വീടൊഴിയണം; പൊളിക്കാന്‍ ബുള്‍ഡോസര്‍ എത്തും... യുപിയില്‍ പ്രതിഷേധിച്ചവര്‍ക്ക് നോട്ടീസ്
ലഖ്‌നൗ: പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി. സമരത്തില്‍ പങ്കെടുത്തവരുടെ വീട് പൊളിക്കാന്‍ പ്രയാഗ് രാജ് വികസന അതോറിറ്റി തീരുമാനിച്ചു. വീടൊഴിഞ്ഞുപോകണമെന്നും വൈകാതെ ബുള്‍ഡോസര്‍ എത്തുമെന്നും കാണിച്ച് വീടുകള്‍ക്ക് മുമ്പില്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചു. സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് പോലീസ് പറയുന്ന വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് മുഹമ്മദ് ജാവേദിന്റെ വീട്ടിലെ ഗേറ്റില്‍ നോട്ടീസ് പതിച്ചു. പ്രയാഗ് രാജിലെ അതാല ഏരിയയിലാണ് ജാവേദിന്റെ വീട്.

വീട് ചട്ടം ലംഘിച്ചു നിര്‍മിച്ചുവെന്നും പൊളിച്ചുനീക്കുമെന്നും നോട്ടീസില്‍ പറയുന്നു. വീടിന് മുമ്പില്‍ പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. ഈ വര്‍ഷം മെയ് 5ന് ജാവേദിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഒഴിഞ്ഞുപോകണമെന്നാണ് പുതിയ നിര്‍ദേശം. ബിജെപി നേതാവിനെതിരായ പ്രതിഷേധം ശക്തിപ്പെട്ടത് അത്താലയില്‍ നിന്നാണ്. തൊട്ടുപിന്നാലെയാണ് വീട് പൊളിക്കുമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഹമ്മദ് ജാവേദിനെ ഗുണ്ടാ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രയാഗ് രാജില്‍ നൂറോളം സമരക്കാരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ രാജ്യദ്രോഹ നിയമമാണ് ഇത്തരത്തില്‍ അറസ്റ്റിലാകുന്നവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഈ നിയമം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് ദേശ സുരക്ഷാ- ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്യുന്നത്. സമരം നടന്നതിന് പിന്നാലെ അത്താലയിലെ നിയമ വിരുദ്ധ നിര്‍മാണങ്ങളുടെ കണക്കെടുക്കാന്‍ ഉദ്യോഗസ്ഥരെത്തിയിരുന്നു. പിന്നീടാണ് സമരത്തില്‍ പങ്കെടുത്തവരുടെ ഗേറ്റുകളില്‍ നോട്ടീസ് പതിച്ചിരിക്കുന്നത്. നിരവധി സമരക്കാരുടെ വീടുകള്‍ പൊളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കാണ്‍പൂരില്‍ പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ സ്വത്ത് വകകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ കടകളും മറ്റുമാണ് തകര്‍ത്തത്. പരേഡ് മാര്‍ക്കറ്റില്‍ ഒരു വിഭാഗം ആളുകള്‍ കടകള്‍ അടയ്ക്കുകയും മറ്റുള്ളവരെ അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീട് ചേരിതിരിഞ്ഞ് സംഘര്‍ഷവും കല്ലേറുമുണ്ടായി. ഈ സംഭവത്തില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്തെ പ്രധാന മുസ്ലിം നേതാവായ സഫര്‍ ഹയാത്ത് ഹശ്മിയാണ് പ്രതിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് ആരോപണം. ഹശ്മിയുടെ കടകള്‍ പൊളിച്ചുനീക്കി. കാണ്‍പൂരിലെ ബിത്തൂരിലുള്ള റിയാസ് അഹമ്മദിന്റെ നിര്‍മാണം നടക്കുന്ന പെട്രോള്‍ പമ്പും പൊളിച്ചുനീക്കിയവയില്‍ ഉള്‍പ്പെടും.












Click it and Unblock the Notifications