ഇനി എന്താണ് നിങ്ങളുടെ റോള്‍? രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ...
ഹൈദരാബാദ്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി കര്‍ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തുമ്പോള്‍ നിര്‍ണായകമായ ചോദ്യം രാഹുല്‍ ഗാന്ധിയോടാണ്. പാര്‍ട്ടിയുടെ പരമോന്നത നേതാവ് എന്ന പദവിയിലേക്ക് പ്രസിഡന്റിനും മുകളില്‍ രാഹുലും സോണിയ ഗാന്ധിയും ഉള്‍പ്പെടുന്ന നെഹ്രു കുടുംബമുണ്ടാകുമെന്ന പ്രചാരണം ശക്തമാണ്. ഈ വേളയിലാണ്, ഇനി എന്താണ് നിങ്ങളുടെ റോള്‍ എന്ന ചോദ്യം.
വളരെ വിനീതനായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. പ്രസിഡന്റിനാണ് ഇനി റോള്‍ എന്ന് അദ്ദേഹം പറയുന്നു. എന്റെ റോള്‍ എന്താണ് എന്ന് പ്രസിഡന്റ് ഖാര്‍ഗെയാണ് തീരുമാനിക്കുക എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പിന്‍സീറ്റ് ഡ്രൈവിങിന് താനുണ്ടാകില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവവും വ്യക്തമായ സൂചന നല്‍കിയിരുന്നു...

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ചുമതലയേറ്റിരുന്നു. തിരഞ്ഞെടുപ്പില്‍ ദയനീയമായി തോല്‍ക്കുകയും മറ്റു നേതാക്കളുടെ പിന്തുണ വേണ്ടത്ര ലഭിച്ചില്ലെന്ന് ആരോപണം ഉയരുകയും ചെയ്തതോടെ രാഹുല്‍ പദവി ഒഴിഞ്ഞു. അനുനയിപ്പിച്ചാല്‍ അദ്ദേഹം തിരിച്ചെത്തുമെന്നാണ് ആദ്യം കരുതിയതെങ്കിലും തന്റെ തീരുമാനത്തില്‍ രാഹുല്‍ ഉറച്ചുനിന്നു.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷന്‍ വരട്ടെ എന്ന രാഹുലിന്റെ തീരുമാനമാണ് തിരഞ്ഞെടുപ്പിലേക്കും ഖാര്‍ഗെയിലേക്കും എത്തിയത്. അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായി എന്നത് ചരിത്രപരമായ തീരുമാനം തന്നെയാണ്. ഖാര്‍ഗെയുടെ എതിരാളിയായി ശശി തരൂര്‍ എത്തിയതോടെ മല്‍സരം ചൂടുപിടിച്ചു. പക്ഷേ, പ്രതീക്ഷിച്ച പോലെ ഖാര്‍ഗെ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചു.

ഇനി തരൂരിന്റെ അടുത്ത നീക്കമെന്താകുമെന്ന് അറിയാന്‍ കാത്തിരിക്കണം. പാര്‍ട്ടിക്ക് അകത്തെ പോരാട്ടമായി, പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത് എന്നാണ് ശശി തരൂര്‍ നേരത്തെ പറഞ്ഞത്. അദ്ദേഹം ബിജെപി പക്ഷത്തേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവരുമുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തരൂരിന് 1072 വോട്ട് കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി തീരുന്നതിന് മുമ്പാണ് രാഹുല്‍ ഗാന്ധിയോട് ആന്ധ്രയില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്, ഇനി എന്താണ് താങ്കളുടെ റോള്‍ എന്ന്. ഖാര്‍ഗെ ജിയോട് ചോദിക്കൂ എന്നാണ് രാഹുല്‍ പ്രതികരിച്ചത്. ഫലം ഏതാണ്ട് ഉറപ്പായ പശ്ചാത്തലത്തിലാണ് ഖാര്‍ഗെയുടെ പേര് രാഹുല്‍ എടുത്തുപറഞ്ഞത്.

പാര്‍ട്ടിയുടെ പരമോന്നത അതോറിറ്റി കോണ്‍ഗ്രസ് അധ്യക്ഷനാണ് എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തന്റെ റോള്‍ ഇനി പ്രസിഡന്റ് തീരുമാനിക്കും. എല്ലാ പ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യേണ്ടത് പ്രസിഡന്റിനാണ്. ഈ ചോദ്യം നിങ്ങള്‍ ഖാര്‍ഗെയോട് ചോദിക്കണം. ഖാര്‍ഗെയും സോണിയ ഗാന്ധിയുമാണ് തന്റെ റോള്‍ നിശ്ചയിക്കുക എന്നും രാഹുല്‍ വിശദീകരിച്ചു.

ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് രാഹുല്‍ ഗാന്ധിയാണ്. തമിഴ്‌നാട്ടില്‍ നിന്ന് തുടങ്ങിയ യാത്ര കേരളവും കര്‍ണാടകയും കടന്ന് ആന്ധ്രയിലെത്തിയിരിക്കുകയാണ്. ഈ വേളയിലാണ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വന്നിരിക്കുന്നത്. ഇനി യാത്രയുടെ നായകത്വം ഖാര്‍ഗെ ഏറ്റെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

എല്ലാവര്‍ക്കും കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് ചോദിക്കാനുള്ളത്. കോണ്‍ഗ്രസ് സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. മറ്റു പാര്‍ട്ടികളില്‍ ഇത്തരം തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ആര്‍ക്കും താല്‍പ്പര്യമില്ലാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. തൊഴിലാളി നേതാവായിരുന്ന ഖാര്‍ഗെ ദേശീയ അധ്യക്ഷനായതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പ്രമുഖ ദളിത് നേതാവ് കൂടിയാണ് ഇദ്ദേഹം.












Click it and Unblock the Notifications