ആസമിൽ ബിജെപി ഭരണം, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടരും!
മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് നയിച്ച കോണ്‍ഗ്രസിനെ തറപറ്റിച്ച് ആസമില്‍ ബി ജെ പി ഭരണം ഉറപ്പിച്ചു. 126 അംഗ അസംബ്ലിയില്‍ അറുപത് ശതമാനത്തിലധികം വിജയവുമായാണ് ബി ജെ പി അട്ടിമറിജയം നേടിയത്. ബി ജെ പി ഭരണത്തിലെത്തുമെന്ന എക്‌സിറ്റ് പോളുകളെ ശരിവെക്കുന്നതായിരുന്നു ഫലവും.
പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. അഭിപ്രായ വോട്ടെടുപ്പിനെയും എക്‌സിറ്റ് പോളുകളെയും മറികടക്കുന്ന പ്രകടനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ കാഴ്ചവെക്കുന്നത്. ഇടതുപക്ഷ - കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടിയാണ് ബംഗാളില്‍ ഉണ്ടായത്. ആദ്യ അരമണിക്കൂര്‍ വോട്ടെടുപ്പ് കഴിയുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലായിരുന്നു.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ബംഗാളില്‍ 191 സീറ്റുകളുണ്ട്. ഇടതുപക്ഷത്തിന് 60 സീറ്റും കോണ്‍ഗ്രസിന് 35 സീറ്റും ഉണ്ട്. എന്നാല്‍ ഇത്തവണ മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിച്ചാണ് മത്സരിക്കുന്നത് എന്നാണ് ശ്രദ്ധേയം. ബി ജെ പിയും ഇത്തവണ വലിയ പ്രതീക്ഷയോടെ മത്സര രംഗത്തുണ്ട്.
അഭിപ്രായ സര്‍വ്വേകളും എക്‌സിറ്റ് പോളുകളും വെച്ച് നോക്കുകയാണെങ്കില്‍ ബംഗാളില്‍ ഇത്തവണ ഭരണമാറ്റമുണ്ടാകില്ല. ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ മമതയ്ക്ക് പരമാവധി 178 സീറ്റുകളാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. കോണ്‍ - ഇടത് സഖ്യം നൂറിലേറെ സീറ്റുകള്‍ പിടിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പറയുമ്പോള്‍ ബി ജെ പിക്ക് സാധ്യത കല്‍പിക്കപ്പെടുന്നത് നാല് സീറ്റുകളിലാണ്.












Click it and Unblock the Notifications