ബംഗാളും അസമും നാളെ രണ്ടാം ഘട്ട വോട്ടെടുപ്പിന്; നന്ദിഗ്രാം ശ്രദ്ധാകേന്ദ്രം
ന്യൂഡൽഹി: വീറും വാശിയും നിറഞ്ഞ പ്രചരണം ഇന്നലെ അവസാനിച്ചതോടെ പശ്ചിമ ബംഗാളിലെയും അസമിലെയും 69 മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷനും സജ്ജം. രണ്ടാം ഘട്ടത്തിൽ പോളിങ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും ബൂത്തുകളും പ്രശ്നബാധിത ബൂത്തുകളായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന നന്ദിഗ്രാമും രണ്ടാം ഘട്ടത്തിലാണ് വിധിയെഴുതുന്നത്. പശ്ചിമ ബംഗാളിനെ സംബന്ധിച്ചടുത്തോളം ഏറ്റവും വാശിയേറിയ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് നന്ദിഗ്രാം. സിറ്റിങ് മണ്ഡലമായ ഭവാനിപൂർ ഉപേക്ഷിച്ച് ബിജെപി വെല്ലുവിളി ഏറ്റെടുത്താണ് മമത നന്ദിഗ്രാമിൽ എത്തുന്നത്. തൃണമൂലിൽ തന്റെ വിശ്വസ്തനായിരുന്ന, പിന്നീട് ബിജെപിയിലേക്ക് കൂടുമാറിയ സുവേന്ദു അധികാരിയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം നടക്കുന്ന നന്ദിഗ്രാമിൽ പ്രചരണവും ശക്തമായ രീതിയിലായിരുന്നു. ഇരു പാർട്ടികളുടെയും കേന്ദ്ര-സംസ്ഥാന നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്തായിരുന്നു പ്രചരണം.
രണ്ടാം ഘട്ടത്തിൽ പശ്ചിമ ബംഗാളിലെ നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 30 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നേരത്തെ പറഞ്ഞ നന്ദിഗ്രാമിന് പുറമെ പുർബ മെഡിനിപൂർ ഉൾപ്പടെയുള്ള മണ്ഡലങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. 30 സീറ്റുകളിലായ 171 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 75,94,549 വോട്ടർമാർ ഏപ്രിൽ ഒന്നിന് പോളിങ് ബൂത്തിലെത്തും. 651 കമ്പനി കേന്ദ്ര സേനിയാണ് ഇത്രയും മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് സുരക്ഷ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
അസമിൽ രണ്ടാം ഘട്ടത്തിൽ 39 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 345 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. 126 മണ്ഡലങ്ങളുള്ള നിയമസഭയിലേക്ക് വാശിയേറിയ പോരട്ടമാണ് ഇക്കുറി നടക്കുന്നത്.
ബോളിവുഡ് സുന്ദരി താര സുതാരിയ- ലേറ്റസ്റ്റ് ചിത്രങ്ങൾ
നന്ദിഗ്രാമിലെ വോട്ടർമാരെ ഭയപ്പെടുത്തുന്നതിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സേനയെ കൊണ്ടുവന്നതായി മമത ആരോപിച്ചിരുന്നു. എന്നാൽ ആരും ഭയപ്പെടേണ്ടെന്നും അവർ കുറച്ച് ദിവസം മാത്രമേ ഇവിടെ കാണുവെന്നും തങ്ങൾ തിരിച്ചെത്തി ഒറ്റുകാർക്ക് തക്കതായ മറുപടി നൽകുമെന്നും മമത പറഞ്ഞു. സുവേന്ദു അധികാരിയെയാണ് ഒറ്റുകാരനെന്ന് പരാമർശിച്ചത്.
നന്ദിഗ്രാമിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തുടർച്ചയായ മൂന്നാം തവണയും തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമാധാനപരമായി വോട്ടുചെയ്യണമെന്നും "വർഗീയ കലാപങ്ങൾക്ക് പ്രേരണ നൽകുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും" മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. "അവർക്ക് (ബിജെപി) സ്വന്തം ആളുകളെ കൊല്ലാനും കലാപത്തിനുമുള്ള പദ്ധതിയുണ്ട്. ഞങ്ങൾക്ക് വിവരമുണ്ട്. ജാഗ്രത പാലിക്കുക, "അവൾ പറഞ്ഞു.