പൊതുസ്ഥാനാര്‍ത്ഥിയോ പൊതുമിനിമം പരിപാടിയോ? എല്ലാ കണ്ണുകളും പാട്‌നയിലേക്ക്
പാട്‌ന: പ്രതിപക്ഷത്തിന്റെ സംയുക്ത യോഗത്തിനായി ഒരുങ്ങി പാട്‌ന. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ഒന്നിച്ച് നിന്ന് പോരാടുക എന്നതാണ് ഇന്നത്തെ യോഗത്തിന്റെ അജണ്ട. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് ബീഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരുന്നത്. 15 ലധികം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.
400 ലധികം സീറ്റുകളില്‍ ബി ജെ പിക്കെതിരെ പൊതുസ്ഥാനാര്‍ത്ഥി ഉണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതോടൊപ്പം തിരഞ്ഞെടുപ്പിനായി പൊതു മിനിമം പരിപാടിക്ക് പ്രതിപക്ഷം രൂപം കൊടുത്തേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കില്ല എന്നാണ് വിവരം. അതേസമയം പൊതുസ്ഥാനാര്‍ത്ഥി എന്ന നിലയിലേക്ക് പ്രതിപക്ഷ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കും.

ആകെയുള്ള 543 സീറ്റുകളില്‍ കുറഞ്ഞത് 400 സീറ്റിലെങ്കിലും പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്നാണ് പൊതുവായ വികാരം എന്നാണ് ജെ ഡി യു മുഖ്യ വക്താവ് കെ സി ത്യാഗി പറയുന്നത്. അതേസമയം രണ്ട് കക്ഷികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ എങ്ങനെ സമവായം കൊണ്ടുവരാന്‍ സാധിക്കും എന്നതാണ് പ്രധാന കടമ്പ. അടുത്ത യോഗം എന്ന് ചേരണം, എന്തായിരിക്കണം സംയുക്ത പ്രതിപക്ഷത്തിന്റെ പേര് എന്നിവ സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ ധാരണയായേക്കും.
യോഗത്തിനായി നിരവധി നേതാക്കള്‍ ഇതിനോടകം പാട്‌നയില്‍ എത്തിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ പാട്നയില്‍ എത്തി. സി പി ഐ എം എല്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചാര്യ, പി ഡി പി മേധാവി മെഹബൂബ മുഫ്തി എന്നിവരും ഇന്നലെ തന്നെ എത്തിയിട്ടുണ്ട്.
ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ എന്നിവര്‍ ഇന്നാണ് എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരും യോഗത്തില്‍ പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ആരോഗ്യനില മോശമായിട്ടും സംയുക്ത പ്രതിപക്ഷത്തിന്റെ ചര്‍ച്ചകൡ ഭാഗമാകുന്നുണ്ട്. മമതയും സ്റ്റാലിനും വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ആദ്യം കാണാന്‍ പോയത് ലാലുപ്രസാദ് യാദവിനെ ആണ്.
അതേസമയം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് (ബിജെഡി), തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു (ബിആര്‍എസ്), യുപി മുന്‍ മുഖ്യമന്ത്രി മായാവതി (ബിഎസ്പി), ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി (വൈഎസ്ആര്‍സിപി), സുഖ്ബീര്‍ സിംഗ് ബാദല്‍ (എസ്എഡി), കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി (ജെഡിഎസ്) എന്നിവരുടെ അസാന്നിധ്യം ഇന്നത്തെ യോഗത്തില്‍ ശ്രദ്ധേയമാകും.












Click it and Unblock the Notifications