വെറും ദേശീയത....അല്ലാതെ സീറ്റ് മോഹിച്ചല്ല; ബിജെപിയില്‍ എത്തിയതിന്റെ കാരണം വ്യക്തമാക്കി അപര്‍ണ യാദവ്
ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് മോഹിച്ചാണെന്ന പ്രചരണത്തെ തള്ളി മുലായം സിംഗിന്റെ മരുമകള്‍ അപര്‍ണ യാദവ്. ബി ജെ പിയിലേക്കെത്തിയത് ദേശീയതയില്‍ ആകൃഷ്ടയായാണെന്നും ടിക്കറ്റ് മോഹിച്ചല്ലെന്നും അവര്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയില്‍ തനിക്ക് ടിക്കറ്റ് നിഷേധിച്ചില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും നയങ്ങളാണ് തന്നെ സ്വാധീനിച്ചതെന്നും അപര്‍ണ യാദവ് കൂട്ടിച്ചേര്‍ത്തു. സമാജ് വാദി പാര്‍ട്ടിയുടെ സമുന്നതനായ നേതാവായ മുലായം സിംഗിന്റെ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചും യോഗി ആദിത്യനാഥിനൊപ്പം ഗോശാലയില്‍ വെച്ച് ചിത്രമെടുത്തും തന്റെ ബി ജെ പി അനുഭാവം പ്രകടിപ്പിച്ചിരുന്നു.
അത് ബിജെപിയുടെ ചതിക്കുഴിയാണ്... വീണുപോകരുത്; മുന്നറിയിപ്പുമായി രാകേഷ് ടികായത്

ബി ജെ പിയിലെത്തിയത് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ലെന്നും ബി ജെ പിയ്ക്കായി മുഴുവന്‍ സമയ പ്രചരണത്തിലും താനുണ്ടാകുമെന്നും അപര്‍ണ പറഞ്ഞു. അതേസമയം അപര്‍ണ യാദവ് ബി ജെ പിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു അഖിലേഷ് യാദവ് പറഞ്ഞത്. സമാജ് വാദി പാര്‍ട്ടിയുടെ ആശയങ്ങള്‍ ബി ജെ പിയ്ക്ക് പകര്‍ന്ന് നല്‍കാന്‍ അപര്‍ണയ്ക്കാവട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു. തങ്ങള്‍ക്ക് മത്സരിപ്പിക്കാന്‍ കഴിയാത്തവരെ പോലും ബി ജെ പി ഏറ്റെടുത്ത് മത്സരിപ്പിക്കുകയാണെന്നും അതിനോട് ബി ജെ പിയോട് കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ ദല്‍ഹിയില്‍ നിന്നാണ് അപര്‍ണ ബി ജെ പി അംഗത്വം സ്വീകരിച്ചത്. 2017ല്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ച അപര്‍ണ ബി ജെ പി നേതാവ് റീത്താ ബഹുഗുണ ജോഷിയോട് പരാജയപ്പെട്ടിരുന്നു. മന്ത്രിമാരടക്കം ബി ജെ പി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുകയും സമാജ് വാദി പാര്‍ട്ടിയില്‍ ചേരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അപര്‍ണ യാദവ് അപ്രതീക്ഷിതമായി ബി ജെ പിയിലെത്തിയത്. ഇത് സമാജ് വാദി പാര്‍ട്ടിയ്ക്ക് കനത്ത് തിരിച്ചടിയായിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രിമാരെയടക്കം സമാജ് വാദി പാര്‍ട്ടിയിലെത്തിച്ച അഖിലേഷ് ഒ ബി സി, പിന്നാക്ക, മുസ്ലീം, വോട്ടുകള്‍ ലക്ഷ്യമിട്ടാണ് തന്ത്രം മെനയുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ വലിയ പിന്തുണയും സമാജ് വാദി പാര്‍ട്ടിയ്ക്കുണ്ട്. ആര്‍ എല്‍ ഡിയുമായി സഖ്യമുള്ളതോടൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ്, സി പി ഐ എം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ അഖിലേഷിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ മുന്നേറ്റം. 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാം.