ഓടിവന്ന് മുഖ്യമന്ത്രിയാവാന്‍ പറ്റുമോ? അത്ഭുതം സംഭവിക്കണം; പനീര്‍ശെല്‍വം എന്താ ഡിങ്കനോ...

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്രയില്‍ പ്രധാന തടസമായിരുന്ന അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല അഴിയെണ്ണുമെങ്കിലും പനീര്‍ശെല്‍വത്തിന്റെ മുന്നില്‍ വഴി വ്യക്തമായി തെളിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെന്ന മോഹം സഫലീകരിക്കാന്‍ അദ്ദേഹം ഇനി അടവുകള്‍ പലതും പയറ്റേണ്ടി വരും.

ശശികല മാത്രമേ കളം വിടുന്നുള്ളൂ. എന്നാല്‍ അവര്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്ത ശേഷമാണ് ജയിലിലേക്കുള്ള വഴി അന്വേഷിക്കുന്നത്. ഈ ഘട്ടത്തില്‍ പനീര്‍ശെല്‍വം എന്ത് നീക്കങ്ങള്‍ നടത്തുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം

ശശികല കളംവിട്ട സാഹചര്യത്തില്‍ ഗവര്‍ണര്‍ പാര്‍ട്ടി നേതൃത്വത്തോട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടും. സ്വാഭാവികമായും പാര്‍ട്ടി നിയമസഭാ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട പളനിസ്വാമിയായിരിക്കും മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കുക.

പനീര്‍ശെല്‍വം ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്ത്

ശശികല വിധി വന്ന ശേഷം നടത്തിയ എംഎല്‍എമാരുടെ യോഗത്തില്‍ പളനിസ്വാമിയെ നേതാവാക്കി പ്രഖ്യാപിച്ച ഉടനെ ചെയ്തത് പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടിയുടെ നേതാവായി സഭയിലെത്താന്‍ സാധിക്കില്ല. അല്ലെങ്കില്‍ അണ്ണാഡിഎംകെ എംഎല്‍എമാര്‍ ഭൂരിപക്ഷവും തന്നോടൊപ്പമാണെന്ന് അദ്ദേഹം രേഖാമൂലം ഗവര്‍ണറെ അറിയിക്കണം.

പനീര്‍ശെല്‍വത്തെ ഗവര്‍ണര്‍ വിളിച്ചേക്കാം

മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവച്ചത് ശശികലയുടെ നിര്‍ബന്ധം മൂലമാണെന്നും സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് പനീര്‍ശെല്‍വം പിന്നീട് പ്രഖ്യാപിച്ചത്. ഇക്കാര്യം അദ്ദേഹം ഗവര്‍ണറെ കണ്ട് ബോധിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ചിലപ്പോള്‍ അദ്ദേഹത്തെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഉടന്‍ വിളിച്ചേക്കാം.

11 എംഎല്‍എമാരെ കൊണ്ട് എന്തുചെയ്യാന്‍

നിലവില്‍ 11 എംഎല്‍എമാര്‍ മാത്രമാണ് പനീര്‍ശെല്‍വത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. സഭയില്‍ ഭൂരിപക്ഷം കിട്ടണമെങ്കില്‍ 118 പേരുടെ പിന്തുണ വേണം. ഇത് എങ്ങനെ ഒപ്പിച്ചെടുക്കുമെന്നതാണ് ചോദ്യം.

കൂടുതല്‍ പേരെ കാത്തിരിക്കുന്നു

ശശികല ജയിലിലേക്ക് പോവുന്ന സാഹചര്യത്തില്‍ പനീര്‍ശെല്‍വം ക്യാംപിലേക്ക് കൂടുതല്‍ എംഎല്‍എമാര്‍ എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. മാത്രമല്ല, കരുണാനിധിയുടെ ഡിഎംകെ പിന്തുണയ്ക്കുമെന്നും അവര്‍ കരുതുന്നു.

രാഷ്ട്രപതി ഭരണം വരുമോ?

