സ്കൂളുകളെ കൈപിടിച്ചുയർത്താൻ കേന്ദ്രസർക്കാർ, എന്താണ് പിഎം ശ്രീ പദ്ധതി? മാറ്റങ്ങൾ എന്തെല്ലാം? അറിയാം...
ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളുടെ നവികരണത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രീ പദ്ധതി. 14000 സ്കൂളുകൾ നവികരിക്കാനും സ്ഥാപിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് പദ്ധതിക്ക് അനുമതി നൽകിയത്. കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും പദ്ധതിയിൽ ഉൾപ്പെടും.
പദ്ധതിയുടെ ചെലവ്
27,360 കോടി രൂപയാണ് പദ്ധതിയുടെ ചിലവായി പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 5 ന് അധ്യാപക ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ നവീകരണത്തിന് പദ്ധതി വഴി തുറക്കും. 18,128 കോടി രൂപയാണ് പദ്ധതിയുടെ കേന്ദ്ര വിഹിതം.

ഒരോ സ്കൂളിൻ്റേയും വികസനത്തിന് വേണ്ടിവരുന്ന തുകയിൽ അറുപത് ശതമാനം കേന്ദ്രവും ബാക്കി തുക സംസ്ഥാന സർക്കാരുകളും വഹിക്കണം. പദ്ധതി നടപ്പിലാകുന്നതിലൂടെ രാജ്യത്താകെ 187 ലക്ഷം വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
പിഎം ശ്രീയിൽ എന്തെല്ലാം
സോളാർ പാനലുകൾ, എൽഇഡി ബൾബുകൾ, പ്രകൃതിദത്ത കൃഷിയോടുകൂടിയ ഉദ്യാനങ്ങൾ ,മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് രഹിത ചുറ്റുപാടുകൾ, ജലസംരക്ഷണം, എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര ജീവിതശൈലി, കാലവസ്ഥ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള പഠനവും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്താനാണ് തീരുമാനം.
സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനങ്ങൾ,3ഡി ലാബുകൾ, സംരംഭകരെ കണ്ടെത്തുന്നതിനായുള്ള പരിശീലനങ്ങളും മാതൃക വിദ്യാലയങ്ങൾ വഴി നടപ്പാക്കും. സ്‌കൂളുകളുടെയും വിദ്യാർഥികളുടെയും പ്രവർത്തനങ്ങൾ പ്രത്യേക പോർട്ടൽ വഴി ട്രാക്ക് ചെയ്യും. ആധുനികവും സമഗ്രവുമായ വിദ്യാഭ്യാസ രീതിയാകും ഇത്തരം സ്‌കൂളുകളിൽ ആവിഷ്‌കരിക്കുകയെന്നതുമാണ് ലക്ഷ്യം.
പദ്ധതി നടപ്പാക്കുന്നത് എങ്ങനെ
മോശമില്ലാത്ത കെട്ടിടം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റുകൾ, കുടിവെള്ളം, വൈദ്യുതി എന്നിവയുള്ള സ്‌കൂളുകൾക്ക് പദ്ധതിക്ക് അപേക്ഷിക്കാം.സർക്കാർ നിശ്ചിയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും സ്കൂകുളുകൾ തെരഞ്ഞെടുക്കുന്നത്. ഒരു ബ്ലോക്കിന് അല്ലെങ്കിൽ നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് പരമാവധി രണ്ട് സ്കൂളുകൾ വീതം തിരഞ്ഞെടുക്കും. ഇതിനായി വിലയിരുത്തൽ യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം .
പദ്ധതിയിലൂടെ മികച്ച ജോലി ഉൾപ്പടെ സ്വന്തമാക്കി ഭാവി സുരക്ഷിതമാക്കാൻ വിദ്യാർഥികൾക്ക് സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പദ്ധതി വഴി നടത്തനാവുമെന്ന് സർക്കാർ വിലയിരുത്തുന്നു.
പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...












Click it and Unblock the Notifications