വിജയ് 'വി' പിടിക്കും; 9 മണ്ഡലങ്ങള്‍ ഷോട്ട് ലിസ്റ്റ് ചെയ്തു, എല്ലാം ജ്യോല്‍സ്യന്‍ പ്രവചിച്ച പോലെ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ആറ് മാസമേയുള്ളൂ. എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. നടന്‍ വിജയ് നയിക്കുന്ന ടിവികെ സംസ്ഥാനതല പര്യടനം തീരുമാനിച്ചതും തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായിരുന്നു. കരൂര്‍ ദുരന്തത്തോടെ എല്ലാം തകിടം മറിഞ്ഞു. എന്നാല്‍ പുതിയ ഒരുക്കം തുടങ്ങുകയാണ് വിജയ്.
ഭരണകക്ഷിയായ ഡിഎംകെ അടുത്തിടെ നടത്തിയ രഹസ്യ സര്‍വ്വെയില്‍ വിജയിയുടെ ജനപ്രീതിക്ക് കോട്ടം സംഭവിച്ചിട്ടില്ല എന്നാണ് വ്യക്തമായത്. ഇത് ഡിഎംകെയെ അല്‍പ്പം ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വിജയ് നടത്തുന്ന അടുത്ത നീക്കം ഡിഎംകെ ഉറ്റുനോക്കുകയാണ്. വിജയുടെ രാഷ്ട്രീയ തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനം അദ്ദേഹത്തിന്റെ കുടുംബ ജ്യോല്‍സ്യനുണ്ട്. അദ്ദേഹം ചില നിര്‍ദേശങ്ങള്‍ നല്‍കി എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍...

മധുരയിലോ തിരിച്ചിയിലോ വിജയ് മല്‍സരിച്ചേക്കുമെന്നായിരുന്നു മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ പല രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും വേദിയായ മണ്ഡലങ്ങളാണിവ. എന്നാല്‍ വിജയുമായി ബന്ധപ്പെട്ട പുതിയ വിവരം മറ്റൊന്നാണ്. വിജയ് ഒരു രഹസ്യ സര്‍വ്വെ നടത്തിയത്രെ. 9 മണ്ഡലങ്ങളിലാണ് സര്‍വ്വെകള്‍ നടത്തിയത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതാണ് ഒമ്പത് മണ്ഡലങ്ങള്‍
കുടുംബ ജ്യോല്‍സ്യന്റെ തീരുമാനം വിജയ് അനുസരിക്കുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ജ്യോല്‍സ്യന്‍ നിര്‍ദേശിച്ചത് 'വി' വച്ച് തുടങ്ങുന്ന മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ്. ഇത്തരത്തില്‍ ഒമ്പത് മണ്ഡലങ്ങളാണുള്ളത്. വില്ലിവാക്കം, വിരുഗമ്പാക്കം, വിക്രവണ്ടി, വിരുത്താചലം, വീരപാണ്ടി, വിരളിമലൈ, വിരുദുനഗര്‍, വിളാത്തികുളം, വിളവന്‍കോട് എന്നിവയാണ് ഈ ഒമ്പത് മണ്ഡലങ്ങള്‍.
ഈ മണ്ഡലങ്ങളില്‍ തന്റെ ജനപ്രീതി പരിശോധിക്കാന്‍ വിജയ് നിര്‍ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സര്‍വ്വെ ഫലം വിജയ്ക്ക് ലഭിച്ചുകഴിഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷം ഒരു മണ്ഡലം വിജയ് തിരഞ്ഞെടുക്കും. ഒരുപക്ഷേ, രണ്ട് മണ്ഡലങ്ങളില്‍ വിജയ് മല്‍സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്തിമ തീരുമാനം എടുത്ത ശേഷമാകും വിജയ് മല്‍സരിക്കുന്ന മണ്ഡലം പ്രഖ്യാപിക്കുക.
മല്‍സരത്തിന് നാല് സംഘങ്ങള്‍
ചതുഷ്‌കോണ മല്‍സരമാണ് ഇത്തവണ തമിഴ്‌നാട്ടില്‍ നടക്കുക എന്നാണ് കരുതുന്നത്. ഡിഎംകെ സഖ്യം, അണ്ണാഡിഎംകെ സഖ്യം, ടിവികെ, സീമാന്‍ നയിക്കുന്ന നാം തമിഴര്‍ കക്ഷി എന്നിവരാണ് പ്രധാനമായും മല്‍സര രംഗത്ത്. എഎംഎംകെ, പിഎംകെ, ഡിഎംഡികെ എന്നിവര്‍ ഏതെങ്കിലും മുന്നണിയില്‍ ചേരുമോ അതോ ഒറ്റയ്ക്ക് മല്‍സരിക്കുമോ എന്ന് ജനുവരിയില്‍ അറിയാം. ജനുവരിയില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് മൂന്ന് പാര്‍ട്ടികളും പറഞ്ഞിട്ടുണ്ട്.
അതേസമയം, കരൂര്‍ ദുരന്തത്തിന് ശേഷം വിജയിയെ കൂടെ നിര്‍ത്താന്‍ അണ്ണാഡിഎംകെയും ബിജെപിയും ശ്രമിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം വിജയ് ചേരുമോ എന്ന് വ്യക്തമല്ല. ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന നേതാവ് കൂടിയാണ് വിജയ്. അതേസമയം, വിജയുടെ പാര്‍ട്ടിക്ക് അംഗീകാരം ലഭിച്ചിട്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications