കേന്ദ്രമന്ത്രി രാജിവെച്ചു; ഇനി കോണ്‍ഗ്രസിനൊപ്പം, ബിജെപിക്ക് തിരിച്ചടി!! ബിഹാറില്‍ എന്‍ഡിഎ തകരും
ദില്ലി: കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു. എന്‍ഡിഎ സഖ്യം വിടാനും തീരുമാനിച്ചു. ചൊവ്വാഴ്ച പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ബിജെപിയെ ഞെട്ടിപ്പിച്ചുകൊണ്ട് മന്ത്രിയുടെ രാജിപ്രഖ്യാപനം. തിങ്കാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ മന്ത്രി പങ്കെടുക്കില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ബിഹാറില്‍ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് കുശ്വാഹ. ഇദ്ദേഹത്തിന്റെ പാര്‍ട്ടി എന്‍ഡിഎ വിട്ടത് ബിജെപിക്ക് ബിഹാറില്‍ തിരിച്ചടിയാകും. ബിഹാറില്‍ ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ മതിയായ പരിഗണന നല്‍കിയില്ലെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കുശ്വാഹ സഖ്യംവിടാന്‍ തീരുമാനിച്ചത്. വിവരങ്ങള്‍ ഇങ്ങനെ....

ശീതകാല സമ്മേളനം
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുകയാണ്. പ്രതിപക്ഷം സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നുണ്ട്. എന്‍ഡിഎ സഖ്യവും യോഗം ചേരാനിരിക്കെയാണ് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാജി പ്രഖ്യാപനം. പ്രതിപക്ഷ യോഗത്തിന് കുശ്വാഹ എത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

ബിഹാറിലെ പ്രശ്‌നങ്ങള്‍
എന്‍ഡിഎ സഖ്യത്തില്‍ നിന്ന് രാജിവെക്കുന്ന കാര്യം ഉപേന്ദ്ര കുശ്വാഹ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിലെ പ്രശ്‌നങ്ങളാണ് കുശ്വാഹയെ രാജിവെക്കാന്‍ പ്രേരിപ്പിച്ചത്. കുശ്വാഹയുടെ പാര്‍ട്ടിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്നാണ് ആക്ഷേപം.

ബിഹാര്‍ എന്‍ഡിഎയില്‍ ഇവര്‍
ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ ബിജെപി, ജെഡിയു, എല്‍ജെപി, കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്നീ കക്ഷികളാണുള്ളത്. ജെഡിയു നേരത്തെ എന്‍ഡിഎ സഖ്യം വിട്ട പാര്‍ട്ടിയാണ്. എന്നാല്‍ അടുത്തിടെ തിരിച്ച് സഖ്യത്തിലെത്തി. ശേഷം ബിജെപി ജെഡിയുവിന് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നാണ് കുശ്വാഹയുടെ ആരോപണം.

പ്രതിപക്ഷത്തിനൊപ്പം
ഇനി പ്രതിപക്ഷ സഖ്യത്തില്‍ ചേരാനാണ് കുശ്വാഹയുടെ തീരുമാനമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ പറയുന്നു. ബിഹാറില്‍ പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ്, ആര്‍ജെഡി കക്ഷികളാണുള്ളത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നേരത്തെ കുശ്വാഹയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ആദ്യം ലയനം, പിന്നെ സഖ്യം
കുശ്വാഹയുടെ പാര്‍ട്ടിയും നേരത്തെ ജെഡിയു വിട്ട ശരത് യാദവിന്റെ പാര്‍ട്ടിയും ലയിക്കാനാണ് ധാരണ. ശേഷം യുപിഎ സഖ്യത്തില്‍ ചേരും. രണ്ടു കക്ഷികളും ഒരുമിച്ചാല്‍ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് കൂടുതല്‍ സീറ്റ് സ്വന്തമാക്കാമെന്നാണ് കുശ്വാഹയുടെ പ്രതീക്ഷ.

ബിജെപിക്കെതിരെ പ്രസ്താവന
നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമാണ് കുശ്വാഹയ്ക്ക്. മോദി തന്നെ പ്രധാനമന്ത്രിയാകണമെന്നും കുശ്വാഹ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞാഴ്ച ആര്‍എല്‍എസ്്പി യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവന ബിജെപിക്കെതിരെ ആയിരുന്നു.

അനാവശ്യതീരുമാനങ്ങള്‍
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അനാവശ്യതീരുമാനങ്ങള്‍ എടുക്കുകയാണെന്നാണ് കുശ്വാഹയുടെ പാര്‍ട്ടി പുറത്തിറക്കിയ പ്രമേയത്തില്‍ ആരോപിക്കുന്നത്. അയോധ്യയില്‍ പള്ളി നിര്‍മിക്കണമോ അമ്പലം നിര്‍മിക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികല്ല. ഇത്തരം വിവാദങ്ങളില്‍ പരിഹാരം കാണാന്‍ മുന്‍കൈയ്യെടുക്കുകയാണ് പാര്‍ട്ടികള്‍ ചെയ്യേണ്ടതെന്നും പ്രമേയത്തില്‍ പറയുന്നു.

