മസാജും വീട്ടു ഭക്ഷണവുമടക്കം എഎപി മന്ത്രിക്ക് തീഹാർ ജയിലിൽ വിഐപി പരിഗണന; ആരോപണവുമായി ഇഡി
ദില്ലി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ എ എ പി നേതാവും ദില്ലി മന്ത്രിയുമായ സത്യേന്ദര്‍ ജെയിനിന് തിഹാർ ജയിലിൽ വി ഐ പി പരിഗണന ലഭിക്കുന്നുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ). എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ജയിൻ ജയിലിൽ കഴിയുന്നതെന്നും ജയിൽ ചട്ടങ്ങൾ ലംഘിച്ച് കേസിൽ കൂട്ടുപ്രതികളുമായി കഴിയുന്നവരെ സ്ഥിരം കാണാനും സംസാരിക്കാനും അവസരം ലഭിക്കുന്നുണ്ടെന്നും ദില്ലി കോടതിയിൽ ഇ ഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആഡംബര ജീവിതമാണ് ജയിൻ ജയിലിൽ നയിക്കുന്നത്. തല, കാല്‍, പുറം മസാജുകള്‍ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ജെയിനിന് ലഭിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജയിലിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളും ഇഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജയിൽ സൂപ്രണ്ടിനെ എല്ലാ ദിവസവും ജയിൻ കാണാറുണ്ട്. ഇതിൽ ജയിൽ ചട്ടങ്ങൾ വിരുദ്ധമാണ്. കോടതി ഉത്തരവിനെ മറികടന്ന് വീട്ടില്‍ പാചകംചെയ്ത ഭക്ഷണം ജെയിന് എല്ലാദിവസവും എത്തിക്കുന്നുണ്ടെന്നും ഇഡി ആരോപിച്ചു.
ജയില്‍ വകുപ്പുമന്ത്രി കൂടിയായ ജെയിന്‍ തന്റെ അധികാരം ദുരുപയോഗം ചെയ്യുകയാണ്. ജയിലിൽ കഴിയുന്ന കേസിലെ കൂട്ടുപ്രതികളായ അങ്കുഷ് ജെയിൻ, വൈഭവ് ജെയിൻ എന്നിവരെ സത്യേന്ദർ ജെയിൻ പലപ്പോഴും കാണാറുണ്ട്. ജെയിനിന്റെ ഭാര്യ പൂനം ജെയിൻ പലപ്പോഴും സെല്ലിൽ അദ്ദേഹത്തെ സന്ദർശിക്കാറുണ്ടെന്നും കേന്ദ്ര ഏജൻസി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇഡിയുടെ ആരോപണങ്ങൾ ജയിൽ അധികൃതർ നിഷേധിച്ചു. സത്യേന്ദ്ര ജയിനിന്റെ വാർഡിലെ സി സി ടി വി ദൃശ്യങ്ങൾ ഇഡി നശിപ്പിച്ചുവെന്ന് തീഹാർ ജയിൽ അധികൃതർ കുറ്റപ്പെടുത്തി. പുറത്ത് നിന്ന് ആരും സത്യേന്ദർ ജെയിനിന്റെ സെല്ലിൽ എത്തിയിട്ടില്ലെന്നും അധികൃതർ അവകാശപ്പെട്ടു. രാവിലെ ജയിലിൽ തലയെണ്ണുന്ന സമയത്ത് വാർഡിലുള്ള എല്ലാ തടവുകാർക്കും പരസ്പരം സംസാരിക്കാം. ഇഡി പറയുന്ന കൂട്ടുപ്രതികളും ജെയിനിന്റെ വാർഡിൽ തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ അവർക്ക് പരസ്പരം സംസാരിക്കുന്നതിൽ തടസങ്ങൾ ഒന്നുമില്ല. തലയെണ്ണൽ കഴിഞ്ഞാൽ തടവു പുള്ളികൾ അവരുടെ സെല്ലിലേക്ക് തിരിച്ച് പേകും, അതിന് ശേഷം അവർക്ക് ആരേയും കാണാൻ സാധിക്കില്ലെന്നും അധികൃതർ പറയുന്നു.സത്യേന്ദർ ജെയിന് ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ലഭിക്കുന്നുണ്ടെന്ന ഇ ഡി ആരോപണവും ജയിൽ വകുപ്പ് തള്ളി.












Click it and Unblock the Notifications