അന്പലത്തില്‍ കയറിയ ദളിതനെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിച്ചവശനാക്കി വായില്‍ മൂത്രമൊഴിച്ചു
കൃഷ്ണഗിരി: ജാതിയുടെ പേരില്‍ അതിക്രമങ്ങള്‍ നടക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലും നാണിപ്പിയ്ക്കുന്ന തരത്തില്‍ തമിഴ്‌നാട്ടില്‍ ദളിത് യുവാവിനെ നേരെ ആക്രമണം. ഉത്സവത്തിന് അമ്പലത്തില്‍ പ്രവേശിച്ച ദളിത് യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയശേഷം വായില്‍ മൂത്രമൊഴിയ്ക്കുകയായിരുന്നു മേല്‍ജാതിക്കാരായ ഹിന്ദുക്കള്‍.
കൃഷ്ണഗിരിജില്ലയിലെ കരുവണ്ണൂരിലാണ് സംഭവം. എം അരവിന്ദന്‍ (20) എന്ന യുവാവാണ് ജാതിയുടെ പേരില്‍ മര്‍ദ്ദനത്തിന് ഇരയായത്. ഒരു സ്വകാര്യ കമ്പനിയില്‍ വെല്‍ഡറായി ജോലിനോക്കുകയാണ് അരവിന്ദന്‍. ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നാട്ടിലെത്തിയത്. സുഹൃത്ത് ആര്‍ ദിനേശി (20) ന് ഒപ്പമാണ് ക്ഷേത്രത്തില്‍ എത്തിയത്.

ക്ഷേത്രത്തില്‍ കടന്നപ്പോഴേ ജാതിപ്പേര് വിളിച്ച് പലരും അവഹേളിച്ചുവെന്നും തങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയെന്നും അരവിന്ദന്‍ ആരോപിയ്ക്കുന്നു. കളിയാക്കലുകള്‍ക്ക് മറുപടി നല്‍കാന്‍ തുടങ്ങിയതോടെ യുവാക്കള്‍ക്ക് നേരെ ക്ഷേത്രത്തിലുണ്ടായിരുന്ന മേല്‍ജാതിക്കാര്‍ മര്‍ദ്ദനം അഴിച്ച് വിട്ടു.
ടോയ്‌ലറ്റിനുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി രണ്ട് പേരെയും മര്‍ദ്ദിച്ചവശരാക്കി. മര്‍ദ്ദനമേറ്റ് തളര്‍ന്ന അരവിന്ദന്‍ കുടിയ്ക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ അക്രമികളിലൊരാള്‍ വായില്‍ മൂത്രമൊഴിച്ചെന്നും അരവിന്ദന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുയ അക്രമികളില്‍ നിന്നും രക്ഷപ്പെട്ട ദിനേശാണ് അരവിന്ദന്റെ വീട്ടുകാരെ വിവരം അറിയിച്ചതും രക്ഷിച്ചതും. കല്ലവി പൊലീസില്‍ യുവാക്കള്‍ പരാതി നല്‍കി. ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കൊളെജില്‍ ചികിത്സയിലാണ് അരവിന്ദൻ.












Click it and Unblock the Notifications