ഒമിക്രോണിന്റെ പുതിയ വകഭേദം ബി എ.2.75 ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും, ഇത് നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു.
ബിഎ.2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയില്‍ ആണെന്നും പിന്നീട് 10 രാജ്യങ്ങളില്‍ കൂടി ഈ ഉപവകഭേദം കണ്ടെത്തുക ആയിരുന്നു എന്നും ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. ഈ ഉപവകഭേദത്തിന് സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായാണ് മനസ്സിലാകുന്നത്. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനങ്ങള്‍ നടക്കുകയാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ്-റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
ജൂണ്‍ 27 - ജൂലൈ 3 വരെയുള്ള കാലയളവില്‍ ലോകവ്യാപകമായി 4.6 മില്യണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജൂലൈ 3 വരെ ആകെ 546 ദശലക്ഷം പേര്‍ക്ക് കോവിഡ് പിടിപെട്ടു. 63 ലക്ഷം പേര്‍ മരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മഹാമാരിയുടെ ഭീതി ഒഴിഞ്ഞുവെന്ന് പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന ഇന്‍സിഡന്റ് മാനേജര്‍ അബ്ദി മെഹ്മൂദ് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അബ്ദി മെഹ്മൂദ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications