ഉത്തരാഖണ്ഡിൽ പതിവ് തെറ്റിയില്ല, ധാമിക്ക് പരാജയം; അടുത്ത മുഖ്യമന്ത്രി ആര്?
ദില്ലി; ഉത്തരാഖണ്ഡിൽ സംസ്ഥാനത്തെ പതിവ് തെറ്റിച്ച് ബി ജെ പിക്ക് അധികാര തുടർച്ച ലഭിച്ചെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ തോൽവി ബി ജെ പിക്ക് തിരിച്ചടിയായി. ഖതിമ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭുവന്‍ ചന്ദ്ര കാപ്രിയോട് 6932 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പരാജയം രുചിച്ചത്. അതേസമയം ധാമിയുടെ തോൽവിയോടെ മുഖ്യമന്ത്രിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന പതിവും ഉത്തരാഖണ്ഡിൽ ആവർത്തിച്ചിരിക്കുകയാണ്.

ഇത് മൂന്നാം തവണയാണ് ഖതിമ സീറ്റിൽ നിന്നും പുഷ്കർ സിംഗ് ധാമി മത്സരിക്കുന്നത്. നേരത്തേ 2017 ൽ 2709 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ധാമി വിജയിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുള്ള ധാമിയുടെ ആദ്യ പോരാട്ടമായിരുന്നു ഇക്കുറി നടന്നത്. തുടക്കത്തിൽ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് ഓരോ ഘട്ടത്തിലും ധാമി പിന്നോട്ട് പോകുകയായിരുന്നു.

2017 ൽ ത്രിവേന്ദ്ര സിംഗ് റാവത്തായിരുന്നു ബി ജെ പിയുടെ ആദ്യ മുഖ്യമന്ത്രി. എന്നാൽ പിന്നീട് ത്രിവേന്ദ്രിനെ മാറ്റി തിരാത്ത് റാവത്തിനെ ബി ജെ പി പരീക്ഷിക്കുകയായിരുന്നു. എന്നാൽ വൈകാതെ തന്നെ തീരത്തിനെതിരെ കലാപക്കൊടി ഉയർന്നു. പിന്നാലെയാണ് പുഷ്കർ സിംഗ് ധാമിയെ മുഖ്യമന്ത്രിയാക്കുന്നത്.

യുവ നേതാവായ ധാമിയിലൂടെ വൻ തിരിച്ചുവരവായിരുന്നു പാർട്ടിയുടെ പ്രതീക്ഷ. കൂറ്റൻ വിജയം എന്ന ആഗ്രഹം നേടിയെടുക്കാൻ പാർട്ടിക്ക് സാധിച്ചെങ്കിലും ധാമിയുടെ പരാജയം ബി ജെ പിക്ക് കല്ലുകടിയായി. അതേസമയം ഇതാദ്യമായല്ല ഉത്തരാഖണ്ഡിൽ ഇത്തരത്തിൽ മുഖ്യമന്ത്രിമാർ തിരഞ്ഞെടുപ്പിൽ പരാജയം രുചിക്കുന്നത്. 2017 ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥയായിരുന്നു കോൺഗ്രസ് നേതാവ് ഹരീഷ് സിംഗ് റാവത്ത് പരാജയപ്പെട്ടിരുന്നു.അന്ന് രണ്ട് മണ്ഡലത്തിലായിരുന്നു റാവത്ത് മത്സരിച്ചിരുന്നത്. ഉദ്ദം സിംഗ് ജില്ലയിലെ കിച്ച മണ്ഡലത്തിലും ഹരിദ്വാർ റൂറൽ മണ്ഡലത്തിലും. എന്നാൽ ഇവിടെ രണ്ടിടത്തും അദ്ദേഹം തോൽവി രുച്ചിച്ചു..

2012 ൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഖണ്ഡൂരിയും ദയനീയമായി തോറ്റിരുന്നു. അതേസമയം ഹരീഷ് റാവത്തും ഇത്തവണ പരാജയപ്പ്പെട്ടു. ലാൽകുവ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാര്‍ഥി മോഹന്‍ സിങ് ബിഷ്ടിനോടാണ് പരാജയപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ ഹരിഷ് റാവത്ത് ബഹുദൂരം പിന്നിലായിരുന്നു.

അതേസമയം മുഖ്യമന്ത്രിമാർ അഞ്ച് വർഷം വാഴില്ലെന്ന പതിവും ധാമിയിലൂടെ ഉത്തരാഖണ്ഡിൽ ആവർത്തിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകൃതമായിട്ട് 21 വർഷങ്ങളാണ് ആയത്. ഇതിനിടയിൽ 10 മുഖ്യമന്ത്രിമാർ സംസ്ഥാനം ഭരിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ എൻ ഡി തിവാരിക്ക് മാത്രമാണ് അഞ്ച് വർഷം പൂർത്തിയാക്കാനായത്.

അതിനിടെ പുഷ്കർ സിംഗ് ധാമി പരാജയപ്പെട്ടതോടെ അടുതത് മുഖ്യമന്ത്രി ആരെന്ന ചർച്ച പാർട്ടി കേന്ദ്രങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില് നിലവിൽ 48 സീറ്റ് നേടിയാണ് ബി ജെ പിയുടെ മുന്നേറ്റം തുടരുന്നത്. ഇക്കുറി സംസ്ഥാനത്ത് പതിവ് ആവർത്തിച്ച് ഭരണം പ്രതീക്ഖഷിച്ച കോൺഗ്രസിന് വെറും 18 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. കഴിഞ്ഞ തവണ 11 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. ബി ജെ പിക്ക് ലഭിച്ചത് 57 സീറ്റുകളായിരുന്നു. അതേസമയം കന്നി പോരാട്ടത്തിറങ്ങിയ ആം ആദ്മിക്ക് സംസ്ഥാനത്ത് നിലംതൊടാൻ സാധിച്ചിട്ടില്ല. സ്വതന്ത്രർ ഉള്‍പ്പടേയുള്ള മറ്റുള്ളവർ 5 സീറ്റില്‍ മൂന്നിട്ട് നില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications