സൗത്ത് പര്‍ഗാനാസില്‍ തൃണമൂല്‍ 31ല്‍ 30, ബിജെപി വട്ടപൂജ്യം, മുര്‍ഷിദാബാദും മാല്‍ഡയും ഒപ്പം പോന്നു
കൊല്‍ക്കത്ത: ഒരുപിടിയുമില്ലാതെ നില്‍ക്കുകയാണ് ബിജെപി ബംഗാളില്‍. ഇത്രയേറെ തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് തരിപ്പണമാക്കിയിട്ടും നൂറ് സീറ്റ് പോലും നേടാനാവാത്ത അവസ്ഥ. ദില്ലിയിലെ നേതൃത്വത്തിന് ആരെയും കുറ്റപ്പെടുത്താന്‍ പോലുമാവാത്ത അവസ്ഥയാണ്. കാരണം അമിത് ഷായും നരേന്ദ്ര മോദിയും ബംഗാളില്‍ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അസോള്‍ പരിവര്‍ത്തന്‍ എന്ന ആശയത്തില്‍ കേന്ദ്രീകരിച്ച ബിജെപിക്ക് എവിടെയാണ് വോട്ട് ചോര്‍ന്നതെന്ന് പോലും വ്യക്തമല്ല. മമത ബാനര്‍ജി തോറ്റെങ്കില്‍ എല്ലാവരെയും ഞെട്ടിച്ച് വീണ്ടും സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുകയാണ്.

അമിത് ഷായുടെ വിളി
അമിത് ഷാ ബംഗാളില്‍ തോല്‍വിയില്‍ ശരിക്കും ഞെട്ടലിലാണ്. ദീദിയെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ബംഗാളിന്റെ ചാര്‍ജ് കൈലാഷ് വിജയ് വര്‍ഗീയക്കാണ് അമിത് ഷാ നല്‍കിയത്. ചാണക്യനെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. ലോക്‌സഭയില്‍ 18 സീറ്റ് ബിജെപിക്ക് നേടികൊടുത്തത് വിജയ് വര്‍ഗീയയായിരുന്നു. തോറ്റ ഉടനെ അദ്ദേഹത്തെയാണ് അമിത് ഷാ വിളിച്ചത്. എന്താണ് നാണക്കേടെന്ന ചോദ്യത്തിന് ഒന്നും മനസ്സിലാവുന്നില്ലെന്നായിരുന്നു മറുപടി. ബാബുല്‍ സുപ്രിയോയും ലോകറ്റ് ചാറ്റര്‍ജിയും തോറ്റത് വിജയ് വര്‍ഗീയയെ പോലും ഞെട്ടിച്ചിരിക്കുകയാണ്.

ബംഗാളിനെ മനസ്സിലാക്കിയില്ല
അമിത് ഷാ ഒരിക്കല്‍ കൂടി താന്‍ ഗുജറാത്ത് രാഷ്ട്രീയക്കാരന്‍ മാത്രമാണെന്ന് ബംഗാളില്‍ തെളിയിച്ചിരിക്കുകയാണ്. ഹിന്ദി ഹൃദയഭൂമിയിലെ തന്ത്രങ്ങളാണ് ഇവിടെ ഉപയോഗിച്ചത്. ബംഗാളിന് കള്‍ച്ചര്‍ ഭക്തി കൂടുതലാണെന്ന് അമിത് ഷാ തിരിച്ചറിഞ്ഞില്ല. പ്രധാനമായും ബുദ്ധിജീവി സമൂഹത്തെ മുഴുവന്‍ ബിജെപി ഭയപ്പെടുത്തിയിരുന്നു. സാംസ്‌കാരിക ലോകം ഒന്നടങ്കം ബിജെപിയെ കൈവിട്ട അവസ്ഥയിലായിരുന്നു. ഇതെല്ലാം കൃത്യമായി മമത ഉപയോഗിച്ചു. ബിജെപിയെ കുറിച്ചുള്ള ഭയം വോട്ടര്‍മാരിലേക്ക് എത്തിയത് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാനും തൃണമൂലിനെ സഹായിച്ചിട്ടുണ്ട്.

ബിജെപി കോട്ടകളും...
ബിജെപിയുടെ കോട്ടകളും ഇത്തവണ തൃണമൂല്‍ കടപുഴക്കി. ജംഗല്‍മഹല്‍, ഹൂഗ്ലി, ജല്‍ഗായ്പുരി, എന്നിവിടങ്ങളിലെല്ലാം ടിഎംസിക്കാണ് ലീഡ്. മിഡ്‌നാപൂരിലും സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലും മുന്നേറ്റം മമതയുടെ പാര്‍ട്ടിക്ക്. സൗത്ത് പര്‍ഗാനാസ് ജില്ലയില്‍ 31 സീറ്റില്‍ മുപ്പതെണ്ണവും മമത തൂത്തുവാരി. ബാക്കിയുള്ള ഒരു സീറ്റ് അബ്ബാസ് സിദ്ദിയുടെ സഹോദരനും സ്വന്തമാക്കി. ബിജെപി ഇവിടെ വട്ടപൂജ്യമായി. എട്ട് ഘട്ട വോട്ടെടുപ്പില്‍ ഒരു ഘട്ടത്തില്‍ പോലും ബിജെപി ആധിപത്യം നേടിയിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

ചാടിയവര്‍ക്ക് കണക്കിന് കിട്ടി
തൃണമൂലില്‍ നിന്ന് ചാടി നേതാക്കള്‍ക്കെല്ലാം കണക്കിന് കിട്ടി. ബിജെപിയുടെ കോട്ടയായ ഹൂഗ്ലിയില്‍ എംപി ലോക്കറ്റ് ചാറ്റര്‍ജി തോറ്റു. സ്വപന്‍ ദാസ്ഗുപ്തയും തോറ്റ് തുന്നംപാടി. ടിഎംസിയുടെ മന്ത്രിയായിരുന്ന രജിബ് ബാനര്‍ജി ഹൗറ ജില്ല പിടിക്കാനിറങ്ങി തോറ്റോടി. ഇവിടെ ഡോംജൂരിലാണ് രജിബ് തോറ്റത്. തൃണമൂലിന്റെ മാട്ടുവി ബെല്‍റ്റിലെ ബന്‍ഗാവ് പിടിച്ചത് മാത്രമാണ് ബിജെപിക്ക് ഏക ആശ്വാസം. മാല്‍ഡയും മുര്‍ഷിദാബാദിലും തൃണമൂലിന്റെ തേരോട്ടമായിരുന്നു. ഇവിടെ 34 സീറ്റാണ് മമതയുടെ പാര്‍ട്ടി നേടി.

തോറ്റോടിയ സീറ്റുകള്‍
ജല്‍ഗായ്പുരിയിലും നോര്‍ത്ത് ദിനജ്പൂരിലും സൗത്ത് ദിനജ്പൂരിലും തൃണമൂല്‍ കുതിപ്പായിരുന്നു. കൊല്‍ക്കത്തയുടെ നഗരമേഖലകളിലും നോര്‍ത്ത് 24 പര്‍ഗാനാസിലെ നഗര മേഖലയിലും വന്‍ മുന്നേറ്റമാണ് തൃണമൂല്‍ നടത്തിയത്. ലെഫ്. ജനറല്‍ സുബ്രത സാഹ, നടി പായല്‍ സര്‍ക്കാര്‍, ബാബുല്‍ സുപ്രിയോ എന്നീ പ്രമുഖരെ ബിജെപി ഇറക്കിയിരുന്നു. ഇവരെല്ലാം തോറ്റ് തുന്നംപാടി. കൊല്‍ക്കത്തയിലെ ബുദ്ധിജീവികളെ സ്വാധീനിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ഭവാനിപൂര്‍ സീറ്റിലും ജയം തൃണമൂലിനൊപ്പമായിരുന്നു.












Click it and Unblock the Notifications