കൂടെ നിന്നതിന്റെ പ്രതിഫലം
രാഷ്ട്രീയ ലോക് സമത പാര്‍ട്ടി അധ്യക്ഷനാണ് കുശ്വാഹ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെപിക്കൊപ്പം നിന്നതിന്റെ പ്രതിഫലമായിട്ടാണ് ബിജെപി കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി പദവി കുശ്വാഹയ്ക്ക നല്‍കിയത്. എന്നാല്‍ ബിഹാറില്‍ വല്യേട്ടന്‍ ചമയാന്‍ നോക്കുന്ന ജെഡിയുവിന്റെ നിലപാടിനോട് കുശ്വാഹ തീരെ രസത്തിലല്ല.

ജെഡിയു ഇടപെടല്‍
കുശ്വാഹയുടെ പാര്‍ട്ടിക്ക് നാമമാത്രമായ സീറ്റുകള്‍ വിട്ടുകൊടുത്താല്‍ മതിയെന്നാണ് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിന്റെ നിലപാട്. സീറ്റ് വിഭജനം നടത്തിയപ്പോള്‍ കുശ്വാഹയുടെ പാര്‍ട്ടിക്ക് രണ്ട് ലോക്‌സഭാ സീറ്റുകള്‍ മാത്രം ലഭിക്കാനാണ് സാധ്യത. ഇത്തവണ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കണമെന്ന് കുശ്വാഹ നേരത്തെ ആവശ്യമുന്നയിച്ചിരിക്കെയാണിത്.

നിര്‍ണായക ശക്തി
കുശ്വാഹ കോണ്‍ഗ്രസ് പക്ഷത്തേക്ക് പോകുമെന്ന പ്രചാരണം ശക്തമാണ്. അദ്ദേഹം ചില സൂചനകള്‍ നല്‍കുകയും ചെയ്തു. ബിഹാറില്‍ പല മണ്ഡലങ്ങളിലും നിര്‍ണയാക ശക്തിയാണ് കുശ്വാഹയുടെ പാര്‍ട്ടി. കര്‍ഷക വിഭാഗങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനമാണ് പാര്‍ട്ടിക്ക്. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് ശരത് യാദവുമായി കുശ്വാഹ ചര്‍ച്ച നടത്തി.

ജെഡിയു രഹസ്യ നീക്കം
ബിഹാര്‍ നിയമസഭയില്‍ രണ്ട് സീറ്റുണ്ട് കുശ്വാഹയുടെ പാര്‍ട്ടിക്ക്. ഈ സീറ്റുകള്‍ നിതീഷ് കുമാര്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് കുശ്വാഹയുടെ ആരോപണം. കുശ്വാഹയുടെ പാര്‍ട്ടി നേതാക്കളുമായി നിതീഷ് കുമാര്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. തങ്ങളുടെ പാര്‍ട്ടിയെ ഇല്ലാതക്കാനാണ് നിതീഷ്‌കുമാറിന്റെ ശ്രമമെന്ന് കുശ്വാഹ പറയുന്നു.

പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച
ലാലു പ്രസാദിന്റെ മകന്‍ തേജസ്വി യാദവ്, ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുമായും കുശ്വാഹ ചര്‍ച്ച നടത്തി. ബിഹാറില്‍ നിന്ന് പരമാവധി സീറ്റുകള്‍ പിടിക്കാനുള്ള ബിജെപി ശ്രമത്തിന് തിരിച്ചടിയാകും കുശ്വാഹയുടെ പിന്‍മാറ്റം. ഇദ്ദേഹം പ്രതിപക്ഷ സഖ്യത്തിലെത്തിയാല്‍ അവര്‍ക്ക് സ്വാധീനം വര്‍ധിക്കുകയും ചെയ്യും.

സീറ്റ് വിഭജനം ഇങ്ങനെ
ബിജെപി അധ്യക്ഷന്‍ അമിത് ഷായും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും സീറ്റ് വിഭജന ചര്‍ച്ച നടത്തിയിരുന്നു. ബിഹാര്‍ എന്‍ഡിഎ സഖ്യത്തിലെ പ്രധാന രണ്ട് കക്ഷികളാണ് ബിജെപിയും ജെഡിയുവും. ഇരു പാര്‍ട്ടികളും തുല്യ അളവില്‍ സീറ്റ് വിഭജിക്കും. ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 16 വീതം സീറ്റുകളില്‍ ബിജെപിയും ജെഡിയുവും മല്‍സരിക്കാനാണ് ധാരണ.

ആകെ രണ്ട്, വേണ്ടെന്ന് മന്ത്രി
ബാക്കി എട്ട് സീറ്റുകളില്‍ ആറെണ്ണം രാം വിലാസ് പാസ്വാന്റെ എല്‍ജെപിക്ക് കൈമാറും. രണ്ടെണ്ണം കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടിക്ക് വിട്ടുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സീറ്റ് വിഭജനം സംബന്ധിച്ച് സമവായത്തിലെത്തിയെന്ന് അമിത് ഷായും നിതീഷ് കുമാറും പ്രഖ്യാപിച്ചിരുന്നു. ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ കുശ്വാഹ പറഞ്ഞിരുന്നു.












Click it and Unblock the Notifications