ആരാണ് ശാന്തനു നായിഡു: ഒരു കത്തില്‍ നിന്ന് തുടങ്ങി രത്തന്‍ ടാറ്റയുടെ സന്തത സഹചാരിയിലേക്ക്
അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയുടെ മൃതദേഹം മുംബൈ നരിമാൻ പോയിൻ്റിലെ എൻ സി പി എ ലോണ്‍സിലേക്ക് എത്തിക്കുമ്പോള്‍ നിരവധി പൊലീസ് വാഹനങ്ങള്‍ക്ക് ഇടയിലായി, ആംബുലന്‍സിന് അകമ്പടി സേവിച്ച് ബൈക്ക് ഓടിച്ച ഒരു ചെറുപ്പക്കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ആരാണ് ആംബുലന്‍സിന് മുന്നില്‍ ബൈക്ക് ഓടിച്ചതെന്ന് പലരും ചോദിക്കുന്നത്. അതാണ് ശാന്തനു നായിഡു, രത്തന്‍ ടാറ്റയുടെ മുപ്പതുകാരനായ സന്തത സഹചാരി.
വലിയൊരു മൃഗസ്നേഹി ആയിരുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ. ശാന്തനു നായിഡുവും അങ്ങനെ തന്നെ. ആ ബന്ധമാണ് ശാന്തനുവിനെ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ പ്രമുഖന്റെ അടുപ്പകാരനാക്കിയതും. രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ നായിഡു ലിങ്കിഡ് ഇന്നില്‍ പങ്കുവെച്ച ഹൃദയ നിർഭരമായ കുറിപ്പും ഏറെ ശ്രദ്ധേയമാണ്. "ഈ സുഹൃദം ഇപ്പോൾ എന്നിൽ അവശേഷിപ്പിച്ചിരിക്കുന്നത് വലിയൊരു വിടവാണ്. അത് നികത്താൻ ഈ ജീവിതകാലം മുഴുവൻ ഞാൻ പരിശ്രമിക്കും. സ്നേഹത്തിന് കൊടുക്കേണ്ട വിലയാണ് ദുഃഖം. എന്റെ വിളക്കുമരത്തിന് വിട" ശാന്തനു നായിഡു കുറിച്ചു.

ടാറ്റ ഗ്രൂപ്പില്‍ ഓട്ടോമൊബൈൽ ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്ത് വരുമ്പോഴാണ് തെരുവ് നായ്ക്കള്‍ രാത്രിയില്‍ വാഹനം ഇടിച്ച് അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ നായ്ക്കള്‍ക്ക് റിഫ്ലക്റ്റീവ് കോളർ ഘടിപ്പിക്കാനായി 'മോട്ടോപാവ്സ്' എന്ന പേരിൽ നായിഡു ഒരു ചെറിയ ബിസിനസ്സ് സംരംഭം ആരംഭിച്ചത്. 2014 ലാണ് തന്റെ സംരഭത്തിന് സഹായം അഭ്യർത്ഥിച്ച് ശാന്തനു നായിഡു രത്തന്‍ ടാറ്റയ്ക്ക് കത്ത് എഴുതുന്നത്.
രണ്ട് മാസമായിട്ടും കത്തിന് മറുപടിയൊന്നും ലഭിക്കാതായതോട് തന്റെ സഹായ അഭ്യർത്ഥന നിരസിക്കപ്പെട്ടെന്നാണ് ശാന്തനും കരുതിയത്. എന്നാല്‍ പെട്ടെന്ന് ഒരു ദിവസമുണ്ട് ശാന്തനുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് രത്തന്‍ ടാറ്റയുടെ മറുപടി ലഭിക്കുന്നു. ഇതോടൊപ്പം തന്നെ ശാന്തനുവിനെ മുംബൈയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഈ ബന്ധമാണ് രത്തന്‍ ടാറ്റയേയും ശാന്തനുവിനേയും അടുപ്പിക്കുന്നത്. പിന്നീട് തന്റെ ജനറല്‍ മാനേജരായി ശാന്തനുവിനെ നിയമിച്ച രത്തന്‍ ടാറ്റ തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള ശാന്തനുവിന്റെ പദ്ധതിയില്‍ നിക്ഷേപിക്കുകയും ചെയ്തു. ഗുഡ്‌ഫെലോസ് എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂട്ട് വാഗ്ദാനം ചെയ്യുന്ന ശാന്തനുവിന്റെ മറ്റൊരു സ്റ്റാർട്ടപ്പ് പദ്ധതിയും ടാറ്റ നിക്ഷേപം ഇറക്കിയിട്ടുണ്ട്. ശാന്തനുവിന്റെ കമ്പനികള്‍ക്ക് 5 കോടിയുടെ മൂല്യം ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്.
2022 ല്‍ മുതലാണ് ടാറ്റയുടെ സന്തത സഹചാരിയായി ശാന്തനു മാറുന്നത്. രത്തന്‍ ടാറ്റയുടെ 84ാം ജന്മദിനം ആഘോഷിക്കുമ്പോഴെടുത്ത വീഡിയോയിലൂടെ ശാന്തനു പുറംലോകത്ത് കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. ടാറ്റയുടെ വളർത്തുമകനാണോ അത് എന്ന തരത്തില്‍ വരെ അന്ന് ചർച്ചകളുണ്ടായിരുന്നു. പുനൈക്കാരനായ ശാന്തനു ഉന്നത വിദ്യാഭ്യാസമുള്ള വ്യക്തി കൂടിയാണ്. പുനെയിലെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ കോര്‍ണല്‍ ജോണ്‍സണന്‍ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്നും എം ബി എയും കരസ്ഥമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications