ബിജെപി വിട്ടതോടെ കേസുകള്‍ പൊങ്ങുന്നു; യോഗി സര്‍ക്കാരില്‍ നിന്ന് രാജിവെച്ച മന്ത്രിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്
ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ മുന്‍ മന്ത്രി സ്വാമിപ്രസാദ് മൗര്യയ്ക്ക് അറസ്റ്റ് വാറണ്ട്. എട്ട് വര്‍ഷം മുന്‍പ് നടത്തിയ വിവാദ പ്രസ്താവനയ്ക്കാണ് പാര്‍ട്ടി വിട്ടയുടന്‍ മാര്യയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാകാന്‍ മൗര്യയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
മതവിദ്വേഷം വളര്‍ത്തിയ കേസില്‍ ജനുവരി 24ന് കോടതിയില്‍ ഹാജരാകാനാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2014 ലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പസംഗം. അന്ന് സ്വാമിപ്രസാദ് മൗര്യ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ (ബി എസ് പി) ആയിരുന്നു.
'വിവാഹസമയത്ത് ഗൗരി ദേവിയെയോ ഗണപതിയെയോ ആരാധിക്കരുത്. ദളിതരെയും പിന്നാക്ക വിഭാഗക്കാരെയും തെറ്റിദ്ധരിപ്പിക്കാനും അടിമകളാക്കാനുമുള്ള സവര്‍ണ്ണ മേധാവിത്വ വ്യവസ്ഥയുടെ ഗൂഢാലോചനയാണിത്, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അടുത്തമാസം ആദ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ടാണ് ക്യാബിനറ്റ് മന്ത്രി സ്വാമി പ്രസാദി മൗര്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. സ്വാമി പ്രസാദ് മൗര്യക്കൊപ്പം റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാക്യ എന്നീ നാല് എം എല്‍ എമാരും ബി ജെ പി വിട്ടിരുന്നു.
യോഗി സര്‍ക്കാര്‍ ദളിത് പിന്നാക്കക്കാരെ അവഗണിക്കുകയാണെന്നാരോപിച്ചാണ് തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം രാജിവെച്ചത്. മൗര്യ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം യോഗി ആദിത്യനാഥിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നതിലും മൗര്യയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. ബിജെപി അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭാ കക്ഷി യോഗത്തിലായിരിക്കും അടുത്ത മുഖ്യമന്ത്രിയെ കുറിച്ച് തീരുമാനമെടുക്കുക എന്നായിരുന്നു മൗര്യ അഭിപ്രായപ്പെട്ടത്.
യോഗി ആദിത്യനാഥിനെ തന്നെ മുന്നില്‍ നിര്‍ത്തി ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു മൗര്യയുടെ നിലപാട്. ഖുഷിനഗറിലെ പദ്രൗണ നിയമസഭാ സീറ്റില്‍ നിന്നുള്ള എം എല്‍ എയായ മൗര്യ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ സാമാന്യം പിന്തുണയുള്ള നേതാവാണ്.
മൗര്യയുടെ മകള്‍ സംഘമിത്ര മൗര്യ ബദൗണ്‍ ലോക്സഭാ സീറ്റില്‍ നിന്നുള്ള ബി ജെ പി എംപിയാണ്. ബി എസ് പി വിട്ട് 2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സ്വാമി പ്രസാദ് മൗര്യ ബി ജെ പിയില്‍ ചേരുന്നത്.












Click it and Unblock the Notifications