Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ നിര്‍ണായക പുരോഗതി; മോദിയും ജെഡി വാന്‍സും കൂടിക്കാഴ്ച്ച നടത്തി

ഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വലംകൈയായ ജെഡി വാന്‍സിന്റെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെ കേന്ദ്രീകരിച്ചായിരുന്നു ഇരുവരുടെയും ചര്‍ച്ച.

ചൈനയുമായി അമേരിക്ക തീരുവ യുദ്ധം പ്രഖാപിച്ച ഘട്ടത്തിലാണ് വാന്‍സിന്റെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തീരുവ വിഷയത്തില്‍ ഇന്ത്യയോടുള്ള മൃദുസമീപനം തുടരുമെന്ന സൂചനയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനം നല്‍കുന്നത്. വ്യാപാര കരാര്‍ സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. ഊര്‍ജം, പ്രതിരോധം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചും മോദിയും വാന്‍സും സംസാരിച്ചു.

vance-modi

ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ പുരോഗതിയില്‍ മോദിയും ജെഡി വാന്‍സും സംതൃപ്തി പ്രകടിപ്പിച്ചതായി ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം കൂടിക്കാഴ്ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അമേരിക്കയിലേക്കുള്ള എല്ലാ ഇന്ത്യന്‍ ഇറക്കുമതികള്‍ക്കും ചുമത്തിയ 26 ശതമാനം പകരതീരുവ പ്രാബല്യത്തില്‍ വരുന്നത് 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചിരുന്നു. ഇന്ത്യയുമായുള്ള സൗഹൃദത്തിന് പ്രഥമ പരിഗണന നല്‍കുന്നതിനാല്‍ താരിഫ് വിഷയത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ കരാറായിരിക്കും നടപ്പാക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ ശതകോടീശ്വരനും ടെസ്‌ല മേധാവിയുമായ ഇലോണ്‍ മസ്‌ക് മോദിയുമായി ടെലിഫോണില്‍ സംസാരിക്കുകയും ഇന്ത്യ-യുഎസ് വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

വാന്‍സുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ, സുഹൃത്തായ ഡൊണാള്‍ഡ് ട്രംപിനുള്ള ആശംസയും മോദി കൈമാറി. അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡ് സഖ്യത്തിന്റെ ഉച്ചകോടി ഈ വര്‍ഷം ഇന്ത്യയിലാണ് നടക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ അതില്‍ പങ്കെടുക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം അവസാനം ഇന്ത്യയിലേക്കുള്ള ട്രംപിന്റെ സന്ദര്‍ശനത്തെ താന്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് മോദി വാന്‍സിനോടു പറഞ്ഞു. ഫെബ്രുവരിയില്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലും വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ട്രംപിനെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു.

തിങ്കളാഴ്ച്ച രാവിലെയാണ് ജെഡി വാന്‍സ് ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷയ്ക്കും മക്കളായ ഇവാന്‍, വിവേക്, മിറാബെല്‍ എന്നിവര്‍ക്കുമൊപ്പം ഇന്ത്യയിലെത്തിയത്. രാവിലെ ഡല്‍ഹി പാലം വ്യോമസേന വിമാനത്താവളത്തിലെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കുട്ടികള്‍ക്ക് മയില്‍പീലി നല്‍കിയാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളായ കുര്‍ത്തയും പൈജാമയും അനാര്‍ക്കലിയും അണിഞ്ഞാണ് കുട്ടികള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയത്.

യുഎസ് വൈസ് പ്രസിഡന്റ് വാന്‍സിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. അമേരിക്കയിലേക്കു മടങ്ങുന്നതിന് മുന്‍പ് ജയ്പൂരും ആഗ്രയും സന്ദര്‍ശിക്കും. ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷയുടെ കുടുംബാംങ്ങളെ സന്ദര്‍ശിക്കാനും ഇരുവര്‍ക്കും പദ്ധതിയുണ്ട്. മാര്‍പാപ്പ മരിക്കുന്നതിന് തൊട്ടുമുന്‍പ് വാന്‍സ് സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷമാണ് ഇന്ത്യയിലെത്തിയത്.

വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സാങ്കേതിക വിദ്യ, മാനുഫാക്ടറിങ്, ഓട്ടോമൊബൈല്‍സ്, ഊര്‍ജ മേഖലകളില്‍ അമേരിക്കയില്‍ നിന്നുള്ള നിക്ഷേപത്തില്‍ മികച്ച വര്‍ധനയുണ്ടാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, മൊബൈല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ യുഎസ് കമ്പനികള്‍ ഇന്ത്യയില്‍ വൈകാതെ വലിയ നിക്ഷേപം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് യുഎസ് കമ്പനികള്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്. ഈ മേഖലയില്‍ ചൈനയ്ക്കു ബദലായിട്ടാണ് ഇന്ത്യ വളര്‍ന്നുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+