ഹൈദരാബാദ് സംഭവം; വ്യക്തി എന്ന നിലയിൽ സന്തോഷം, നീതി നടപ്പാക്കേണ്ടത് ഇങ്ങനെയല്ല: ദേശീയ വനിത കമ്മീഷൻ
ദില്ലി: ഹൈദരാബാദിലെ പോലീസ് എൻകൗണ്ടറിൽ പ്രതികരണവുമായി ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. ഒരു സാധാരണ പൗര എന്ന നിലയിൽ ഈ നടപടിയിൽ സന്തോഷം തോന്നുന്നു എന്ന് അവർ വ്യക്തമാക്കി. എന്നാൽ നിയമനടപടികളിലൂടെയായിരുന്നു ശിക്ഷ നടപ്പാക്കേണ്ടിയിരുന്നതെന്നും അവർ വ്യക്തമാക്കി.
അവർക്കെല്ലാവർക്കും ഇത്തരത്തിലൊരു ശിക്ഷ തന്നെയാണ് ആഗ്രഹിച്ചത്. പക്ഷേ ഇത് ശരിയായ നടപടിക്രമത്തിലൂടെ നടപ്പിലാക്കണമായിരുന്നുവെന്ന് രേഖ ശർമ്മ പറഞ്ഞു. പ്രതികളെ വെടിവെച്ച് കൊന്ന പോലീസ് നടപടിയെ അഭിനന്ദിച്ചും എതിർത്തും നിരവധിപേർ രംഗത്ത് വരുന്നതിനിടയിലാണ് ദേശീയ വനിത കമ്മീഷൻ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെയാണ് രാവിലെയാണ് ഹൈദരാബാദിൽ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത തീ കൊളുത്തിക്കൊന്ന കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ചു കൊന്നത്. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
പ്രതികളായ മുഹമ്മദ് ആരിഫ്, ജോളു നവീൻ, ചെന്ന കേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു നാല് പ്രതികളെയും പോലീസ് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതും. തുടർന്ന് പോലീസ് വെടിവെച്ചത്. 20 നും 24 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച നാല് പേരും.