'മുസ്ലിങ്ങളെ എക്കാലത്തും ചതിക്കാനാകില്ല'; മിന്നും ജയവുമായി കോണ്‍ഗ്രസ്, ബംഗാള്‍ സഭയില്‍ ആദ്യം
2011 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൈവശം വെക്കുന്ന സീറ്റാണിത്. രണ്ട് വര്‍ഷം മുമ്പ് 50000ത്തിലധികം വോട്ട് നേടി തൃണമൂല്‍ അംഗം ജയിച്ച മണ്ഡലത്തിലാണ് കോണ്‍ഗ്രസ് വെന്നിക്കൊടി നാട്ടിയിരിക്കുന്നത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ കോണ്‍ഗ്രസ് പ്രതിനിധി എത്തുന്നു. ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബൈറണ്‍ ബിശ്വാസ്. ഇതുവരെ സഭയില്‍ കോണ്‍ഗ്രസിന് അംഗങ്ങളില്ല. സിപിഎം പിന്തുണയോടെയാണ് ബിശ്വാസ് മുര്‍ഷിദാബാദിലെ സാഗര്‍ദിഘി മണ്ഡലത്തില്‍ മല്‍സരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 2011 മുതല്‍ കൈവശം വെക്കുന്ന സീറ്റാണിത്. കൂറ്റന്‍ ലീഡ് നേടിയാണ് തൃണമൂല്‍ നേതാക്കള്‍ ഇവിടെ ജയിച്ചിരുന്നത്.
മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണ് സാഗര്‍ദിഘി. തൃണമൂല്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം കിട്ടുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് 22000ത്തിലധികം വോട്ട് നേടി വിജയിച്ചത് എങ്ങനെ എന്നാണ് ബംഗാളിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ച. മുസ്ലിം വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നിന്നതാണ് വിജയത്തിന് സഹായിച്ചതെന്ന് പാര്‍ട്ടി സമ്മതിക്കുന്നു. മുസ്ലിങ്ങളെ എക്കാലത്തും വഞ്ചിക്കാന്‍ സാധിക്കില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി എംപി പ്രതികരിച്ചു.
ബൈറണ്‍ ബിശ്വാസും തൃണമൂലിന്റെ ദേബാഷിഷ് ബാനര്‍ജിയും തമ്മിലായിരുന്നു പ്രധാന മല്‍സരം. 73 ശതമാനമയിരുന്നു ഇത്തവണത്തെ പോളിങ്. ഇന്ന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ മാറ്റത്തിന്റെ കാറ്റ് അടിച്ചുതുടങ്ങിയിരുന്നു. തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്നേറ്റം തുടങ്ങി. ഉച്ചയോടെ കൃത്യമായ ചിത്രം വന്നു. തൃണമൂലിന്റെ കോട്ടയില്‍ കോണ്‍ഗ്രസ് വെന്നിക്കൊടി നാട്ടിയിരിക്കുന്നു.
2021ല്‍ ഇവിടെ ജയിച്ച തൃണമൂല്‍ സ്ഥാനാര്‍ഥിക്ക് 50 ശതമാനത്തിലധികം വോട്ട് ലഭിച്ചിരുന്നു. അന്ന് ബിജെപിക്ക് 24 ശതമാനവും കോണ്‍ഗ്രസ്-സിപിഎം സഖ്യസ്ഥാനാര്‍ഥിക്ക് 19 ശതമാനം വോട്ടും കിട്ടി. രണ്ടു വര്‍ഷം തികയാനിരിക്കെ തൃണമൂല്‍ എംഎല്‍എ മരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് അട്ടിമറി ജയം നേടിയിരിക്കുന്നത്.
''കോണ്‍ഗ്രസിനെ പലതവണ ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ പോലീസിന്റെ സഹായത്തോടെ പീഡിപ്പിച്ചായിരുന്നു ഈ ജയങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസ് പരാജയപ്പെടില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇക്കാര്യം സത്യമായി പുലര്‍ന്നിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് മുസ്ലിങ്ങളെ വഞ്ചിച്ചു. ബിജെപിയുടെ ഏജന്റായിട്ടാണ് തൃണമൂല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബംഗാളിലെ എല്ലാ മുസ്ലിങ്ങള്‍ക്കും അറിയാം. ഒരിക്കല്‍ മാത്രമേ മുസ്ലിങ്ങളെ വഞ്ചിക്കാനാകൂ. എല്ലാ കാലത്തും വഞ്ചിക്കാനാകില്ലെന്നും'' കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.












Click it and Unblock the Notifications