫോൺ മോഷ്ടാക്കളുടെ സംഘത്തെ പിടികൂടിയപ്പോൾ ചുരുളഴിഞ്ഞത് ആരെയും ഞെട്ടിക്കുന്ന കാര്യങ്ങൾ. പിടിയിലായത് വെറും മോഷ്ടാക്കളായിരുന്നില്ല. മോഷണ ജോലി ചെയ്യുന്ന ജോലിക്കാരായിരുന്നു. അതെ, ഈ സംഘത്തിലെ മോഷ്ടാക്കൾക്കെല്ലാം ശമ്പളം ഉണ്ടായിരുന്നു. ശമ്പളം മാത്രമല്ല യാത്രാ ബത്തയും സൗജന്യ ഭക്ഷണവുമൊക്കെ നൽകിയിരുന്നു.
പ്രായപൂർത്തിയാവാത്ത ആൺകുട്ടി ഉൾപ്പെടെ അടങ്ങുന്നതാണ് സംഘം. ജാർഖണ്ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനോജ് മണ്ഡൽ ( 35) എന്ന ആളാണ് ഇവരുടെ തലവൻ. ഇയാൾക്കൊപ്പം 19 കാരനായ കരൺ കുമാർ, മനോജിന്റെ ഇളയ സഹോദരനായ 15കാരൻ എന്നിവർ പിടിയിലായി. പിടിയിലാകുമ്പോൾ ഇവരുടെ കയ്യിൽ പത്ത് ലക്ഷത്തോളം വില വരുന്ന 44 ആൻഡ്രോയിഡ് ഫോണുകളും, തോക്കും, കത്തിയും ഉണ്ടായിരുന്നു.

മനോജിനെതിരെ നാല് കേസുകളും കരണിന്റെ പേരിൽ രണ്ട് കേസുകളുമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടി നേരത്തെ കേസുകളിൽ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. സംഘത്തലവൻ മനോജ് തന്റെ രണ്ട് സംഘാങ്ങൾക്കും പ്രതിമാസം 15000 രൂപ വീതം ശമ്പളവും ഔട്ട് സ്റ്റേഷൻ യാത്രകളിൽ സൗജന്യ ഭക്ഷണവും താമസവും അലവൻസും നൽകിയതായി പറയുന്നു.
തിരക്കേറിയ മാർക്കറ്റുകളിൽ നിന്നും റെയിൽ വേ സ്റ്റേഷനുകളിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. മോഷ്ടിച്ച മൊബൈൽ ഫോണുകൾ അതിർത്തി കടത്തി ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും അയക്കാറാണ് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ മോഷ്ടിച്ച ഫോണുകൾ ട്രാക്ക് ചെയ്യാനും സംഘത്തെ പിടികൂടാനും ബുദ്ധിമുട്ടായിരിക്കും.
പോലീസ് ഒരാഴ്ചയോളം പണിപ്പെട്ടാണ് സംഘത്തെ പിടികൂടിയത്. 200 ൽ അധികം സി സി ടി വി ക്യാമറകളിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങളും അവരുടെ നീക്കങ്ങളും ട്രാക്ക് ചെയ്ത ശേഷമാണ് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 44 ആൻഡ്രോയിഡ് ഫോണുകളും ഒരു തോക്കും കത്തിയും ജി ആർ പി കണ്ടെടുത്തു.
സംഘത്തലവൻ മനോജ് ആദ്യം തന്റെ ഗ്രാമമായ സാഹെബ്ഗഞ്ചിൽ കുറച്ച് വിദ്യാഭ്യാസമുള്ള പണം ആവശ്യം ഉള്ള യുവാക്കളെ വലയിലാക്കുകായിരുന്നു. സംഘത്തിലെ അംഗങ്ങൾ നല്ല വേഷം ധരിക്കുന്നവരും ഹിന്ദി നന്നായി സംസാരിക്കുന്നവരുമായിരുന്നു. അത് കൊണ്ട് തന്നെ ട്രെയിനിലും ബസ്സിലും യാത്ര ചെയ്യുമ്പോൾ ഇവരെക്കുറിച്ച് മറ്റുള്ളവർക്ക് സംശയം തോന്നിയിരുന്നില്ല.












Click it and Unblock the Notifications