ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; മൂന്ന് മണി വരെ 67.55 ശതമാനം പോളിംഗ്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന് തുടക്കമായി. വൈകിട്ട് മൂന്ന് മണിവരെ 67.55 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗില്‍ നാല് ജില്ലകളിലായി 62 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മുര്‍ഷിദാബാദിലെ 22 മണ്ഡലങ്ങളും നാദിയ 17 മണ്ഡലങ്ങളും ബര്‍ദ്ദാന്‍ ജില്ലയിലെ വടക്കന്‍ കൊല്‍ക്കത്തയിലെ ആറ് മണ്ഡലങ്ങളുമാണ് ഇന്ന് ജനവിധി തേടുന്നത്. ഏപ്രില്‍ 11ന് ആരംഭിച്ച തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിനാണ് ഇതോടെ തുടക്കമായിട്ടുള്ളത്.
16,461 പോളിംഗ് സ്‌റ്റേഷനുകളില്‍ നിന്നായി 1.37 കോടി വോട്ടര്‍മാരാണ് നിയമസഭാംഗത്തെ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് പോളിംഗ് ബൂത്തുകളിലെത്തുക. 418 സ്ഥാനാര്‍ത്ഥികളില്‍ 34 പേരും സ്ത്രീകളാണെന്ന പ്രത്യേകതയും ഈ മണ്ഡലങ്ങളിലുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 62 മണ്ഡലങ്ങളില്‍ 45ല്‍ 29 സീറ്റ് തൃണമൂലും 16 സീറ്റ് കോണ്‍ഗ്രസുമാണ് നേടിയത്. ഇടതുപക്ഷ പാര്‍ട്ടികളായായ സിപിഐഎം 14 സീറ്റും റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, ആള്‍ ഇന്ത്യ ഫോര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റു വീതവുമാണ് നേടിയത്. മൂന്നാം ഘട്ടത്തില്‍ ഭരണപക്ഷമായ തൃണമൂലും ബിജെപിയും എല്ലാ സീറ്റുകളിലും ജനവിധി തേടുന്നുണ്ട്.

ഇടത്- കോണ്‍ഗ്രസ് ബാന്ധവം എല്ലാ സീറ്റു നിര്‍ണ്ണയത്തിനിടെ എല്ലാ സീറ്റുകളിലും തര്‍ക്കവിഷയമആയിരുന്നു. മൂര്‍ഷിദാബാദിലെ 10 സീറ്റുകളിലും നാദിയയിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് നോമിനികളായ സ്ഥാനാര്‍ത്ഥികളുമായി ഇടതുപക്ഷം ഇടയുന്ന സാഹചര്യത്തിനും ബംഗാള്‍ സാക്ഷ്യം വഹിച്ചിരുന്നു.
അവസാനഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ നാദിയയിലെ ദക്ഷിണ റാണാഘട്ടും വ്യാപ്തിയുടെ കാര്യത്തില്‍ ബര്‍ദ്ദന്‍ ജില്ലയിലെ ഓസ്ഗ്രാമുമാണ് ഏറ്റവും വലിയ മണ്ഡലങ്ങള്‍. കൊല്‍ക്കത്തയിലെ ശ്യാമംപുകാര്‍ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്.
ഇത്തവണ ജനവിധി തേടുന്നവരില്‍ ഏറെപ്പേരും സംസ്ഥാന തലത്തില്‍ മന്ത്രി പദം അലങ്കരിക്കുന്നവരാണ്. തൃണമൂലിന്റെ ശശി പഞ്ച, സദന്‍ പാണ്ഡെ, സുബ്രത സാഹ, രബിരഞ്ചന്‍ ചതോപാധ്യായ്, മുന്‍ മന്ത്രിയും സിപിഎം സ്ഥാാര്‍ത്ഥിയുമായ അനിസുര്‍ റഹ്മാന്‍, ദെബേഷ് ദാസ്, കോണ്‍ഗ്രസ് നേതാവ് എംഡി സൊഹ്രാബ്, മുന്‍ സംസ്ഥാന പ്രസിഡന്റ് സോമേന്ദ്ര നാഥ് മിത്ര, ബിജെപിയിലെ റിതേഷ് തിവാരി എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
തര്‍ക്കത്തിലുള്ള 418 സ്ഥാനാര്‍ത്ഥികളില്‍ 61 പേര്‍ കോടിപതികളും 80 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുകളുള്ളവരുമാണ്. ഇവരില്‍ 65 പേര്‍ക്കെതിരെ കൊലപാതകം, പീഡനം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുള്ളവരാണ്.
294 മണ്ഡലങ്ങളില്‍ 105 മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ ഏപ്രില്‍ 4,11, 17 തിയ്യതികളില്‍ രണ്ട് ഘട്ടമായി നടന്ന തെരഞ്ഞടുപ്പില്‍ സമ്മതിദായകാവകാശം ഉപയോഗപ്പെടുത്തിയവരാണ്. ആറ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 25, 30, മെയ് 5 തിയ്യതികളിലുള്ള വോട്ടെടുപ്പോടെ അവസാനിക്കും.












Click it and Unblock the Notifications