ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: മാർഗ്ഗരറ്റ് ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഎപിയും ജെഎംഎമ്മും
ദില്ലി: ഓഗസ്റ്റ് ആറിന് നടക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എ എ പി) സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയെ പിന്തുണയ്ക്കും.
പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ആൽവയെ പിന്തുണയ്ക്കാൻ പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഏകകണ്ഠമായി തീരുമാനിച്ചതെന്ന് എ എ പി വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് ചൊവ്വാഴ്ച പറഞ്ഞു.
"പാർട്ടിയിലെ എല്ലാ രാജ്യസഭാംഗങ്ങളും ഓഗസ്റ്റ് 6 ന് പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് വോട്ട് ചെയ്യും," യോഗത്തിന് ശേഷം സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ പശ്ചിംമ ബംഗാള്‍ ഗവർണർ ജഗ്ദീപ് ധൻഖറിനെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ നോമിനിയാക്കിയിരിക്കുന്നത്. ഇലക്ടറൽ കോളേജ് കണക്ക് പ്രകാരം, ബി ജെ പിക്ക് തന്നെ ലോക്‌സഭയിൽ 303 അംഗങ്ങളും രാജ്യസഭയിൽ 91 അംഗങ്ങളും ഉള്ളതിനാൽ ധൻഖറിന് മൂന്നിൽ രണ്ട് വോട്ടുളുടെ പിന്തുണയോടെ വിജയിക്കാന്‍ സാധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

ജനതാദൾ (യുണൈറ്റഡ്), വൈ എസ് ആർ സി പി, ബി എസ് പി, എ ഐ എ ഡി എം കെ, ശിവസേന തുടങ്ങിയ ചില പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ എൻ ഡി എ സ്ഥാനാർത്ഥിക്ക് 515 വോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ആൽവയുടെ സ്ഥാനാർത്ഥിത്വത്തിന് പാർട്ടികൾ ഇതുവരെ പ്രഖ്യാപിച്ച പിന്തുണ അനുസരിച്ച് 190-200 വോട്ടുകൾ നേടാനാണ് സാധ്യത. അതേസമയം, ലോക്‌സഭയിൽ 23ഉം രാജ്യസഭയിൽ 16ഉം എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. തെലങ്കാന രാഷ്ട്ര സമിതിയും തെലുങ്ക് ദേശം പാർട്ടിയും പോലുള്ള ചില പ്രാദേശിക പാർട്ടികൾ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെ എം എം) വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ആറിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി ആൽവയ്ക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് പാർട്ടി അധ്യക്ഷൻ ഷിബു സോറൻ പ്രസ്താവനയിലൂടെ പാർലമെന്റംഗങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ജെഎംഎമ്മിന് 3 എംപിമാരുണ്ട് - 2 രാജ്യസഭയിലും 1 ലോക്സഭയിലും. പ്രതിപക്ഷ പാർട്ടിയാണെങ്കിലും, ജൂലൈ 18 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജെ എം എം നേരത്തെ ബി ജെ പി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണച്ചിരുന്നു.












Click it and Unblock the Notifications