'വിജയ് അണ്ണനെ കാണണം, ഒപ്പം അഭിനയിക്കണം'; വിഴുപ്പുറത്ത് സമ്മേളനത്തിനെത്തി മംഗലഡാം ഉണ്ണിക്കണ്ണന്‍
ചെന്നൈ: ഇളയദളപതി വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പാര്‍ട്ടി സമ്മേളനത്തിനെത്തി പാലക്കാട് മംഗലഡാം സ്വദേശി ഉണ്ണിക്കണ്ണന്‍. തമിഴ്‌നാട്ടിലെ വിഴുപ്പുറത്താണ് സമ്മേളനം നടക്കുന്നത്. വിജയിയോടുള്ള ആരാധനയുടെ പേരില്‍ ഏറെ പ്രശസ്തനാണ് ഉണ്ണിക്കണ്ണന്‍.
വിജയിക്കൊപ്പം സിനിമയില്‍ അഭിനയിച്ചതിന് ശേഷം മുടിവെട്ടുകയുള്ളൂ എന്ന പ്രതിജ്ഞയെടുത്തിരുന്നു ഉണ്ണിക്കണ്ണന്‍. വിജയിയെ കാണാനായി ഇയാള്‍ പലതവണ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല. ഒടുവില്‍ ആഗ്രഹം സാക്ഷാത്കരിക്കാനായി പാര്‍ട്ടി സമ്മേളനം നടക്കുന്ന വേദിയിലേക്ക് എത്തിയിരിക്കുകയാണ് ഉണ്ണിക്കണ്ണന്‍. വിജയ് അണ്ണനെ കണ്ട് തന്റെ ആഗ്രഹം പറയണമെന്ന് ഉണ്ണിക്കണ്ണന്‍ പറയുന്നു.

'ഇന്നലെ രാത്രിയാണ് ചെന്നൈയിലെത്തിയത്. തനിച്ചാണ് വന്നത്. ഭക്ഷണം കഴിച്ചിട്ടോ കുളിച്ചിട്ടോയില്ല. നേരെ ഇവിടേക്കാണ് വന്നത്. വെളിയില്‍ ഉള്ള ഒരാള്‍ പറയുകയാണ് ഞാന്‍ മുടി താടിയും നീട്ടിവളര്‍ത്തുന്നത് വൈറലാവാന്‍ വേണ്ടിയാണെന്ന്. ഉണ്ണിക്കണ്ണന്‍ മലയാളത്തിലെ വലിയ വലിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. വിജയ് സാറിനെ ഒന്ന് കാണണം. തിരുവനന്തപുരത്ത് വന്നപ്പോള്‍ കണ്ടിരുന്നു. എല്ലാവരും എന്നെ ചീത്തപ്പറഞ്ഞ് ഓടിക്കുകയാണ്.
കാശുള്ളവന് വിജയ് സാറിനെ കാണാന്‍ പറ്റുന്നില്ല. പിന്നെ എന്നെ പോലുള്ളവര്‍ എങ്ങനെ കാണുമെന്നും ഉണ്ണിക്കണ്ണന്‍ വിഷമത്തോടെ ചോദിക്കുന്നു. താന്‍ ഇത് നുണ പറയുന്നതല്ല, ഞാ്ന്‍ വിശ്വസിക്കുന്ന യേശു, അല്ലാഹ്, അയ്യപ്പനാണേ സത്യമാണ്, വിജയ് അണ്ണനെ ഒന്നു കാണാന്‍ വേണ്ടി മാത്രമാണ് എത്തിയതെന്ന് ഉണ്ണിക്കണ്ണന്‍ പറഞ്ഞു.
വിജയിയുടെ പ്ലക്കാര്‍ഡും കൈയ്യിലേന്തിയാണ് മംഗലഡാം ഉണ്ണിക്കണ്ണന്‍ സമ്മേളന വേദിയില്‍ എത്തിയത്. ആരും എന്നെ സഹായിക്കാനില്ല. ഈ സിനിമയില്‍ എങ്കില്‍ വിജയ് സാറിനൊപ്പം അഭിനയിക്കണം. അദ്ദേഹത്തിന്റെ പിന്നില്‍ നിന്നാല്‍ മാത്രം മതി. ഡയലോഗൊന്നും വേണ്ട. 69ാമത്തെ ചിത്രം വിജയിയുടെ അവസാനത്തേതാണ്. സ്‌ക്രീനിന്റെ പുറകില്‍ നില്‍ക്കാന്‍ മാത്രം സാധിച്ചാല്‍ മതി. അതിന് എന്നെ സഹായിക്കണം.
വിജയിയുടെ രാഷ്ട്രീയത്തിലേക്ക് വരവ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതൊക്കെ വിജയ് അണ്ണന്റെ ഇഷ്ടമാണ്. അദ്ദേഹത്തെ പിന്തുണയ്ക്കും. ഇത് കാണുന്ന മറ്റ് നടന്‍മാര്‍ ദേഷ്യപ്പെടേണ്ടതില്ല. അവരുടെ ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഉണ്ണിക്കണ്ണന്‍ പറഞ്ഞു.
അതേസമയം വിക്രവണ്ടിയിലേക്ക് പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയിരിക്കുന്നത്. കടുത്ത ചൂടിനെ അവഗണിച്ചാണ് പലരും എത്തിയിരിക്കുന്നത്. കടുത്ത ചൂട് ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രതികൂല സാഹചര്യം മുന്നില്‍ കണ്ട് പരിപാടികള്‍ ഒരു മണിക്കൂര്‍ നേരത്തെയാക്കിയിട്ടുണ്ട്.
നാല് മണിക്കായിരിക്കും പാര്‍ട്ടി പരിപാടികള്‍ ആരംഭിക്കുക. പാര്‍ട്ടിയുടെ പ്രവര്‍ത്തകരും വിജയ് ആരാധകരും ഇന്നലെ രാത്രിയോടെ തന്നെ വേദിയിലെത്തിയിരുന്നു. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വിജയ് നേരത്തെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. 20000 ഇലക്ട്രിക് ലൈറ്റുകള്‍, 72 എല്‍ഇഡി സ്‌ക്രീനുകള്‍, വാാട്ടര്‍ ടാങ്കുകള്‍, 200 ഏക്കറിലെ പാര്‍ക്കിങ്, എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications