ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരുക്ക്
ഷിംല: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരുക്കുണ്ട്. ഉത്തരാഖണ്ഡിലെ അല്‍മോറയിലാണ് സംഭവം നടന്നത്. പൗരി ജില്ലയിലെ നൈനിദന്തയില്‍ നിന്ന് നൈനിറ്റാളിലെ രാംനഗറിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പോലീസും, എന്‍ഡിആര്‍എഫും, സംസ്ഥാന ദുരന്ത പ്രതികരണ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ബസിലെ അമിതമായ തിരക്കാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണ നിരക്ക് ഇനിയും ഉയരുമെന്ന് അല്‍മോറ എസ്പി ദേവേന്ദ്ര പിഞ്ച പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ബസ്സില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണവരാണ് സംഭവം പോലീസില്‍ അറിയിച്ചത്.

മരിച്ചവരുടെ കുടുംബത്തിന് നാല് രൂപയുടെ ധനസഹായം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയും നല്‍കുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കുമയൂണ്‍ ഡിവിഷനിലെ കമ്മീഷണറോട് സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഈ മേഖലയിലെ അസിസ്റ്റന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, സംഭവം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും എക്‌സില്‍ കുറിച്ചു.
രക്ഷാപ്രവര്‍ത്തനം സുഗമമായി നടത്താന്‍ ജില്ലാ ഭരണകൂടത്തിനോട് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. പരുക്കേറ്റവരെ ഏറ്റവും അടുത്തുള്ള ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി ചികിത്സ നല്‍കണമെന്നും, ഗുരുതരമായി പരുക്കേറ്റവരെ ആവശ്യമായി വന്നാല്‍ എയര്‍ലിഫ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക. പരുക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതേസമയം എത്തേണ്ട സ്ഥലമായ രാംപൂരിന് 35 കിലോമീറ്റര്‍ അകലെ വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.
പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പലരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ തിരക്കിട്ട് എത്തിക്കുന്നതിനിടെ 9 പേരാണ് മരിച്ചത്. മൂന്ന് യാത്രക്കാരെ എയര്‍ലിഫ്റ്റ് ചെയ്താണ് എയിംസില്‍ എത്തിച്ചത്. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട ബസില്‍ നാല്‍പ്പതോളം യാത്രക്കാരുണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും സഹായിക്കുന്നുണ്ട്. നിരവധി യാത്രക്കാര്‍ ഇപ്പോഴും തകര്‍ന്ന ബസിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് അല്‍മോറ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഓഫീസര്‍ വിനീത് പാല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.












Click it and Unblock the Notifications