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് നാലര വര്‍ഷത്തോളമുണ്ട്. ഒന്നുകില്‍ പനീര്‍ശെല്‍വം സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രിയാവണം. അല്ലെങ്കില്‍ അണ്ണാഡിഎംകെ നിര്‍ദേശിച്ച പളനിസ്വാമി ഭൂരിപക്ഷം തെളിയിക്കണം. ഇതുരണ്ടും സംഭവിച്ചിട്ടില്ലെങ്കില്‍ ചിലപ്പോള്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അസ്ഥിരതയുണ്ടാവുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയുമാവും ഫലം.

ശരവണന്‍ എംഎല്‍എയുടെ നാവ് പൊന്നാവട്ടെ!!

ശശികലയോട് യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പനീര്‍ശെല്‍വത്തോടൊപ്പം ചില എംഎല്‍എമാര്‍ വന്നിട്ടുണ്ട്. അവരുടെ എണ്ണം ഇപ്പോള്‍ 11 ആയി. ശശികല ജയിലിലേക്ക് പോവുമ്പോള്‍ കൂടുതല്‍ പേര്‍ വരുമെന്നാണ് പ്രതീക്ഷ. ശശികലക്കെതിരായ വിധി വരുന്നതിന് തൊട്ടുമുമ്പ് പനീര്‍ശെല്‍വം ക്യാംപിലെത്തിയ ശരവണന്‍ എംഎല്‍എ പറയുന്നത് കൂടുതല്‍ പേര്‍ ഉടന്‍ പനീര്‍ശെല്‍വത്തോടൊപ്പം ചേരുമെന്നാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാവും.

മനസ്സാക്ഷി വോട്ടെടുപ്പ്

വിഷയം രമ്യമായി പരിഹരിക്കാന്‍ ഗവര്‍ണര്‍ക്ക് മനസാക്ഷി വോട്ടെടുപ്പ് എന്ന മാര്‍ഗം സ്വീകരിക്കാം. സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ക്ക് സാധിക്കും. അതിനോട് കേന്ദ്രം ഭരിക്കുന്ന ബിജെപിയും യോജിക്കാനാണ് സാധ്യത. തമിഴ്‌നാട്ടില്‍ ശശികലയോ അവരുടെ ആളുകളോ മുഖ്യമന്ത്രിയാവുന്നതിനോട് ബിജെപിക്ക് അത്ര താല്‍പര്യമില്ല.

എന്താണ് മനസാക്ഷി വോട്ടെടുപ്പ്

എംഎല്‍എമാര്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാവുമ്പോഴാണ് മനസാക്ഷി വോട്ടെടുപ്പ് നടത്തുക. അതിന് സുപ്രിംകോടതി ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വോട്ടെടുപ്പാണ് സഭയില്‍ നടക്കുന്നതെങ്കില്‍ ആരാണ് ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് കണ്ടെത്താനാവില്ല. കൂറുമാറ്റ നിരോധന നിയമവും തടസം നില്‍ക്കില്ല.

ഡിഎംകെ കാല് വാരുമോ

മുഖ്യ പ്രതിപക്ഷമാണ് ഇത്തരം സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും മുതലെടുക്കാറ്. എന്നാല്‍ തമിഴ്‌നാട്ടില്‍ പ്രതിപക്ഷമായ ഡിഎംകെക്ക് ഇങ്ങനെ ഒരു ഉദ്ദേശം ഉള്ളതായി ഇതുവരെ വിവരമില്ല. പിന്‍വാതിലൂടെ അധികാരം പിടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഡിഎംകെയ്ക്കും വേണമെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കാം. പക്ഷേ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ അതിന് അവര്‍ മുതിരൂ.

English summary
More MLAs shift to the OPS camp, but may not be sufficient to prove majority in the Assembly. In such a case, the rump of the Sasikala faction also doesn’t get a chance to form a government. OPS waits for a few more days. Governor doesn’t show any urgency, and he finally manages a simple majority. Even after a reasonable time, either of the factions doesn't get a majority and DMK’s MK Stalin comes up with his claim with the support of the Congress. The Governor may or may not entertain him because numbers are still not enough.
Please Wait while comments are loading...