ഉത്തര്‍ പ്രദേശില്‍ മദ്രസകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തി; അഖിലേഷിന്റെ നയം അവസാനിപ്പിച്ച് യോഗി സര്‍ക്കാര്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മദ്രസകള്‍ക്ക് നല്‍കുന്ന ഗ്രാന്റ് നിര്‍ത്തിവച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പുതിയ മദ്രസകള്‍ക്കുള്ള ഗ്രാന്റാണ് നിര്‍ത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് മദ്രസകള്‍ക്ക് ഗ്രാന്റ് നല്‍കുന്ന നയം കൊണ്ടുവന്നത്. ഇപ്പോള്‍ യോഗി സര്‍ക്കാര്‍ അത് നിര്‍ത്തിവച്ചു. എന്നാല്‍ നേരത്തെ നല്‍കിവരുന്ന മദ്രസകള്‍ക്കുള്ള ഗ്രാന്റ് തുടരും. മദ്രസകള്‍ ആധുനികവല്‍ക്കരിക്കുന്നതിന് 479 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ യുപി സര്‍ക്കാര്‍ നീക്കിവച്ചിരുന്നു. യുപിയില്‍ 16000ത്തോളം രജിസ്റ്റര്‍ ചെയ്ത മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 558 മദ്രസകള്‍ക്കാണ് ഗ്രാന്റ് നല്‍കുന്നത്.

അടുത്തിടെ മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ മദ്രസകളിലും അധ്യാപകരും വിദ്യാര്‍ഥികളും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ചൊല്ലണമെന്നാണ് നിര്‍ദേശം. ഉത്തര്‍ പ്രദേശ് ന്യൂനപക്ഷ കാര്യമന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ മാര്‍ച്ച് 24ന് ചേര്‍ന്ന മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകള്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്.
ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആദ്യം അധികാരമേറ്റത് 2017ലായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തല്‍ എല്ലാ മദ്രസകള്‍ക്കും നിര്‍ബന്ധമാക്കിയത് ആ വര്‍ഷമാണ്. മദ്രസ പഠനം മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണെന്ന് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു. മദ്രസ വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഗാനം നിര്‍ബന്ധമാക്കിയതെന്ന് അദ്ദേഹം പറയുന്നു. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക മൂല്യങ്ങളും പഠിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്രസ വിദ്യാഭ്യാസത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാണ്. മതപഠനത്തിനൊപ്പം ഗണിതം, ശാസ്ത്രം, കംപ്യൂട്ടര്‍ എന്നീ പഠനങ്ങളും യുപിയിലെ മദ്രസകളിലുണ്ടെന്നും മന്ത്രി പറഞ്ഞു. 2016ല്‍ എല്ലാ സിനിമാശാലകളിലും സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം ചൊല്ലല്‍ സുപ്രീംകോടതി നിര്‍ബന്ധമാക്കിയിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം പ്രായോഗികത പരിശോധിച്ച് ഉത്തരവ് പിന്‍വലിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് മാര്‍ഗരേഖ തയ്യാറാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.












Click it and Unblock the Notifications