മായാവതി ബുദ്ധ മതത്തിലേക്ക്? ഒറ്റയ്ക്കല്ല മതം മാറ്റം അനുയായികളേയും കൂട്ടി, ബിജെപിക്ക് മുന്നറിയിപ്പ്
നാഗ്പൂർ: ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നേര്‍ക്കുള്ള പീഡനങ്ങള്‍ ബിജെപിയും ആര്‍എസ്എസും ഉപേക്ഷിച്ചില്ലെങ്കില്‍ പാര്‍ട്ടി അനുയായികള്‍ക്കൊപ്പം ബുദ്ധമതം സ്വീകരിക്കുമെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് കുമാരി മായാവതി. നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്തിന് സമീപം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മായാവതി ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാവുമെന്നും അതിനായി കരുതിയിരിക്കണമെന്നും മായാവതി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
'1935ല്‍ ഡോ. അംബേദ്കര്‍ നടത്തിയ പ്രഖ്യപനം അദ്ദേഹം ഒരു ഹിന്ദുവായാണ് ജനിച്ചതെങ്കിലും മരിക്കുമ്പോള്‍ അങ്ങനെയാവില്ല എന്നായിരുന്നു. ഹൈന്ദവ നേതാക്കള്‍ക്ക് മാറ്റത്തിനുള്ള സമയമായി 21 വര്‍ഷം അദ്ദേഹം നല്‍കി. പക്ഷേ, ദളിതര്‍ക്കെതിരായ സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് 1956ല്‍ അദ്ദേഹം ബുദ്ധമതം സ്വീകരിക്കുകയായിരുന്നു. എന്നാൽ അതിനുശേഷവും ദളിതർക്കെതിരെയുള്ള ചൂഷണത്തിന് മാറ്റമുണ്ടായില്ല. എന്നാൽ ഇന്ന് ബിജെപിക്കും ആർഎസിഎസിനും താക്കീത് നൽകുകയാണെന്നാണ് മായാവതി പറഞ്ഞത്.

ഒറ്റയ്ക്കല്ല കൂട്ടത്തോടെ
ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും തരംതാഴ്ന്നവരായി കണക്കാക്കുന്ന മനോഭാവം നിങ്ങള്‍ മാറ്റിയില്ലെങ്കില്‍ കോടിക്കണക്കിന് വരുന്ന അനുയായികളെയും കൂട്ടി ഞാന്‍ ബുദ്ധമതം സ്വീകരിക്കുമെന്ന് താക്കീതാണ് മായവതി ബിജെപിക്കും ആർഎസ്എസിനും നൽകിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും മായാവതി പറഞ്ഞു. ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിന്റെ പരാജയങ്ങളെ മറച്ചുപിടിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അവർ ആരോപിച്ചു.

പ്രവർത്തകർ ജാഗരൂകരായിരിക്കണം
ബിഎസ്പിയെ പരാജയപ്പെടുത്താന്‍ 2014 മുതല്‍ വോട്ടംഗ് മെഷീനില്‍ ക്രമക്കേട് നടത്താറുണ്ട് ബിജെപി. പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നത് കോണ്‍ഗ്രസോ നെഹ്റുവോ ബിജെപിയോ കാരണമല്ല, അംബേദ്ക്കറുടെ പ്രവർത്തന ഫലമാണെന്ന് പറഞ്ഞ മായാവതി ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിന്റെ പരാജയങ്ങളെ മറച്ചുപിടിക്കാനുള്ള ഗൂഢാലോചനകളെ കുറിച്ച് പ്രവർത്തകർ ജാഗരൂഗരായിരിക്കണമെന്ന് മായാവതി പറഞ്ഞു.

പരാമർശം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ
ഉത്തർപ്രദേശിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് മായാവതിയുടെ വെല്ലുവിളി. സത്യസന്ധവും സുതാര്യവുമാണ് തങ്ങളുടെ പ്രവർത്തനമെന്ന് ഉറപ്പുണ്ടെങ്കിൽ രാജ്യത്ത് ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്താൻ ബിജെപി ത്യയാറാകണമെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പുകലിൽ ബിജെപി പല സ്ഥലത്തും വോട്ടിങ് മെഷീനുകളിൽ കൃത്രിമം കാണിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഉത്തർപ്രദേസിൽ ബിഎസ്പി കനത്ത തിരിച്ചടി ഏറ്റുവാങ്ങിയത് ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടിയത് കൊണ്ടാണെന്നും മായാവതി കൂട്ടിച്ചേർത്തു.

ഇത് ആദ്യമല്ല...
മായാവതി ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന് വ്യാപകമായി പ്രചാരണം നടന്നിരുന്നു. നേരത്തെ ഇസ്‌ലാം മതം സ്വീകരിച്ച മറ്റൊരു യുവതിയുടെ ദൃശ്യങ്ങടക്കം ഷെയര്‍ ചെയ്താണ് പ്രചാരണം നടന്നിരുന്നത്. ഫേസ്ബുക്ക്, വാട്‌സ്അപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ മായാവതി ഇസ്‌ലാം മതം സ്വീകരിച്ചെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ താൻ ബുദ്ധമതം സ്വീകരിക്കുമെന്ന് ആദ്യമായല്ല മായാവതി പറയുന്നത്. ദളിത് പീഡനം തുടരാനാണ് ഭാവമെങ്കില്‍ ദളിത് നേതാക്കളുള്‍പ്പെടെ ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധമതത്തിലേക്ക് മാറുമെന്ന് മായാവതി നേരത്തെയും പറഞ്ഞിരുന്നു.












Click it and Unblock the Notifications